നയതന്ത്ര പാഴ്സല്‍ വഴി 15 കോടി രൂപ വിലവരുന്ന 30 കിലോയോളം സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ പോയി ബംഗളൂരുവില്‍ നിന്ന് എന്‍ ഐ എയുടെ പിടിയിലായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കൊച്ചിയിലെ എന്‍ഐഎയുടെ ഓഫീസിലെത്തിച്ചു. ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചത്. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
ഇവരുമായി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട വാഹനത്തിനെതിരെ വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയും പ്രതിഷേധവുമായി റോഡ് തടസ്സം സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു.
ആലുവ കടന്ന് കൊച്ചിയിലേക്ക് കടന്നപ്പോഴേയ്ക്കും പ്രതിഷേധകര്‍ പ്രതികളുടെ കാറിന് നേരെ ചാടിവീണു. ഇതോടെ പ്രതിഷേധക്കാരെ ഒഴിവാക്കാന്‍ പ്രതികളുടെ കാര്‍ ട്രാക്ക് മാറ്റിവിട്ടു. ടോള്‍പ്ലാസ കടന്ന് തൃശൂര്‍ ഭാഗത്തേയ്ക്കുള്ള ഗേറ്റിലൂടെയാണ് കാര്‍ കൊച്ചിയിലേക്ക് കടന്നത്. തുടര്‍ന്ന് അകമ്പടി പോയ വാഹനത്തിന് നേരെയായിരുന്നു പ്രതിഷേധം. കടവന്ത്രയിലെ എന്‍ഐഎ ഓഫീസിലേക്കാണ് പ്രതികളെ എത്തിച്ചിരിക്കുന്നത്.
അതിനിടെ, സ്വര്‍ണ്ണം കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് സംശയിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് സൂചന. അദ്ദേഹത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയ്ക്ക് സര്‍ക്കാര്‍ മുതിരുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ് വിവാദം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി പദവികളില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറിയ്ക്ക് ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ വന്നതോടെ ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്.
സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫ്ളാറ്റ് റെയ്ഡ് ചെയ്ത കസ്റ്റംസ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിആര്‍ സരിത്തും ഇവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഈ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
അതേസമയം ശിവശങ്കറിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ എത്തി കരി ഓയില്‍ ഒഴിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വസതിയ്ക്ക് സുരക്ഷ ശക്തമാക്കിയത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply