Flash News

സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം; പൊന്നാനിയില്‍ നിരോധനാജ്ഞ

July 10, 2020

കോവിഡ്-19 അനിയന്ത്രിതമായി വ്യാപിച്ചതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ.

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടിയതിനാലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്നലെ ജില്ലയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്.

രോഗവ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹിക അകലം പാലിക്കുന്നതിലേക്കായി പ്രത്യേകം അടയാളങ്ങള്‍ രേഖപ്പെടുത്തണം. സ്ഥാപനങ്ങളില്‍ പണമിടപാട് പരമാവധി ഒഴിവാക്കി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തണം. ഈ മേഖലകളില്‍ ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള കായിക വിനോദങ്ങള്‍, പൊതുസ്ഥലങ്ങളിലൂടെയുള്ള വ്യായാമത്തിനായുള്ള നടത്തം, ടര്‍ഫിലെ കളികള്‍ എന്നിവ നിരോധിച്ചു.

മത്സ്യ മാംസാദികളുടെ വില്‍പന, വിതരണം എന്നിവ നിരോധിച്ചു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ ഭക്ഷണം പാഴ്‌സലായി നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല. കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യ സേവനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.

അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരും പൊന്നാനി നഗരസഭാ പരിധിയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവരും വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്. ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം.

ആരാധനാലയങ്ങള്‍ തുറക്കുവാന്‍ പാടുള്ളതല്ല. രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല. നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ തുടരാന്‍ അനുവദിക്കും. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവയും അനുവദിക്കും.

പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിർബന്ധം

പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ.

തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല.

ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗണായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ പോലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതാണ്.

സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തിരൂരങ്ങാട് നഗരസഭ ഓഫീസും അടച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്.

അതേസമയം, ചിലയിടങ്ങളിലെ സാഹചര്യങ്ങള്‍ അതീവ ഗുരുതരമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായി. ഇത് ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണെന്നും കെകെ ശൈലജ പറഞ്ഞു. ഈ മാസം ആറാം തീയതിക്കുശേഷം പൂന്തുറയില്‍ നടത്തിയ 1192 ടെസ്റ്റില്‍ 243 പേരാണ് പോസിറ്റീവായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top