Flash News

വിദേശ വിദ്യാര്‍ത്ഥികളുടെ വിസ: ഹാര്‍വാര്‍ഡ് സര്‍വകലാശാലയും എംഐടിയും ട്രംപിനെതിരെ കേസെടുത്തു

July 8, 2020 , ആന്‍സി

വിദേശ വിദ്യാര്‍ത്ഥികള്‍ അവരുടെ ക്ലാസുകള്‍ ഓണ്‍‌ലൈനില്‍ പഠിച്ചാല്‍ യുഎസില്‍ തുടരുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പ്രശസ്തമായ ഹാര്‍‌വാര്‍ഡ് സര്‍വകലാശാലയും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (എംഐടി) ഫെഡറല്‍ കോടതിയില്‍ ബുധനാഴ്ച കേസ് ഫയല്‍ ചെയ്തു. വിദേശ വിദ്യാര്‍ത്ഥികളെ യുഎസില്‍ തുടരാന്‍ അനുവദിക്കുകയില്ലെന്നും, അവരെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ ഈ ഉത്തരവ് ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് ഇരു സര്‍‌വ്വകലാശാലകളും പ്രസ്താവിച്ചു. 2017 ലും 2018 ലും ചൈനയ്ക്ക് ശേഷം (478,732) ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ (251,290) യുഎസിലേക്ക് അയച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ച ശേഷം വിദേശത്തും അമേരിക്കയിലും നിരവധി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പുറപ്പെടുവിച്ച നയം പൊതുജനങ്ങള്‍ക്ക് നോട്ടീസും ഈ പുതിയ നിയമത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവസരവും നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു.

ഹാര്‍വാര്‍ഡ്, എംഐടി എന്നിവരുടെ ഹര്‍ജിയില്‍, ജൂലൈ 6 ലെ നിര്‍ദ്ദേശം നടപ്പാക്കുന്നത് നിരോധിക്കണമെന്ന താല്‍ക്കാലിക നിയന്ത്രണ ഉത്തരവും ആവശ്യപ്പെടുന്നു. ജൂലൈ 6 ന്, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനം സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടില്ലെങ്കിലും, മാര്‍ച്ച് 13 ലെ മാര്‍ഗ്ഗനിര്‍ദ്ദേശം ഐസിഇ റദ്ദാക്കുകയും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ താമസിക്കാനോ രാജ്യത്തേക്ക് പ്രവേശിക്കാനോ കഴിയില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു.

ട്രംപ് ഭരണകൂടത്തിന്‍റെ നയമാറ്റത്തെക്കുറിച്ച് നിരവധി കോണ്‍ഗ്രസുകാരും ഉന്നത അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അപലപിച്ചു. ട്രം‌പ് ഭരണകൂടം ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് എഫ്1 വിസയുള്ള അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വ്യക്തിഗത കോഴ്സെങ്കിലും എടുക്കണം. അല്ലെങ്കില്‍ നാടുകടത്താനുള്ള സാധ്യത നേരിടേണ്ടിവരും.

പുതിയ നയം സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നും, യുഎസ് സ്ഥാപനങ്ങള്‍ക്ക് ദോഷം വരുത്തുമെന്നും, അമേരിക്കയുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ ഇതൊന്നും പര്യാപ്തമല്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ കോൺഗ്രസ്മാന്‍ ബെന്നി തോംസണും, അതിർത്തി സുരക്ഷ, ഫെസിലിറ്റേഷൻ, ഓപ്പറേഷൻസ് സബ്കമ്മിറ്റി ചെയർപേഴ്‌സൺ കോൺഗ്രസ്‌വുമണ്‍ കാത്‌ലീൻ റൈസ് എന്നിവര്‍ പറഞ്ഞു. ‘യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക്
വിദേശ വിദ്യാര്‍ത്ഥികള്‍ കോടിക്കണക്കിന് ഡോളര്‍ സംഭാവന ചെയ്യുന്നു. നമ്മുടെ രാജ്യത്ത് നിന്ന് അവരെ വിലക്കുന്നത് അമേരിക്കക്കാര്‍ക്ക് അവശ്യം വേണ്ട വരുമാനം നഷ്‌ടപ്പെടുത്തും. കുടിയേറ്റ വിരുദ്ധ നിയമം നടപ്പാക്കുന്നതിനായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചെയ്യുന്നത് നിരവധി പേരുടെ ജോലി സാധ്യത ഇല്ലാതാക്കുകയും, അനാവശ്യമായ ദുരിതങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുകയുമാണ്. അത് ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല. ഈ അശ്രദ്ധമായ നയത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഇത് രാജ്യത്തുടനീളമുള്ള സര്‍വ്വകലാശാലകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും ആജീവനാന്തം ദോഷം ഉണ്ടാക്കും,’ ബെന്നി തോംസണും കാത്‌ലീന്‍ റൈസും പറഞ്ഞു.

ഈ തീരുമാനം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അനിശ്ചിതത്വവും സങ്കീര്‍ണ്ണതയും സൃഷ്ടിക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍‌വ്വകലാശാല പ്രസിഡന്റ് മാര്‍ക്ക് ടെസ്സിയര്‍ലവിഗ്നെ ആശങ്ക പ്രകടിപ്പിച്ചു. ‘ഞങ്ങളുടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം പൂര്‍ത്തിയാക്കുന്നത് തുടരാന്‍ കഴിയണം. ഒരു സര്‍വകലാശാലയെന്ന നിലയില്‍ അവരെ പിന്തുണയ്ക്കേണ്ടത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. ഈ പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ അത് എങ്ങനെ മികച്ച രീതിയില്‍ നിര്‍വഹിക്കാമെന്ന് ഞങ്ങളുടെ സഹ സര്‍‌വ്വകലാശാലകളുമായും ദേശീയ അസോസിയേഷനുകളുമായും കൂടിയാലോചിച്ച് പ്രവര്‍ത്തിക്കും,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, ഈ തീരുമാനം താല്‍ക്കാലികമാണെന്ന് പറഞ്ഞു. ഇത് വ്യക്തിഗതവും ചില ഓണ്‍ലൈന്‍ കോഴ്സ് എടുക്കുന്നവര്‍ക്കും അതുപോലെ കുടിയേറ്റക്കാരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും സമ്മിശ്രമായി ബാധകമാകുന്നതാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും ഉചിതമായ വിസ നേടേണ്ടിവരും. കൂടാതെ കോവിഡ്-19 കാരണം മറ്റ് വിസ പ്രോസസ്സിംഗ് അല്ലെങ്കില്‍ യാത്രാ നിയന്ത്രണങ്ങള്‍ക്ക് വിധേയരാകാം. വിദ്യാര്‍ത്ഥികള്‍ പ്രാദേശിക യുഎസ് എംബസിയില്‍ അന്വേഷിക്കുകയോ അല്ലെങ്കില്‍ അവരുടെ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അവരവരുടെ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയോ വേണം എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ എംബസിയുടെ സ്റ്റുഡന്റ് ഹബ്ബില്‍, യൂണിവേഴ്സിറ്റി/പ്രോഗ്രാം നിര്‍ദ്ദിഷ്ട വിവരങ്ങള്‍ക്കായി അവരവരുടെ സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍/ചാനലുകള്‍ നിരീക്ഷിക്കാനും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അവരുടെ സര്‍വകലാശാലകളുമായി സമ്പര്‍ക്കം പുലര്‍ത്താനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top