- Malayalam Daily News - https://www.malayalamdailynews.com -

കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: ചൗബപൂര്‍ പോലീസ് സ്റ്റേഷനിലെ 68 പൊലീസുകാരെ സ്ഥലം മാറ്റി; വികാസ് ദുബെയുടെ മൂന്നാമത്തെ കൂട്ടാളിയും കൊല്ലപ്പെട്ടു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ ബിക്കേരു ഗ്രാമത്തില്‍ കൊടും കുറ്റവാളി വികാസ് ദുബെയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് പോലീസുകാര്‍ മരിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യപ്പെട്ട 68 പൊലീസുകാരെയും ചൊവ്വാഴ്ച രാത്രി സ്ഥലം മാറ്റി.

ഇതിനുപുറമെ കാണ്‍പൂരിലെ എസ്എസ്പിയായിരുന്ന ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അനന്ത് ദേവ് തിവാരിയെയും സ്ഥലംമാറ്റി. അതേസമയം, ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ബുധനാഴ്ച നടത്തിയ ഏറ്റുമുട്ടലില്‍ വികാസ് ദുബെയുടെ അടുത്ത സഹായി അമര്‍ ദുബെയെ കൊലപ്പെടുത്തി.

പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വികാസിന്‍റെ സംഘത്തിലെ മൂന്നാമത്തെ വ്യക്തിയാണ് അമര്‍ ദുബെ. അമര്‍ ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹാമിര്‍പൂര്‍ ജില്ലയിലെ മൗധ പോലീസ് സ്റ്റേഷന്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് വികാസ് ദുബെയുടെ വലംകൈയായി കരുതുന്ന അമര്‍ ദുബെ കൊല്ലപ്പെട്ടതെന്ന് എസ്ടിഎഫ് ഐ ജി അമിതാഭ് യാഷ് പറഞ്ഞു.

വികാസ് ദുബെയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച പോലീസുകാര്‍ ബില്‍ഹൗറിലെ ഡെപ്യൂട്ടി എസ്പി ദേവേന്ദ്ര മിശ്ര (54), എസ്എച്ച്ഒ, ശിവരാജ്പൂര്‍ മഹേഷ് കുമാര്‍ യാദവ് (42), സബ് ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ സിംഗ് (32), സബ് ഇന്‍സ്പെക്ടര്‍ നെബു ലാല്‍ (48), കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര പാല്‍ (26), സുല്‍ത്താന്‍ സിംഗ് (34), ബാബ്ലു കുമാര്‍ (23), രാഹുല്‍ കുമാര്‍ (24) എന്നിവരാണ്.

കൊടുംകുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ വികാസ് ദുബെയുടെ പേരില്‍ 60 ഓളം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് പോലീസ് രണ്ടര ലക്ഷം രൂപയാണ് ഇയാള്‍ക്കുവേണ്ടി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.

ചൗബപൂര്‍ പോലീസ് സ്റ്റേഷനിലെ ചീഫ് വിനയ് തിവാരിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ, വികാസ് ദുബെയും ഗുണ്ടാസംഘത്തേയും രക്ഷിച്ചതില്‍ മറ്റ് പോലീസുകാരും പങ്കുണ്ടെന്നാരോപിച്ച് സ്റ്റേഷനിലുണ്ടായിരുന്ന 68 പൊലീസുകാരെയും സ്ഥലം മാറ്റിയിട്ടുണ്ടെന്നും, അവര്‍ക്കെതിരെ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനിടെ പോലീസ് സ്റ്റേഷനില്‍ പോസ്റ്റ് ചെയ്ത നിരവധി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍മാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, കോണ്‍സ്റ്റബിള്‍ എന്നിവര്‍ വികാസ് ദുബെയെ വിവരങ്ങള്‍ അപ്പഴപ്പോള്‍ അറിയിക്കുന്നതായി കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജൂലൈ 4 നാണ് പോലീസ് സ്റ്റേഷന്‍ ചീഫ് വിനയ് തിവാരിയെ സസ്പെന്‍ഡ് ചെയ്തത്.

ജൂലൈ 5 ന് വികാസ് ദുബെയുടെ പങ്കാളിയായ ദയാശങ്കര്‍ അഗ്നിഹോത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് റെയ്ഡിന് മുമ്പ് വികാസ് ദുബെയ്ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

അതേസമയം, എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ദുബെയുടെ ബന്ധു ക്ഷാമ, അയല്‍വാസിയായ സുരേഷ് വര്‍മ്മ, വീട്ടുജോലിക്കാരി രേഖ എന്നിവരാണ് അറസ്റ്റിലായത്. രേഖയുടെ ഭര്‍ത്താവ് ദയാശങ്കര്‍ അഗ്നിഹോത്രിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഡപ്യൂട്ടി എസ്പി ദേവേന്ദ്ര മിശ്രയ്ക്ക് ദുബെയുമായുള്ള ബന്ധം സംബന്ധിച്ച് പരാതി നല്‍കിയത് അവഗണിച്ചുവെന്നും, അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെന്നും ആരോപിച്ച് എസ്ടിഎഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലും കാണ്‍പൂരിലെ മുന്‍ സീനിയര്‍ പോലീസ് സൂപ്രണ്ടുമായ അനന്ത് ദേവ് ജൂലൈ 7 ന് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ദേവേന്ദ്ര മിശ്രയെ മൊറാദാബാദിലേക്ക് മാറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]