Flash News

സൂഫിസം (ഭാഗം 1)

July 11, 2020 , ബിന്ദു ചാന്ദിനി

വിശുദ്ധ ഖുറാനില്‍ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനമാണ് സൂഫിസം. സന്യാസ ജീവിതം (asceticism ), മിസ്റ്റിസിസം (mysticism) എന്നിവയിലൂടെ ദൈവത്തെ ആഴത്തില്‍ മനസ്സിലാക്കുന്നതിനാണ് സൂഫികള്‍ ശ്രമിച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികള്‍ നിരാകരിച്ചു. ദൈവത്തേയും സര്‍വ്വപ്രപഞ്ചത്തേയും ഒന്നായി കാണുന്ന സര്‍വ്വേശ്വരവാദം പാന്‍ഥിസം (pantheism) എന്ന സിദ്ധാന്തം സൂഫിസത്തിന്‍റെ മുഖ്യ പ്രമേയമാണ്. സര്‍വ്വേശ്വരവാദം ദൈവത്തിന്‍റെ ഏകത്വത്തില്‍ വിശ്വസിക്കുന്നു. മനുഷ്യാത്മാവ് അതിന്‍റെ സ്രഷ്ടാവില്‍ വിലയം പ്രാപിക്കണം എന്ന് അതു സിദ്ധാന്തിക്കുന്നു. ദൈവത്തോടുള്ള തീവ്രമായ സ്നേഹമാണ് ദൈവവുമായി ഒത്തുചേരുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം. ഈ ആശയം പ്രചരിപ്പിച്ചത് ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസ്രറയിലെ റാബിയ എന്ന സന്യാസിനിയാണ്. തന്‍റെ കവിതകളിലൂടെ അവര്‍ ദൈവസ്നേഹം പ്രചരിപ്പിച്ചു. ജനങ്ങളുടെ ദൈവത്തോടുള്ള തീവ്ര സ്നേഹം ഉജ്ജ്വലിപ്പിക്കാനും അവരില്‍ നിര്‍വ്വതിയുളവാക്കാനും സൂഫികള്‍ സംഗീത സദസ്സുകള്‍ വ്യാപകമായി സംഘടിപ്പിച്ചിരുന്നു.

ഖുറാനേയും പ്രവാചകന്‍റെ പാരമ്പര്യത്തേയും വരട്ടു തത്വവാദപരമായി നിര്‍വചിക്കുന്നതിനേയും പണ്ഡിതഗര്‍വ്വോടെ വ്യാഖ്യാനിക്കുന്നതിനേയും സൂഫികള്‍ എതിര്‍ത്തു. ദൈവാനുഭൂതിയില്‍ അധിഷ്ഠിതമായ ഖുറാന്‍റെ വ്യാഖ്യാനമാണ് സൂഫികള്‍ ആഗ്രഹിച്ചത്. മതമോ, പദവിയോ, ലിംഗമോ നോക്കാതെ എല്ലാവരോടും തുറന്ന സമീപനമാണ് സൂഫിസത്തിനുള്ളത്. സൂഫിവര്യനായ ദുല്‍നന്‍ മസ്റി ഖലീഫയ്ക്കു മുന്നില്‍ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി “ഞാന്‍ യഥാര്‍ത്ഥ ഇസ്ലാം പഠിച്ചത് ഒരു വയോധികയില്‍ നിന്നും യഥാര്‍ത്ഥ സല്‍ഗുണങ്ങള്‍ പഠിച്ചത് ഒരു ജലവാഹകനില്‍ നിന്നുമാണ്.” സൂഫിസത്തില്‍ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. സൂഫിസം മതത്തെ സ്ഥാപനവല്‍ക്കരിക്കുന്നതില്‍ നിന്ന് മോചിപ്പിച്ചു . സൂഫിസം മതത്തെ വ്യക്തിപരമാക്കിക്കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുകയും യാഥാസ്ഥിതിക ഇസ്ലാം മതത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു.

സൂഫിസത്തിന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്ന പദമാണ് ‘താസാവൂഫ്.’ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ‘സൂഫിസം’ എന്ന വാക്കിന്‍റെ ഉത്ഭവം. പല വിധത്തിലാണ് ചരിത്രകാരന്മാര്‍ ഈ വാക്കിന് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്. ഭൗതിക വിരക്തി പ്രസ്ഥാനത്തിന്‍റെ (ascecticism) പരിഷ്കൃത രൂപമാണ് സൂഫിസം. ‘സഫ’ (പരിശുദ്ധമാവുക) എന്ന പദത്തില്‍ നിന്നാണ് അത് ഉടലെടുത്തതെന്നാണ് ഒരു വ്യാഖ്യാനം. ദൈവമൊഴികെ എല്ലാറ്റില്‍ നിന്നും പരിശുദ്ധനും തിരഞ്ഞെടുക്കപ്പെട്ടവനുമാരോ അവനാണ് യഥാര്‍ത്ഥ സൂഫി. കമ്പിളി എന്നര്‍ത്ഥം വരുന്ന ‘സുഫ്’ (Suf) എന്ന വാക്കില്‍ നിന്നാണ് ‘സൂഫിസം’ എന്ന വാക്കുണ്ടായത് എന്നാണു ചിലരുടെ അഭിപ്രായം. സൂഫികള്‍ ധരിക്കുന്ന അയഞ്ഞ കമ്പിളി വസ്ത്രത്തെയാണ് ഈ പദം സൂചിപ്പിക്കുന്നതെന്ന് അവര്‍ കരുതുന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “സൂഫിസം (ഭാഗം 1)”

  1. Soumya Vipin says:

    19 നൂറ്റാണ്ടില്‍ അല്ല സൂഫിസം എന്ന പദത്തിന്റെ ഉദ്ഭവം

  2. സാഫ് എന്ന കരിമ്പടം എന്ന പദത്തിൽ നിന്നേല്ലേ സൂഫി ഉരുത്തിരിഞ്ഞത് ?

Leave a Reply

Your email address will not be published. Required fields are marked *

Scroll to top