Flash News

സ്വര്‍ണ്ണക്കടത്തും സിപി‌എം കേന്ദ്ര നേതൃത്വത്തിന്റെ മൗനവും

July 11, 2020 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ഒരു അപസര്‍പ്പക കഥയേക്കാളും ദുരൂഹമായി കഴിഞ്ഞ നാലുദിവസമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയ വിവാദത്തില്‍ മൂന്ന് ചോദ്യങ്ങളുമായി ഇടപെടുകയാണ്.

ഒന്ന്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ കള്ളക്കടത്ത് നടത്തിയ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് പതിനൊന്നാം മണിക്കൂറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയത് എന്തിനാണ്?

രണ്ട്: ഈ സംഭവമുണ്ടായി ഇത്ര ദിവസങ്ങളായിട്ടും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?

മൂന്ന്: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യ സുരക്ഷ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷ തുടങ്ങിയ വിവാദങ്ങളുടെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഐടി വകുപ്പില്‍ നിന്നും നീക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒളിവില്‍ കഴിയുന്ന പ്രതി കൂടിയായ വിവാദ വനിത എന്നിവരെക്കുറിച്ച് ഒരന്വേഷണവും നടത്താതെ സംസ്ഥാന സര്‍ക്കാര്‍ കൈയ്യും കെട്ടി ഇരിക്കുന്നത് എന്തുകൊണ്ടാണ്?

ആദ്യം മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന്റെ പശ്ചാത്തലം പറയട്ടെ. വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാള്‍ ഒളിവില്‍ പോവുകയും ചെയ്തതിന്റെ പിറ്റേന്ന് കാലത്താണ് മുഖ്യമന്ത്രി തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കീഴിലുള്ള ഐ.ടി വകുപ്പിന്റെ സെക്രട്ടറിയുമായ ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇതോടെ സാധാരണ നിലയില്‍ കേന്ദ്ര ഏജന്‍സികള്‍ കൈകാര്യം ചെയ്യേണ്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും വകുപ്പിനെയും ബന്ധപ്പെടുത്തി നടപടിയെടുത്തത് മുഖ്യമന്ത്രി തന്നെയാണ്. ഏത് അന്വേഷണവും കേന്ദ്ര സര്‍ക്കാരിന് പ്രഖ്യാപിക്കാം. സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ സമ്മതമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ നടപടിക്ക് പിന്നാലെ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ഐ.ടി വകുപ്പില്‍ സര്‍ക്കാര്‍ നിയമിച്ച കേസില്‍ പ്രതിയായ വനിതയേയും സ്ഥാനങ്ങളില്‍ നിന്ന് നീക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സി.ബി.ഐ അന്വേഷണ പരിധിയില്‍ പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേന്ദ്ര പരിധിയില്‍ വരുന്ന കാര്യത്തില്‍ സി.ബി.ഐ അന്വേഷണം സംസ്ഥാനം എങ്ങനെ ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ഇതിന് മുമ്പ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റേതായി ഡല്‍ഹിയില്‍ നിന്നും സംസ്ഥാന സെക്രട്ടറിയുടെ വകയായി എ.കെ.ജി സെന്ററില്‍ നിന്നും പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞിരുന്നു. സംഭവം നയതന്ത്ര തലത്തിലും രാജ്യരക്ഷയുമായി ബന്ധപ്പെട്ടതായതും കൊണ്ട് ഇന്റര്‍പോള്‍ അടക്കമുള്ള ഏത് ഏജന്‍സിയെ കൊണ്ടും അന്വേഷിപ്പിച്ച് കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറിയാകട്ടെ പാര്‍ട്ടിയോ ഇടതുപക്ഷ ജനാധിപത്യമുന്നണിയോ സര്‍ക്കാരോ കുറ്റവാളികളെ രക്ഷപ്പെടാനനുവദിക്കില്ലെന്നാണ് ഉറപ്പ് പറഞ്ഞത്. മുഖ്യമന്ത്രിയാകട്ടെ നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ല തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിര്‍ണായകമായ ഐ.ടി വകുപ്പ് നയിക്കുകയും ചെയ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കം ചെയ്തത് എന്നാണ് വിശദീകരിച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ സംശയമുയര്‍ന്ന സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്റെ ഒാഫീസിലിരുത്തുന്നത് ഉചിതമല്ലെന്ന ന്യായീകരണാണ് മുഖ്യമന്ത്രി നല്‍കിയത്. ഒരു ലക്ഷം രൂപ ശമ്പളത്തില്‍ ഐ.ടി വകുപ്പില്‍ പ്രതിയായ വനിതയെ നിയമിച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും ഏതോ പ്ലേസ്‌മെന്റ് സ്ഥാപനത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് പൊലീസ് മറ്റൊരു കേസില്‍ ഈ വനിതക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.

കസ്റ്റംസ് നാടാകെ വലവീശിയിട്ടും അഞ്ചു ദിവസമായി പിടികിട്ടാത്ത, ഒളിവില്‍ കഴിയുന്ന വനിത മാധ്യമങ്ങള്‍ക്കെത്തിച്ച ശബ്ദരേഖയില്‍ ഇങ്ങനെ പറയുന്നു;

• ആരോപണം രാഷ്ട്രീയപ്രേരിതമാണ്. “തനിക്ക് മുഖ്യമന്ത്രിയും സ്പീക്കറും ഐടി സെക്രട്ടറിയും ആയി മാത്രമല്ല ബന്ധം. എല്ലാ മന്ത്രിമാരുമായും ബന്ധമുണ്ട്.” അത് ഔദ്യോഗിക ബന്ധം മാത്രമാണ്.

• മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെക്കുറിച്ചോ സ്പീക്കറെക്കുറിച്ചോ തന്നെക്കുറിച്ചോ എത്ര അന്വേഷിച്ചാലും ഒന്നും കിട്ടാന്‍ പോകുന്നില്ല. വിവാദങ്ങള്‍ക്ക് ഇപ്പോഴത്തെ മന്ത്രിസഭയെ ഒന്നും ചെയ്യാനാവില്ല.

• മന്ത്രിസഭയെ ഇന്‍വെസ്റ്റിഗേറ്റു ചെയ്യുന്നവര്‍ തോറ്റു പോകും.

ഒളിവില്‍ പോയ യുവതിയടക്കം ആറുപേരെ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതിന് പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായും യു.എ.പി.എ കുറ്റം കൂടി ചേര്‍ത്തതായും സെന്‍ട്രല്‍ കസ്റ്റംസ് വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രധാന കണ്ണി ഒളിവില്‍ കഴിയുന്ന വനിതയാണെന്നും മറ്റു കള്ളക്കടത്തു സംഘങ്ങളുമായി അവര്‍ക്ക് ബന്ധമുണ്ടെന്നും കസ്റ്റഡിയിലെടുത്താല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകൂ എന്നും അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് ഹൈക്കോടതി മുമ്പാകെ ബോധിപ്പിക്കുകയുണ്ടായി.

ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ അധികാരത്തിലേറ്റിയ കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇതുസംബന്ധിച്ച നിലപാടുകളെ എങ്ങനെ ഉൾക്കൊള്ളുമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്! ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ വിവാദ വനിത കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു എന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വെളിപ്പെടുത്തുക കൂടി ചെയ്യുമ്പോൾ.

പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും വിദേശകാര്യമന്ത്രാലയവും ഒക്കെ സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും വാര്‍ത്തകള്‍ ബുധനാഴ്ച പുറത്തുവരാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ ഉപദേശകനായ വ്യക്തിക്ക് അടക്കം ബന്ധമുണ്ടായിട്ടും കൈകഴുകുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത് ദുരൂഹമാണെന്ന ആരോപണം കൂടി വിദേശകാര്യമന്ത്രി മുരളീധരന്‍ ഉന്നയിച്ചതിന് ശേഷമാണ് ഫലപ്രദമായ അന്വേഷണത്തിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇവിടെ കേന്ദ്ര നേതൃത്വത്തിന്റേയും സംസ്ഥാന സെക്രട്ടറിയുടെയും നിലപാടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താന്‍ 24 മണിക്കൂര്‍ വീണ്ടും വൈകിയത് എന്തുകൊണ്ടാണെന്ന് കേന്ദ്ര നേതൃത്വം വിശദീകരിക്കണം. ഇപ്പോഴും സി.പി.എം നേതൃത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് ഈ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണോ കേന്ദ്ര നേതൃത്വവും സംസ്ഥാന സെക്രട്ടറിയും നിലപാടുകള്‍ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് സി.പി.എം ജനറല്‍ സെക്രട്ടറി എവിടെയാണെന്ന് സംശയിക്കുന്നതും ചോദിക്കേണ്ടിവരുന്നതും. മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലി ചെയ്ത ഒരാള്‍ കേസ് പേടിച്ച് ദിവസങ്ങളായി ഒളിവില്‍ കഴിയുന്നതും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഇടപെടുന്നില്ലെന്നതും ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കയാണ്. ഇതില്‍പരം ഒരു മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകരാന്‍ ഇനി എന്ത് വേണം.

സ്വര്‍ണ കള്ളക്കടത്ത് പോലുള്ള ഒരാരോപണമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. ചരിത്രത്തില്‍ ഇല്ലാത്ത ആദ്യ സംഭവം. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പ്രകാശ് കാരാട്ടിനെപോലുള്ള ഒരാള്‍ നിലപാടെടുക്കുമ്പോള്‍ അതിനെ ജനങ്ങള്‍ എങ്ങനെയാണ് കാണേണ്ടത്.

ഇതിന് മുമ്പ് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ കയ്യില്‍ നിന്ന് വിജിലന്‍സ് വകുപ്പ് പോലും പിടിച്ചെടുത്തതും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയടക്കമുള്ളവരെ നീക്കം ചെയ്തതും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. വി.എസ് അച്യുതാനന്ദനൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ ഇ.എം.എസും നായനാരും വഹിച്ച ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായി വി.എസിനെ പാര്‍ട്ടി നേതൃത്വം നിയോഗിച്ചത് ഏറെ പാടുപെട്ടാണ്. ഭരണപവിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റില്‍ ഇടം നല്‍കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയാണ് ക്രിമിനല്‍ കേസില്‍പ്പെട്ട ഈ വിവാദ വനിതയെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ സെക്രട്ടറിയേറ്റില്‍ തന്റെ വകുപ്പില്‍ നിയമിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ബഹിരാകാശ ഉച്ചകോടി വിദേശ പ്രതിനിധികളെ ക്ഷണിച്ച് സംഘടിപ്പിച്ചതും അതില്‍ രണ്ടു ദിവസം മുഖ്യമന്ത്രി സന്നിഹിതനായതും ചിത്രം സഹിതം മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു. ഇതൊന്നും സര്‍ക്കാരും മുഖ്യമന്ത്രിയും അറിഞ്ഞില്ലേയെന്ന് ജനങ്ങള്‍ പരിഹാസപൂര്‍വം ചോദിക്കുന്നു. ബന്ധുക്കള്‍, സ്‌നേഹിതന്മാര്‍ തുടങ്ങി കൂടുതല്‍ അടുപ്പമുള്ളവര്‍ വിചാരിച്ചാല്‍ സര്‍ക്കാരില്‍കാര്യം നടക്കുമെന്ന് വരുന്നത് അഴിമതിയാണെന്ന് നയപ്രഖ്യാപനം നടത്തിയ ഇ.എം.എസിന്റെ പിന്തുടര്‍ച്ചക്കാരനായ ഒരു മുഖ്യമന്ത്രിയാണ് മറ്റൊരു പാര്‍ട്ടിയുടെ ഒരുമുഖ്യമന്ത്രിയും വരുത്താത്ത അഴിമതിയുടെയും അവിശ്വാസത്തിന്റെയും ചെളിക്കുണ്ടിലേക്ക് ഇടതുപക്ഷ ഗവണ്‍മെന്റിനെ ഇപ്പോള്‍ വീഴ്ത്തിയിരിക്കുന്നത്.

അല്‍പ്പമെങ്കിലും രാഷ്ട്രീയബോധവും സത്യസന്ധതയുമുണ്ടെങ്കില്‍ ഈ മുന്നണി സര്‍ക്കാരിനെ നയിക്കുന്നുവെന്ന് നടിക്കുന്ന സി.പി.എം നേതൃത്വത്തിന് ഇതിന് കൃത്യമായ വിശദീകരണം നല്‍കാനും നടപടി സ്വീകരിക്കാനും ചരിത്ര ബാധ്യത ഇല്ലേ. ഇന്ത്യയുടെ ആദ്യ കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സെക്രട്ടറി അഴിമതിക്ക് കൂട്ടുനിന്നതിന് ധനകാര്യമന്ത്രി രാജിവെക്കേണ്ടി വന്ന ചരിത്രം സി.പി.എം നേതൃത്വത്തിന് അറിയാത്തതല്ല. മുമ്പ് പുരക്ക് ചാഞ്ഞ മരമെന്ന് പറഞ്ഞ് പാര്‍ട്ടി നേതാക്കളെ ആരോപണങ്ങളുടെ പേരില്‍ വെട്ടി വീഴ്ത്തിയ അനുഭവങ്ങളെങ്കിലും മറക്കാനിടയില്ല. എന്നാല്‍ പാര്‍ട്ടിയുടെ മേല്‍പ്പുര തന്നെ തകര്‍ത്ത് അഴിമതി വിവാദത്തിന്റെ കാറ്റില്‍ ഉയര്‍ന്നാടുന്ന പാര്‍ട്ടി മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളും നടപടികളും ഇനിയെങ്കിലും ചോദ്യം ചെയ്യാനുള്ള തന്റേടം സി.പി.എം നേതൃത്വത്തിന് ഉണ്ടോ എന്നാണ് കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കേണ്ടത്.

ചര്‍ച്ച ചെയ്താലും തിരുത്താന്‍ ശ്രമിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഭവത്തോടെ പ്രധാനമന്ത്രി മോദിയുടെ കനിവിന് പൂര്‍ണമായും വിധേയനായിക്കഴിഞ്ഞു എന്ന പുതിയ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ബി.ജെ.പി നേതാക്കള്‍ എന്തൊക്കെ പ്രസംഗിച്ചാലും പ്രധാനമന്ത്രി മോദിയും അമിത്ഷായും രാജ്യരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്നെടുക്കുന്ന തീരുമാനം കേരളത്തില്‍ ശേഷിക്കുന്ന സി.പി.എമ്മിനെയും അതിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തേയും എവിടെ കൊണ്ടെത്തിക്കും എന്നു മാത്രം കാത്തിരിക്കുക.

ചര്‍ച്ച ചെയ്താലും തിരുത്താന്‍ ശ്രമിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഭവത്തോടെ പ്രധാനമന്ത്രി മോദിയുടെ കനിവിന് പൂര്‍ണമായും വിധേയനായിക്കഴിഞ്ഞു എന്ന പുതിയ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ബി.ജെ.പി നേതാക്കള്‍ എന്തൊക്കെ പ്രസംഗിച്ചാലും പ്രധാനമന്ത്രി മോദിയും അമിത്ഷായും രാജ്യരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്നെടുക്കുന്ന തീരുമാനം കേരളത്തില്‍ ശേഷിക്കുന്ന സി.പി.എമ്മിനെയും അതിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തേയും എവിടെ കൊണ്ടെത്തിക്കും എന്നു മാത്രം കാത്തിരിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top