Flash News

സ്വര്‍ണ്ണക്കടത്ത്: എന്‍ഐഎ കേസ് ഏറ്റെടുത്തു, നാല് പേര്‍ക്കെതിരെ തീവ്രവാദ കേസ് ഫയല്‍ ചെയ്തു

July 10, 2020

യുഎ‌ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗില്‍ 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ നാലു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രധാന ഭീകരവാദ ഏജന്‍സി ഒരു സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്നു എന്ന ചോദ്യത്തിന്, എന്‍ഐഎയുടെ പ്രസ്താവന ഇപ്രകാരമായിരുന്നു. ‘രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിരതയെയും ദേശീയ സുരക്ഷയെയും ഭീഷണിപ്പെടുത്തിക്കൊണ്ട് ഓഫ്‌ഷോര്‍ സ്ഥലങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വലിയ അളവില്‍ സ്വര്‍ണം കടത്തുന്നതുമായി ബന്ധപ്പെട്ട്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്റ്റ്, 1967 ലെ സെക്‌ഷന്‍ 15 ല്‍ പറഞ്ഞിരിക്കുന്നതുപോലെ ഇത് ഒരു തീവ്രവാദ പ്രവര്‍ത്തനത്തിന് തുല്യമാണ്. കൂടാതെ, കേസിന് ദേശീയ അന്തര്‍ദേശീയ ബന്ധങ്ങളുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ സ്വര്‍ണത്തിന്‍റെ വരുമാനം ധനസമ്പാദനത്തിനായി ഉപയോഗിക്കാമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഭീകരതയെക്കുറിച്ച് അന്വേഷണം നടത്തുന്നത് എന്‍ഐഎ ആണ്.’

കള്ളക്കടത്ത് കേസ് ഈ ഏജന്‍സി ഒരിക്കലും അന്വേഷിച്ചിട്ടില്ലെന്നും, ഇത്തരം കുറ്റകൃത്യങ്ങള്‍ അതിന്‍റെ ഷെഡ്യൂളിന്‍റെ ഭാഗമല്ലെന്നും വെള്ളിയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഐഎയ്ക്ക് യുഎപിഎയെ ആശ്രയിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കസ്‌റ്റംസ്‌ അറസ്‌റ്റു ചെയ്‌ത യുഎഇ കോണ്‍സുലേറ്റ്‌ മുന്‍ പിആര്‍ഒ സരിത്തിനെ ഒന്നാം പ്രതിയാക്കിയാണ്‌‌ വെള്ളിയാഴ്‌ച കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഒളിവിലുള്ള സ്വപ്‌ന സുരേഷ്‌, ഷാര്‍ജയില്‍നിന്ന്‌ കോണ്‍സുലേറ്റിലേക്ക്‌ സ്വര്‍ണം അയച്ച ഫസല്‍ ഫരീദ്‌, മുഖ്യകണ്ണി സന്ദീപ് ‌നായര്‍ എന്നിവരാണ്‌ രണ്ടു മുതല്‍ നാലുവരെയുള്ള പ്രതികള്‍. കസ്‌റ്റംസ്‌ അന്വേഷിക്കുന്ന കേസ് റീ രജിസ്‌റ്റര്‍ ചെയ്‌താണ്‌‌ സീനിയര്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തത്‌. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയൽ നിയമത്തിലെ (യുഎപിഎ) 16, 17, 18 വകുപ്പുകളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ പിന്നീട്‌ ചുമത്തുമെന്നും എന്‍ഐഎ വ്യക്തമാക്കി.

യുഎഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജുകളില്‍ മേല്‍പ്പറഞ്ഞ ചരക്ക് വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ യുഎഇ കോണ്‍സുലേറ്റില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുള്ള സരിത്ത് പി.എസ്. ആണ് ഈ ചര്‍ക്ക് സ്വീകരിക്കേണ്ടിയിരുന്നത്. കസ്റ്റംസ് വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ സരിത്ത് നേരത്തേ ഇത്തരം നിരവധി ചരക്കുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എന്‍ ഐ എ പ്രസ്താവനയില്‍ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ചരക്ക് സ്വീകരിക്കാന്‍ എത്തിയ സരിത്തിനെ അറസ്റ്റ് ചെയ്തു. സംസ്ഥാന ഐടി വകുപ്പില്‍ ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷും ഇതില്‍ പങ്കാളിയാണെന്നറിഞ്ഞപ്പോള്‍ കേസ് രാഷ്ട്രീയ വഴിത്തിരിവായി.  സ്വപ്ന സുരേഷിനെ ഐ ടി വകുപ്പില്‍ നിയമിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ജൂലൈ 6 ന് സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.

അറസ്റ്റിലായ സരിത്ത് നായരെ വ്യാഴാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കന്‍ കൊണ്ടു പോകുന്നു. ഫോട്ടോ കടപ്പാട്: പിടി‌ഐ

ഞായറാഴ്ച മുതല്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിച്ചു. താന്‍ നിരപരാധിയാണെും ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ റാഷിദ് ഖാമിസ് അല്‍ ഷെയ്‌മിലിക്ക് ചരക്ക് എത്തിക്കാന്‍ മാത്രമാണ് കസ്റ്റംസില്‍ ഇടപെട്ടതെന്നും സുരേഷ് അവകാശപ്പെട്ടു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നിലവിലെ കോണ്‍സല്‍ ജനറല്‍ ഏപ്രിലില്‍ യുഎഇയിലേക്ക് മടങ്ങിയിരുന്നു.

അതിനിടെ, സ്വര്‍ണക്കടത്തുകേസില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കും പങ്കുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയെത്തുന്ന സ്വര്‍ണം കൊടുവള്ളിയിലെത്തിച്ച് ആഭരണമാക്കുത് ഇവരില്‍ പെട്ടവര്‍ക്കാണെന്നാണ് ആരോപണം. വടക്കന്‍ കേരളത്തില്‍ ഈ നീക്കം നിയന്ത്രിക്കുന്നത് ലീഗിന്‍റെ ഒരു പ്രധാന നേതാവാണന്നാണ് അറസ്റ്റിലായ സരിത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം കൊച്ചിയിലേക്കും കൊടുവള്ളിയിലേക്കും കടത്തിയിരുന്നത്? സന്ദീപ് നായരാണ്.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്തുമായി ബന്ധപ്പെട്ട് മറ്റൊരു നേതാവിനെ ചുറ്റിപ്പറ്റിയും സംശയം ഉയരുന്നുണ്ട്. കോവിഡ് ലോക്ഡൗണിന്‍റെ മറവില്‍ എത്തിച്ച ചില പാഴ്സലുകള്‍ക്കു പിന്നിലും ഇയാളുടെ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഇവരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ കസ്റ്റംസ് പരിശോധിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ സ്വര്‍ണം വിതരണം ചെയ്യുന്ന ഒരാള്‍ മറ്റൊരു ലീഗ് നേതാവിന്‍റെ അകന്ന ബന്ധുവാണെന്നും വിവരമുണ്ട്. ഇയാളെ ചോദ്യം ചെയ്യാനായി ഉടന്‍ കസ്റ്റഡിയിലെടുക്കുമൊണ് സൂചന. അതേസമയം, എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചതോടെ പലരും കുടുങ്ങുമെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.

ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോണ്‍ഗ്രസ്, ബിജെപി, ഐയുഎംഎല്‍ എന്നീ പാര്‍ട്ടികളുടെ യുവജന പ്രവര്‍ത്തകര്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി.

സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ ഫലപ്രദവും ഏകോപിതവുമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം കേസ് കസ്റ്റംസില്‍ നിന്ന് എന്‍ ഐ എയ്ക്ക് കൈമാറി.

എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്കു വിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവരുടെ നടപടികള്‍ തുടരട്ടെ. ഈ കേസ് അന്വേഷിക്കേണ്ടത് എന്‍ ഐ എ തന്നെയാണ്, അദ്ദേഹം പറഞ്ഞു. എന്‍ഐഎ പറ്റില്ല സിബിഐ തന്നെ വേണം എന്ന് എങ്ങനെയാണ് പറയുക എന്ന ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു ‘സ്വര്‍ണക്കടത്തില്‍ കുറ്റവാളികളെ കണ്ടെത്തട്ടെ. രാജ്യത്തിന്‍റെ സാമ്പത്തിക നില തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുന്‍ കള്ളക്കടത്തും അന്വേഷിക്കുമെന്ന് എന്‍ഐഎ പറഞ്ഞിട്ടുണ്ട്. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലര്‍ക്കും ഉണ്ടാകും. അത്തരക്കാരാണ് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുത്.’

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു പ്രത്യേക നിയമം സംസ്ഥാനത്തു വേണോ എന്ന് ആലോചിക്കാവുതാണ്. മറ്റു ചില സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടിയത് പ്രത്യേകം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top