Flash News

ശാസ്ത്രജ്ഞന്‍ ശശിധരന്റെ സങ്കടം

July 9, 2020 , കാരൂര്‍ സോമന്‍

കിഴക്കേ മലമുകളില്‍ പുലരി പെറ്റു. ആര്‍ത്തിയോടെ ജനാലയിലൂടെ സുര്യനെ നോക്കി ശാസ്ത്രജ്ഞന്‍ ശശിധരന്‍ നായര്‍ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങാന്‍ സാധിച്ചില്ല. മനസ്സ് നിറയെ കിനാവിന്‍റെ തേരോട്ടമായിരുന്നു. എന്തിനാണ് താന്‍ സുര്യനെ നോക്കി കരയുന്നത്? കരച്ചിലടക്കാന്‍ സാധിക്കാത്തത് എന്താണ്? നിറപ്പകിട്ടാര്‍ന്ന ആകാശത്തേക്ക് നോക്കിയിരുന്നു. മണ്ണില്‍ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്ക് തീനാളമുയര്‍ത്തി തൊടുത്തു വിട്ട ഉപഗ്രഹ വിക്ഷേപണങ്ങള്‍ ആ ഗ്രഹങ്ങളെ എത്രമാത്രം ഇളക്കി മറിച്ചു കാണണം. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്യാതെ നിശ്ശബ്ദമായി കിടന്നുറങ്ങിയ ഗ്രഹത്തില്‍ കിളികളെപോലെ ആരോ പറന്നു വന്നിരിക്കുന്നു. അവിടമാകെ ഇപ്പോള്‍ അലര്‍ച്ചകള്‍ മാത്രം. നിര്‍മ്മലമായ നീലിമയാര്‍ന്നു കിടന്നയിടം മലീമസമാക്കാന്‍ ഭൂമിയില്‍ നിന്ന് മനുഷ്യര്‍ എത്തിയിരിക്കുന്നു. ഭീതിയോടെ മിഴിച്ചു നോക്കി.

കതകടച്ചാണ് കരയുന്നതെങ്കിലും ആ കണ്ണീര്‍ കാല്‍ കാണുന്നവര്‍ കരുതും തനിക്കെന്തോ മാനസിക പ്രശ്നമുണ്ടെന്ന്. അല്ലെങ്കില്‍ ശാസ്ത്രലോകത്തിന് ധാരാളം സംഭാവനകള്‍ ചെയ്ത താന്‍ കിറുക്കനെന്ന് പറയും. പക്ഷെ അങ്ങനെയല്ല സംഗതിയുടെ കിടപ്പ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കരച്ചിലിന്‍റെ കാരണങ്ങള്‍ പലതാണ്. ശശി തന്‍റെ സ്വന്തം മുറിയിലിരുന്ന് കരഞ്ഞുകൊണ്ട് കമ്പ്യൂട്ടര്‍ തുറന്നു. അവിവാഹിതനായ ശശി ഇതുവരെ നേരില്‍ കാണാത്ത
ലോകത്തിന്‍റെ പല ഭാഗത്തുള്ള തന്‍റെ അനേകം കാമുകിമാര്‍ക്ക് സങ്കടം പങ്കുവെച്ചുള്ള കത്തുകളയച്ചു. പലപ്പോഴും തന്‍റെ കലങ്ങിയ മനസ്സിന് വിടര്‍ന്ന മിഴികളുള്ള സുന്ദരിമാര്‍ അനുരാഗത്തെക്കാള്‍ സ്നേഹവര്‍ഷങ്ങള്‍ കൊണ്ട് മൂടാറുണ്ട്. ക്ഷണനേരത്തെ ആ ബന്ധം ഹൃദയത്തിന് ഒരാശ്വാസമാണ്. ഇങ്ങനെയിരിക്കുന്ന അവസരത്തിലാണ് ശശിയുമായുള്ള അഭിമുഖത്തിന് ഒരു ടീവി ചാനല്‍ രാവിലെ തന്നെ വീട്ടിലെത്തിയത്. അവര്‍ തന്നെയാണ് കതകില്‍ മുട്ടിയത്. ശശി കതക് തുറന്നു. മുന്നില്‍ ചാനലുകാര്‍. അവര്‍ പുഞ്ചിരി തൂകി പ്രഭാത വന്ദനങ്ങള്‍ അറിയിച്ചു. തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി. ഇവര്‍ എന്തിന് വന്നു? തനിക്ക് വല്ല പുരസ്കാരവും കിട്ടിയോ? അവരെ കൂട്ടി അടുത്ത മുറിയിലേക്ക് നടന്നു. ചാനലുകാര്‍ ശശിധരനെ മിഴിച്ചു നോക്കികൊണ്ടറിയിച്ചു.

“അങ്ങയുടെ ഒരഭിമുഖം ഞങ്ങള്‍ക്കു വേണം. പിന്നെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും തരണം. ഇന്ന് രാവിലെ ഈ വീട്ടിലുള്ളവര്‍ ഞങ്ങളെ വിളിച്ചറിയിച്ചത് സാറ് വല്ലാതെ കരയുന്നു എന്നാണ്. ”

ഇങ്ങനെ പറഞ്ഞുകൊണ്ട് ചാനല്‍ പ്രതിനിധി തന്‍റെ പണിതുടങ്ങി.

“ശരിക്കും സാറെന്തിനാണ് ഇങ്ങനെ നിറുത്താതെ കരയുന്നത്?”

ചോദ്യം കേട്ട് ശശിയുടെ ഉള്ളൊന്ന് ഞരങ്ങി. അമ്മ അതിരാവിലെ അമ്പലത്തില്‍ പോകാനിറങ്ങിയപ്പോള്‍ കരച്ചില്‍ കണ്ടു കാണണം. അമ്മയ്ക്ക് മുറിയില്‍ വരാന്‍ അല്പം ഭയവുമുണ്ട്. കാരണം ഈ മുറിയില്‍ നിന്ന് പല പൊട്ടിത്തെറികളും, ശബ്ദങ്ങളും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ തന്‍റെ പരീക്ഷണ ശാലയില്‍ കണ്ടത് കരച്ചിലാണ്. എല്ലാമോര്‍ത്ത് ശശി കൂടുതല്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. മിന്നല്‍പ്പിണര്‍പോലെ തീയും പുകയും ഓരോ ഗ്രഹത്തിലേക്ക് പറപ്പിക്കുന്ന ശാസ്ത്രജ്ഞന്‍ മുന്നിലിരുന്ന് കരയുമ്പോള്‍ നാമെന്തു ചെയ്യും. ശശിയുടെ കരച്ചിലിന്‍റെ താളത്തിനൊപ്പിച്ച് ശബ്ദത്തെ താളക്രമത്തില്‍ സംഗീതമാക്കി. ചാനലുകാര്‍ പരസ്പരം പിറുപിറുത്തു. ശുഭപ്രതീക്ഷയോടെ ചോദിച്ചു.

“സാറെ, കുടുംബത്തില്‍ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ സഹപാഠികള്‍ വല്ല പാരയും പണിതോ?”

“ഒ… ഒന്നുമില്ല”. കരഞ്ഞുകൊണ്ട് ശശി പറഞ്ഞു. “എന്തെങ്കിലും മാനസിക പ്രയാസങ്ങളുണ്ടോ?” ഒന്നുമില്ലെന്ന് ഉത്തരം
കൊടുത്തു.

ശശി തികഞ്ഞ ഒരു സാമൂഹ്യ ജീവിയായതിനാല്‍ സാമൂഹ്യപരമായ കാരണങ്ങളാവും കരച്ചിലിനു പിന്നില്‍ എന്നു സംശയിച്ചുകൊണ്ട് ചില സമകാലിക വിഷമതകളെക്കുറിച്ച് ചോദിക്കുവാന്‍ ചാനലുകാര്‍ തീരുമാനിച്ചു.

“കടംകയറി കേരളത്തിലെ അനേകം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഭരണത്തിലുള്ളവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ കിട്ടുന്നു. പാവങ്ങള്‍ക്ക് തൊഴില്‍ കിട്ടുന്നില്ല. പല പേരില്‍ കൊലപാതകങ്ങള്‍, സ്ത്രീപീഡനങ്ങള്‍ നടക്കുന്നു. രാഷ്ട്രീയക്കാര്‍ മതങ്ങളെ തെരുവിലിറക്കി മനഃസമാധാനം നഷ്ടപ്പെടുത്തുന്നു. എങ്ങും കൈക്കൂലി, അനീതി നടക്കുന്നു. ഇതില്‍ എന്തെങ്കിലും കണ്ടിട്ടാണോ അങ്ങ് കരയുന്നത്?

“അത് മാത്രമല്ല” അമര്‍ഷത്തോടുള്ള വ്യക്തമായ ഉത്തരം ഉടനെ ലഭിച്ചു.

“ഇവിടെ കുന്നിടിച്ച് നിരപ്പാക്കി വെള്ളപൊക്കമുണ്ടാക്കുന്നതുപോലെ ഇതര ഗ്രഹങ്ങളും നമ്മള്‍ ഇടിച്ചു നിരപ്പാക്കുന്നു. ഞാനും അതില്‍ പങ്കാളിയാണ്. അവിടുന്ന് എന്ത് പ്രളയമാണ് വരാനിരിക്കുന്നതെന്ന് നമ്മള്‍ അറിയുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമായിരുന്ന നമ്മുടെ നാട്ടില്‍ മനുഷ്യനേക്കാള്‍ മതത്തെ സ്നേഹിക്കുന്നവരും സകല ജീവിത മൂല്യങ്ങളേയും കാറ്റില്‍ പറത്തി ഭരണകൂടങ്ങള്‍ എങ്ങും ഇടിച്ചു നിരത്തുകയാണ്. എല്ലാം കാണുമ്പോള്‍ കരച്ചില്‍ വരുന്നു.”

ചാനലുകാര്‍ക്ക് സമാധാനമായി. അമ്മയുടെ മുലഞെട്ടില്‍ നിന്നും ഊറിവരുന്ന സ്തന്യാമൃതം നുകരുവാന്‍ കുഞ്ഞ് കാത്തിരിക്കുന്നതുപോലെ ചാനലുകാര്‍ ശശിയുടെ വാക്കുകള്‍ക്കായി ചെവിതുറന്ന് വച്ച് അയാളെ ഉറ്റുനോക്കി.

“ഞാന്‍ കരയുന്നത് ചിലപ്പോള്‍ എന്‍റെ മനസ്സിന്‍റെ കുറ്റബോധമാകാം” ഇങ്ങനെ പറഞ്ഞുകൊണ്ട് ശശി തന്‍റെ വചനപ്രഘോഷണം ആരംഭിച്ചു.

“കന്യകയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അനേകായിരം ജീവികളില്‍ ഒന്ന് മാത്രം ലോകനീതിയുടെ ഉള്‍പ്രേരണയാല്‍ സ്വയം സഞ്ചരിച്ച് മാതൃപേടകത്തില്‍ പ്രവേശിച്ചതു മുതല്‍ പുറത്ത് വന്ന്, സകല ലോകരസങ്ങളേയും അനുഭവിക്കാന്‍ തക്കവണ്ണം ഇന്ദ്രിയ അതിന്ദ്രിയ ഉപകരണങ്ങളുമായി ജീവിതം ആരംഭിച്ചതേ കരഞ്ഞുകൊായിരുന്നു. അങ്ങനെ കരഞ്ഞു കരഞ്ഞ് ഞാന്‍ വളര്‍ന്നു. ആരും, വ്യക്തമായി മനസ്സിലാക്കാത്ത സംഭവങ്ങളെ ചരിത്രമെന്ന് തെറ്റിദ്ധരിച്ച് അവയെല്ലാം വാരിവലിച്ച് ഉറക്കമിളച്ചിരുന്ന് പഠിച്ച് ബിരുദം വാങ്ങി. ഗുരുക്കന്മാരെ മാനിക്കാത്ത കുറെ ശിഷ്യരെ പഠിപ്പിച്ചു. ഇപ്പോഴവര്‍ ഗ്രഹങ്ങളെ ഇടിച്ചു നിരത്തുന്നു. സാമൂഹ്യ പരിശീലനം ലഭിച്ചവര്‍ ദേശങ്ങളെ ഇടിച്ചു നിരത്തുന്നു. യേശുവിനെ ഒറ്റിക്കൊടുത്തതുപോലെ എല്ലാവരും മുപ്പതു വെള്ളിക്കാശിന് ഓരോന്നിനെ ഒറ്റിക്കൊടുത്തു ജീവിക്കുന്നു. എല്ലാവരും വ്യക്തികളെ, സമൂഹത്തെ, ദേശങ്ങങ്ങളെ മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു ജീവിക്കുന്നു.

ശശി കരയുകയോ ചിരിക്കുകയോ ചെയ്യട്ടെ എന്നു കരുതി ഈ പ്രശ്നത്തെ തള്ളി കളയരുത്. ഒരു നൂലില്‍ കൊരുത്ത മുത്തുകള്‍ പോലെ സകലമനുഷ്യരും പരസ്പരം ബന്ധമുള്ളവരാണ്. അപ്പോള്‍ ശശിയുടെ ദുഃഖം നമ്മുടെ ദുഃഖമാണ്. ഈ ലോകത്തിന്‍റെ ദുഃഖമാണ്.

ഒരു ജീവിതകാലം മുഴുവന്‍ കരയുവാനായി അവസരം ലഭിച്ചിട്ടും സമൂഹത്തെ ബോധിപ്പിക്കാനായി കൃത്രിമമായി ചിരിച്ചുകൊണ്ട് ജീവിച്ചു. ഇനിയും അതിന് തയ്യാറല്ല. കരഞ്ഞുകലങ്ങിയ മിഴികള്‍ തളരുക മാത്രമല്ല അയാളുടെ നാവും മനസ്സും നിറയെ ഉപ്പാണ്. അതിനാല്‍ ജീവന്‍റെ ഉപ്പിനെ തിരിച്ചറിഞ്ഞ് ശശി പൂര്‍വ്വാധികം ഭംഗിയായി കരയട്ടെ. എല്ലാ പാപഭാരവും കരഞ്ഞു തീര്‍ക്കട്ടെ. ചാനലുകാര്‍ പുറത്തിറങ്ങുമ്പോഴും ശശി തന്‍റെ നീണ്ട താടി മാറിമാറി തലോടി കരഞ്ഞുകൊണ്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top