Flash News

സ്വര്‍ണ്ണക്കടത്ത്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ പഴിചാരി സ്വപ്ന സുരേഷ്

July 9, 2020

യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ് വഴി 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. താന്‍ തീര്‍ത്തും നിരപരാധിയാണെന്നാണ് സ്വപ്ന പറയുന്നത്. ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വിവരങ്ങളുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതിചേര്‍ക്കുവാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്നും ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് പറഞ്ഞു.

2016 മുതല്‍ താന്‍ യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്നു. 2019 സെപ്തംബറിലാണ് കോണ്‍സുലേറ്റില്‍ നിന്നും പോന്നത്. അതിന് ശേഷവും കോണ്‍സുലേറ്റ് തന്റെ സേവനം സൗജന്യമായി തേടിയിരുന്നു. വിമാനത്താവളങ്ങളിലടക്കം തന്റെ മുന്‍ പരിചയം കണക്കിലെടുത്തുകൊണ്ടാണ് കോണ്‍സുലേറ്റ് തന്റെ സേവനം ആവശ്യപ്പെട്ടതെന്നും സ്വപന സുരേഷ് പറയുന്നു.

കൊവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥന്‍ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തില്‍ അവിടുത്തെ മൂന്നാമനായിരുന്ന, ഇപ്പോള്‍ കസ്റ്റംസ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന അറബ് സ്വദേശിയായ ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ചു. ഇവിടെ ഒരു നയതന്ത്ര ബാഗ് വന്നിട്ടുണ്ടെന്നും അത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും അതിന്റെ വിശദാംശം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്. എന്തുകൊണ്ടാണ് അത് കൈമാറാത്തത് എന്നുള്ളതിന്റെ വിവരശേഖരണം മാത്രമാണ് താന്‍ നടത്തിയതെന്നും സ്വപ്‌ന സുരേഷ് പറയുന്നു.

ക്രിമിനല്‍ പശ്ചാത്തലം ഒന്നും തനിക്ക് ഇല്ല. തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് വിലക്കണം. ഇത് സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 30ന് വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോ താമസിച്ചതിനുള്ള കാരണം അന്വേഷിക്കാന്‍ യുഎഇ കോണ്‍സുലേറ്റിലെ ഇപ്പോഴത്തെ ചുമതലക്കാരന്‍ റഷീദ് ഖാമിസ് അല്‍ ഷെമിലി ആണ് തന്നെ നിയോഗിച്ചത്. ഇതനുസരിച്ചാണ് താന്‍ ഈ നയതന്ത്ര ബാഗുമായി ബന്ധപ്പെട്ടതെന്നും തനിക്ക് ഈ സ്വര്‍ണ്ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top