Flash News

മലയാളി ഹെല്‍‌പ് ലൈനും ഫ്ലവേഴ്സ് ടിവിയും കുട്ടികള്‍ക്കായി ‘പവര്‍ മൈന്‍ഡ്സ്’ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

July 9, 2020 , ഷിജി അലക്സ്

കോവിഡ് 19 എന്ന മഹാമാരിയില്‍ ലോകജനത മുഴുവന്‍ പെട്ടുഴലുമ്പോള്‍ ആ പ്രതിസന്ധി ഏറെ ബാധിച്ചിരിക്കുന്നത് നമ്മുടെ കുട്ടികളെയാണ്. മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം കളിക്കാന്‍ സാധിക്കാതെ, യാത്രകളും, ആഘോഷങ്ങളും, പ്രിയപ്പെട്ട റസ്റ്റോറന്റ് രുചികളും ഒക്കെ നഷ്ട്ടപ്പെട്ട ഒരൊഴിവുകാലം. തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ഒരു വേനലവധിക്കാലം സ്വന്തം വീടിനുള്ളില്‍ ചിലവഴിച്ചു തീര്‍ക്കേണ്ടി വരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി, അവരുടെ ഓര്‍മ്മ ശക്തിയെയും, ചിന്തകളെയും ഉണര്‍ത്തുന്നതിനായി മലയാളി ഹെല്പ് ലൈനും ഫ്ളവേഴ്സ് ടിവി യു എസ് എയും കൈകോര്‍ക്കുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലയാളി കുട്ടികള്‍ക്കായി അത്യാകര്‍ഷകവും അതിലേറെ വിജ്ഞാനദായകവുമായ ഒരു ക്വിസ് മത്സരമാണ് മലയാളി ഹെല്പ് ലൈനും ഫ്ളവേഴ്സ് ടിവി യു എസ് എയും ഒരുക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ മാനസിക ശാരീരികാരോഗ്യ പരിപാലനത്തിനായി ഈ കൊറോണക്കാലത്ത് മലയാളി ഹെല്പ് ലൈന്‍ നടത്തിയ വിവിധ പരിപാടികള്‍ അഭിനന്ദനാര്‍ഹമാണ്. അവരുടെ ഏറ്റവും പുതിയ സംരംഭമാണ് ഈ ക്വിസ് മത്സരം. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള നൂറ്റിഇരുപതോളം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജൂണ്‍ 11ന് ആരംഭിക്കുന്ന ക്വിസ് മത്സരത്തില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനെത്തുന്നത്.

ജൂലൈ 11 ശനിയാഴ്ച ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം വ്യത്യസ്ഥ റൗണ്ടുകള്‍ കടന്ന് വിജയിക്കുന്ന നാല് കുട്ടികളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരക്കുന്നത്.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രഗത്ഭരുടെ മൂന്നു മാസത്തെ കഠിന പരിശ്രമമാണ് ഇങ്ങിനെയൊരു മത്സരം സംഘടിപ്പിക്കുന്നതിന് പിന്നില്‍ . വിനോദവും വിജ്ജാനവും ഒരുമിക്കുന്ന ഒരു പരിപാടിയാണല്ലോ പ്രശ്നോത്തരി. മലയാളികളുടെ പ്രത്യേക ഇഷ്ടങ്ങളില്‍ ഒന്നായ ഈ മത്സരം നമ്മുടെ പുതുതലമുറക്കും പരിചയപ്പെടുത്തുവാന്‍ മുന്നിട്ടിറങ്ങിയത് മലയാളി ഹെല്പ് ലൈന്‍ നേതൃത്വമാണ്.

അനിയന്‍ ജോര്‍ജ്, ഹരി നമ്പൂതിരി, ഡോ. ജഗതി, ബിജു സക്കറിയ എന്നിവര്‍ നയിക്കുന്ന ടീമില്‍ വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ക്വിസ്സിന്‍റെ സുഖമമായ നടത്തിപ്പിനായി ഓരോ വിഭാഗത്തിലും അതാത് മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.

കണ്ടന്‍റ് ആന്‍ഡ് റിസേര്‍ച് ടീമില്‍ അജിത് കൊച്ചൂസ്, ഷിജി അലക്സ്, സജിത്ത് തൈവളപ്പില്‍, ബാബു ചാക്കോ, അജിത് നായര്‍ എന്നിവരും, മാര്‍ക്കറ്റിംഗ് ടീമില്‍ ഷാന മോഹന്‍, വിനോദ് കൊണ്ടൂര്‍, ജോസ് മണക്കാട്ട് എന്നിവരും, ടെക്നിക്കല്‍ സപ്പോര്‍ട് ടീമില്‍ ബൈജു, സാജന്‍ മൂലപ്ലാക്കല്‍ എന്നിവരും, രജിസ്ട്രേഷന്‍ ടീമില്‍ ബിജു ജോസഫ്, അനു സ്കറിയ, ബിജു തോണിക്കടവില്‍, റോഷന്‍, ഷോളി, സുധീഷ് സുധാകരന്‍, ജോര്‍ജ് ജോസഫ്, സുനില്‍ വര്‍ഗീസ്, ഉണ്ണികൃഷ്ണന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.

നമ്മുടെ കുട്ടികളുടെ ബൗധികമായ വളര്‍ച്ചയുറപ്പാക്കുന്നതും, കാണികള്‍ക്ക് വിനോദം പകരുന്നതുമായ ഈ പരിപാടിയില്‍ പ്രശസ്ത സിനിമാ താരങ്ങളും മറ്റനവധി വിശിഷ്ടാതിഥികളും മത്സരാര്‍ത്ഥികളുമായി സംവദിക്കാനെത്തുന്നു. ഈ പരിപാടി അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു പുതിയ ദൃശ്യാനുഭവമാവും എന്ന് മലയാളി ഹെല്പ് ലൈനും ഫ്ളവേഴ്സ് ടി വി യു എസ് എയും ഉറപ്പു നല്‍കുന്നു. അതോടൊപ്പം നിങ്ങള്‍ ഓരോരുത്തരെയും ഈ പരിപാടിയിലേക്ക് സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top