Flash News

കോവിഡ്-19 രോഗി വെന്റിലേറ്ററില്‍ പ്രസവിച്ചു, ഭാര്യയുടെ ആരോഗ്യനിലയില്‍ ആശങ്കയോടെ ഭര്‍ത്താവ്

July 10, 2020

ബ്രൂക്ലിന്‍ സെന്‍റര്‍, (മിന്നസോട്ട): കോവിഡ്-19 ബാധയേറ്റ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന സ്ത്രീ പ്രസവിച്ചതിനെത്തുടര്‍ന്ന് അവരുടെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭര്‍ത്താവ് ജുവാന്‍ ദുറാന്‍. ജൂണ്‍ 19 മുതല്‍ മിന്നസോട്ടയിലെ ബ്രൂക്‌ലിന്‍ സെന്ററിലുള്ള നോര്‍ത്ത് മെമ്മോറിയല്‍ ഹോസ്പിറ്റലിലിലെ വെന്‍റിലേറ്ററിലാണ് ജുവാന്റെ ഭാര്യ അറോറ.

ഗര്‍ഭിണിയായ ഭാര്യക്ക് ജൂണ്‍ തുടക്കത്തില്‍ കൊറോണ വൈറസിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി ദുറാന്‍ പറയുന്നു. നിര്‍ത്താതെയുള്ള ചുമയും ശ്വസിക്കാന്‍ പ്രയാസമുള്ളതായും കണ്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ദുറാന്‍ പറഞ്ഞു. ജൂണ്‍ 19-ന് വെന്‍റിലേറ്ററിലേക്ക് മാറ്റി.

35 വയസ്സുള്ള ഭാര്യക്ക് പറയത്തക്ക അസുഖമൊന്നുമുണ്ടായിരുന്നില്ല. എങ്ങനെയാണ് അവള്‍ക്ക് ഈ അസുഖം വന്നുപെട്ടതെന്ന് അറിയില്ലെന്നും കുടുംബത്തില്‍ ഇങ്ങനെയൊരവസ്ഥ വന്നുചേരുമെന്ന് കരുതിയിരുന്നില്ലെന്നും ദുറാന്‍ പറയുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും കുഞ്ഞിനേയും അത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും, അതുകൊണ്ട് എത്രയും പെട്ടെന്ന് സിസേറിയന്‍ വേണമെന്നും ജൂണ്‍ 23-ന് ഡോക്ടര്‍ വിളിച്ചു പറഞ്ഞപ്പോള്‍ മനസ്സു തകര്‍ന്നുവെന്നും മനസ്സില്ലാമനസ്സോടെ അതിന് സമ്മതിച്ചു എന്ന് ദുറാന്‍ പറഞ്ഞു.

പത്ത് ആഴ്ച നേരത്തെയാണ് അവരുടെ മൂന്നാമത്തെ കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുത്തത്. കുട്ടി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതരും ദുറാനും പറയുന്നു. കുട്ടിക്ക് ആന്‍‌ഡ്രിയ എന്ന പേരും നല്‍കി. കുട്ടിയെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. നാല് പൗണ്ട് രണ്ട് ഔണ്‍സ് തൂക്കമുണ്ട്. കരയുകയും പാല്‍ കുടിക്കുകയും ചെയ്യുന്നുണ്ടെന്ന് ദുറാന്‍ പറഞ്ഞു. എങ്കിലും ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന ഭാര്യയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ദുറാന്‍ പറഞ്ഞു.

ശരീരത്തിന് പുറത്തുനിന്നുള്ള ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു ഇസിഎംഒ അഥവാ എക്സ്ട്രാ കോര്‍പോറിയല്‍ മെംബ്രന്‍ ഓക്സിജന്‍ മെഷീന്‍ ഒരുപക്ഷെ അവള്‍ക്ക് സഹായകമാകുമെന്നാണ് ഡോക്ടര്‍ പറയുന്നതെന്ന് ദുറാന്‍ പറഞ്ഞു. പക്ഷെ, ഇസിഎംഒ ചികിത്സ നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് നോര്‍ത്ത് മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘നോര്‍ത്ത് മെമ്മോറിയല്‍ ഹെല്‍ത്ത് പ്രാദേശിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമായി പങ്കാളികളാണ്. ഇസിഎംഒയില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന രോഗികളെ പരിചരിക്കുന്നത് ആ സം‌വിധാനം ഉള്ള സെന്‍ററുകളില്‍ മാത്രം വാഗ്ദാനം ചെയ്യുന്ന വളരെ സവിശേഷമായ സേവനമാണ്. കോവിഡ്-19 രോഗികളെ ദീര്‍ഘകാലത്തേക്ക് അല്ലെങ്കില്‍ കുറെ നാളത്തേക്ക് ചികിത്സിക്കാന്‍ ആ സം‌വിധാനം ഉപയോഗിക്കാന്‍ ഞങ്ങള്‍ക്കാവില്ല. പക്ഷെ, ആവശ്യമുള്ളപ്പോള്‍ ഞങ്ങളുടെ ട്രോമ, കാര്‍ഡിയോവാസ്കുലര്‍ സര്‍ജറി പ്രോഗ്രാമുകളുടെ ഭാഗമായി ഹ്രസ്വകാല അടിയന്തിര പരിചരണത്തിനായി ഞങ്ങള്‍ ഇസി‌എം‌ഒ ഉപയോഗിക്കുന്നുണ്ട്. ഒരു രോഗിയുടെ റഫറലുകള്‍ സ്വീകരിക്കുന്നതിന് ഇസിഎംഒ സെന്‍ററുകള്‍ക്ക് കര്‍ശനമായ മാനദണ്ഡങ്ങളുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.

അറോറയെ ഇസിഎംഒ മെഷീന്‍ ചികിത്സ നല്‍കാന്‍ കഴിയുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നോര്‍ത്ത് മെമ്മോറിയലിലെ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ആ അഭ്യര്‍ത്ഥനകളെല്ലാം നിരസിച്ചതായി ദുറാന്‍ പറഞ്ഞു. എങ്കിലും, വെന്‍റിലേറ്ററില്‍ കഴിയുന്ന ഭാര്യയ്ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഡോക്ടര്‍ പറഞ്ഞതായി ദുറാന്‍ വെളിപ്പെടുത്തി.

ദുറാന്‍ -അറോറ ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്. തന്‍റെ കുടുംബത്തിന്‍റെ കഥ പങ്കുവെക്കുന്നതിലൂടെ മറ്റുള്ളവര്‍ കൊറോണ വൈറസിന്‍റെ അപകടസാധ്യതകള്‍ മനസ്സിലാക്കുമെന്നും, തങ്ങളേയും മറ്റുള്ളവരേയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ മുന്‍കരുതലുകള്‍ എടുക്കുമെന്നും ദുറാന്‍ പറയുന്നു.

ഭാര്യയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടുമ്പോഴും ദുറാന്‍ പൊതുജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുന്നുണ്ട്…. ‘ജാഗ്രത പാലിക്കുക. അല്ലെങ്കില്‍ ആരോഗ്യവതിയായിരുന്ന എന്റെ ഭാര്യയെപ്പോലെ നിങ്ങളും ഐസിയുവിലെ വെന്‍റിലേറ്ററില്‍ അവസാനിക്കും.’


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top