Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം – 32)

July 13, 2020 , അബൂതി

മഴപെയ്തു തോര്‍ന്നതിനാല്‍ തണുത്ത അന്തരീക്ഷമായിരുന്നു. മഴയില്‍ കുളിരുന്ന ഭൂമിക്കിടാത്തിയുടെ ലജ്ജയില്‍ മുങ്ങിയ പുഞ്ചിരി പോലെ, സപ്തവര്‍ണ്ണങ്ങളുടെ പീലിക്കുടയുമായി ഒരു മഴവില്ല് പാടത്തു നിന്നും കുറുമാന്‍ കുന്നിലേക്ക് ചെരിഞ്ഞു നിന്നു. മഴ നനഞ്ഞു തണുത്തതിനാലാവും, ഒരു ശാരികക്കൂട്ടം തെങ്ങോലകളില്‍ വരിവരിയായി, തന്താങ്ങളുടെ ചിറകിലേക്കൊതുങ്ങിയിരിക്കുന്നുണ്ട്. മഴയ്ക്ക് ശേഷമുള്ള വെയിലിന്റെ നേര്‍ത്ത ചൂട് കായുകയാണവര്‍.

ഗൃഹപ്രവേശനം ഇന്നലെയായിരുന്നു. വേണുവിന്റെ മിടുക്ക് ആ വീടുപണിയില്‍ തെളിഞ്ഞു കാണാമായിരുന്നു. വലിയ ഒരു വീടല്ല. പക്ഷെ നല്ല സൗകര്യമുള്ളൊരു വീട്. വീടിന്റെ അടുക്കളയില്‍ പാല്‍ തിളച്ചു തൂവിയപ്പോള്‍ അമ്മയുടെ കണ്ണുകളും തിളച്ച് തൂവി. ആ പാവം, അച്ഛനെ ഓര്‍ത്ത് കരഞ്ഞതാവും. ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ അവളുടെ കണ്ണിലും ഏതാനും നീര്‍മുത്തുകളായി ഉരുണ്ടുകൂടി. സന്തോഷം ശാരദക്കുട്ടിയുടെ കണ്ണിലും നീരായി പരിണമിച്ചിരുന്നു. സിദ്ധുവും കുഞ്ഞോളും ഓരോ ശലഭങ്ങളായി മാറിയിരുന്നു.

നാട്ടുകാരില്‍ പ്രമാണിമാരും അല്ലാത്തവരുമായി ഒരുപാടാളുകള്‍ വന്നു. കാരണവന്മാരില്‍ ചിലര്‍ക്ക് അത് അവരുടെ ചങ്ങാതി വാസൂട്ടന്റെ മോളുടെ വിജയത്തിന്റെ വിളിയാളമായിരുന്നു. ചവിട്ടിത്തേയ്ക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ അവള്‍ കൊടുക്കുന്ന ചുട്ട മറുപടി. ചെറുപ്പക്കാര്‍ക്ക് പണ്ട് കേട്ട കഥയിലെ നായികയുടെ അഗ്നിസ്നാനം കഴിഞ്ഞുള്ള തിരിച്ചുവരവിന്റെ കാഹളഘോഷമായിരുന്നു. സ്ത്രീജനങ്ങളില്‍ ചിലര്‍ സന്തോഷിച്ചു. ചിലര്‍ മൂക്കത്ത് വിരല്‍ വച്ചു. ദൂഷ്യം പറയാനും ഒരു ന്യുനപക്ഷമുണ്ടായിരുന്നു.

ആണുങ്ങളൊക്കെ കണ്ടും കേട്ടും നടന്നാല്‍ അവര്‍ക്ക് കൊള്ളാം. അവളെ തൊട്ടാല്‍ തോട്ടവര്‍ക്കൊക്കെ നാശമാണ്. കണാരേട്ടന്‍ ചോരതുപ്പി ചത്തു. ചെമ്പകത്തെ രാജന്‍ റോഡില്‍ കിടന്ന് പട്ടിയെ പോലെ ചത്തു. സുകുവിന് കൊടും ഭ്രാന്തായി. പിന്നെ മണ്ണില്‍ വീണ് ചിന്നിച്ചിതറി. ഇനി വിനോദ്.. പാവം അവനെങ്കിലും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു. അവളെ പരിചപ്പെട്ടപ്പോഴേക്കും കാലൊരെണ്ണം പൊട്ടിപ്പൊടിഞ്ഞില്ലേ? അവനെ അവള്‍ കൈവിഷം കൊടുത്തു മയക്കിയതാണ്. ആണുങ്ങളുടെ ചോര കുടിക്കാന്‍ നടക്കുന്ന യക്ഷി….

അന്യന്റെ സുഖത്തില്‍ നെഞ്ചു പൊട്ടുന്നവര്‍, സ്വയം നെഞ്ചു തടവി ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു.

അത് ഇന്നലെയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല. ഗ്രാമത്തിലെ അമ്പലത്തില്‍ വച്ചാണ്, വിനോദ് അവളുടെ മാറില്‍ മിന്നു ചാര്‍ത്തുന്നത്. ആ മുഹൂര്‍ത്തമാണ് ഇപ്പോള്‍. മഴയേറ്റ് മണ്ണും, മനുഷ്യന്റെ മനസും, ഒരു പോലെ കുളിര്‍ന്നു നില്‍ക്കുന്ന ഈ മുഹൂര്‍ത്തം.

ഒരു ചെറിയ ആൾക്കൂട്ടമുണ്ട്. കാരണവന്മാർ മുതൽ ചെറുപ്പക്കാർ വരെ. അന്നൊരിക്കൽ ഈ ഗ്രാമം തിരസ്കരിച്ചവളെ, ഇന്ന് അതേ ഗ്രാമം ദത്തെടുത്തിരിക്കുന്നു. പെണ്ണുങ്ങളുടെ വയ്ക്കുരവയുടെ അകമ്പടിയോടെ വിനോദ് അവളെ തന്റെ ആത്മാവിന്റെ പാതിയിലേക്ക് ചേര്‍ത്തു വച്ചു. ഒരു മഞ്ഞച്ചരടില്‍ കോര്‍ത്തൊരു കുഞ്ഞു ലോഹക്കഷണത്തിനാല്‍… അതൊരു വിശ്വാസത്തിന്റെ പ്രതീകമാണ്. വാഗ്ദാനത്തിന്റെ പ്രതീകമാണ്.

അനുഗ്രഹത്തിനായി തന്റെ മുന്‍പില്‍ കുനിഞ്ഞ മകളെ ആ അമ്മ, പിടിച്ചെഴുനേല്‍പ്പിച്ച്, സന്തോഷം കരകവിഞ്ഞൊഴുകുന്ന കണ്ണുകളോടെ നോക്കി. ഇനി നിനക്കെന്നും നന്മകള്‍ മാത്രമുണ്ടാവട്ടെ മോളെ. നന്മകള്‍ മാത്രമുണ്ടാവട്ടെ….

ശാരദക്കുട്ടി അവളെ വാരിപ്പുണര്‍ന്നു. ആ കവിളുകളില്‍ മാറിമാറി ഉമ്മ വച്ചു. അവളുടെ മനസ്സിലും ആശീർവാദത്തിന്റെ നീർപ്രവാഹങ്ങളൊഴുകി. എന്റെ ചേച്ചീ… ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ.. നല്ലത് മാത്രം….

കണ്‍ക്കോണില്‍ പൊടിഞ്ഞു നില്‍ക്കുന്നൊരു തുള്ളി നീരുമായി, പറഞ്ഞറിയിക്കാനാവാത്ത ഭാവത്തോടെ നില്‍ക്കുന്ന സിദ്ധുവിനോട്, ഒരു കാരണവരുടെ വക തമാശ…. നിനക്കമ്മയുടെ കല്ല്യാണത്തിന് ഉപ്പു വിളമ്പാമെന്നായിരുന്നു. സുന്ദരന് അത് തീരെ ഇഷ്ടമായില്ലെന്ന് അവന്റെ മുഖഭാവം വിളിച്ചു പറഞ്ഞു. മുന്‍ നിരയില്‍ നിന്നും അടര്‍ന്നു പോയ പല്ലുകളുടെ വിടവ് കട്ടി ക്രൂരമായൊരു തമാശ ആസ്വദിച്ച് ചിരിച്ച കാരണവര്‍ അവന്റെ ക്രൂദ്ധമായ നോട്ടത്തിന്റെ മുന്‍പില്‍ ചൂളിപ്പോയി. സുന്ദരന്‍ സിദ്ധുവിന്റെ തോളില്‍ പിടിച്ച്, വാ മോനെ, എന്നുപറഞ്ഞ് മെല്ലെ അവിടെ നിന്നും പുറത്തേക്ക് നടന്നു. സുന്ദരന്റെ കൂടെ ചേര്‍ന്നു പോവുകയായിരുന്ന സിദ്ധുവിന്റെ വലംകൈയ്യില്‍ പിടിച്ച് കുഞ്ഞോള് കൂടെയുണ്ടായിരുന്നു. അതൊരു മനോഹരമായ കാഴ്ചയായിരുന്നു. അതിമനോഹരമായ കാഴ്ച.

ക്ഷേത്രനടയില്‍ നിന്നും പുറത്തേയ്ക്ക് വന്ന അവരെ ഒരു കൂട്ടം ചെറുപ്പക്കാരാണ് എതിരേറ്റത്. ഒരായിരം ബെസ്റ്റ് വിഷസുകള്‍ കൊണ്ട് അവര്‍ നവദമ്പതികളെ അനുമോദിച്ചു. നാട്ടിലെ ക്ലബ്ബിലെ കുട്ടികളാണവര്‍. വിനോദ് അവര്‍ക്ക് പ്രിയപ്പെട്ട മാഷാണ്. അവരുടെ കണ്ണില്‍ ഇപ്പോള്‍ വിനോദാണ് ഏറ്റവും വലിയ വിപ്ലവകാരി. നാട്ടുനടപ്പിന്റെ താഴികക്കുടങ്ങളെ സ്വന്തം ജീവിതം കൊണ്ട് തച്ചുടച്ചവന്‍. വിപ്ലവം ജയിക്കട്ടെ… അവര്‍ ഒരുപാട് കാലം സുഖമായി ജീവിക്കട്ടെ… ഒരായിരം ആശീര്‍വാദത്തിന്റെ പൂച്ചെണ്ടുകള്‍….

പുറത്ത് റോഡില്‍ അവരെയും കാത്ത്, കാറില്‍ ചാരി നില്‍ക്കുന്ന ഗംഗയും, അവളുടെ ഏട്ടനുമുണ്ടായിരുന്നു. അലാവുദ്ദീന്റെ അത്ഭുത വിളക്കിലെ ജിന്നിനെ പോലെ, അവളുടെ ജീവിതത്തിലേക്ക് ഭാഗ്യത്തിന്റെ മഹാപ്രവാഹത്തെ വഴിതിരിച്ചു വിട്ട മനുഷ്യന്‍. അവള്‍ ആ കാല്‍ക്കല്‍ നമസ്കരിച്ചു. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് നെറുകിയില്‍ കൈവച്ച് അയാള്‍ പറഞ്ഞു.

“നന്നായി വരും. എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവും.. എന്നും…”

ശേഷം വിനോദിനോടായി പറഞ്ഞു…

“ഒരായുസ്സില്‍ കരയാണുള്ളത് മുഴുവനല്ല, അതിനേക്കാളെത്രയോ കൂടുതല്‍, ഇതിനകം ഇവള്‍ കരഞ്ഞു തീര്‍ത്തിട്ടുണ്ട്. ഇനിയും ഈ കണ്ണുകള്‍ നിറയരുത്. ഒരിക്കലും..”

മറുപടിയായി വിനോദ് ഒരു മനോഹരമായ പുഞ്ചിരിയാണ് നല്‍കിയത്. അത് മതി എന്ന അര്‍ത്ഥത്തില്‍ അയാള്‍ തല കുലുക്കി. ഗംഗ അവളെ ഒന്ന് പുണര്‍ന്നു. പിന്നെ ആ നെറ്റിയിലൊരുമ്മ നല്‍കി.

“ഞങ്ങള്‍ പോകുന്നു.. ഇതിനേക്കാള്‍ ചന്തമുള്ളൊരു കാഴ്ച്ച ജീവിതത്തില്‍ കണ്ടിട്ടില്ല… സത്യം….”

അവളുടെ കവിളില്‍ തോലോടിക്കൊണ്ട് പിന്നെയും നിന്നു, ഗംഗ, നിറമിഴികളോടെ ഒരല്പ നേരം കൂടി. പിന്നെ യാത്ര പോലും പറയാന്‍ നില്‍ക്കാതെ കാറിലേക്ക് കയറിയപ്പോള്‍, പിന്നാലെ അദ്ദേഹവും കയറി. അകന്നു പോകുന്ന കാറില്‍ നിന്നും രണ്ടു കൈകള്‍ ഒരുമിച്ച് നീണ്ടു വന്നു. അവ വീശിക്കൊണ്ടിരിക്കെ അകന്നു പോകുന്ന ആ വാഹനം അവളുടെ കാഴ്ചയില്‍, നേർത്ത നീര്‍പാടയാല്‍ മങ്ങിയില്ലാതായി..

ആ ചെറിയ വിവാഹാഘോഷ യാത്രാസംഘം കാല്‍നടയായി മുന്നോട്ട് നീങ്ങി. നാട്ടുകാര്‍ക്കതൊരു കൗതുകമായിരുന്നു. കൗതുകം കലര്‍ന്ന പുഞ്ചിരിയോടെ, കണ്ടവരെല്ലാം അവരെ ആശീര്‍വദിച്ചു. ഉള്ളില്‍ ദുഷിപ്പുള്ളവര്‍ മുഖം തിരിച്ചു കളഞ്ഞു. അതൊന്നും അവരെയാരെയും ബാധിച്ചില്ല. വീട്ടിലൊരു പന്തലിട്ടിട്ടുണ്ട്. അവിടെ സദ്യയൊരുങ്ങുന്നുണ്ട്. അവിടെ ഇന്ന് എല്ലാവര്‍ക്കും സന്തോഷം വിളമ്പുന്നുണ്ട്.

റോഡായി പരിണമിച്ച ഇടവഴിയിലേക്ക് അവര്‍ പ്രവേശിച്ചു. ആശാരിക്കാവില്‍ അതുവരെ ഉറങ്ങുകയായിരുന്ന ഒരിളം തെന്നല്‍ ഞെട്ടിയുണര്‍ന്നു. ഇലച്ചാര്‍ത്തുകളെ ഉലച്ചുകൊണ്ട് ആ കാറ്റ്, കുന്നിന്‍ ചെരുവിലൂടെ അവരുടെ അടുത്തേയ്‌ക്കോടി വന്നു. വലിയ മരങ്ങള്‍ പിന്നെയും പെയ്തു. നീര്‍മണികള്‍ മണ്ണിലേക്കടര്‍ന്നു വീണു. തന്റെ ആത്മാവിലേക്ക് അലിഞ്ഞു ചേര്‍ന്ന കുളിരുമായി കാറ്റവരെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ വയലോലകളിലേക്ക് നീന്താന്‍ തുടങ്ങി. തണുപ്പറ്റ ശാരികക്കൂട്ടം, തെങ്ങോലകളില്‍ നിന്നും പറന്നുയര്‍ന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും.

അച്ഛന്റെ ചിത്രത്തിനു മുന്‍പിലായിരുന്നില്ല, ആ ഓര്‍മകള്‍ക്ക് മുൻപിലായിരുന്നു, അവള്‍ കൈകൂപ്പി തൊഴുതു നിന്നത്. അവളുടെ അകക്കണ്ണില്‍ അച്ഛന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു. വിറയ്ക്കുന്ന കൈകള്‍ തന്റെ മൂര്‍ദ്ധാവില്‍ വച്ച് അച്ഛന്‍ അനുഗ്രഹിക്കുന്നത് അവള്‍ തിരിച്ചറിഞ്ഞു. അവളിപ്പോള്‍ അച്ഛന്റെ ഗന്ധമറിയുന്നുണ്ട്. വിയര്‍പ്പും ബീഡിയും ഇടകലര്‍ന്ന അച്ഛന്റെ ഗന്ധം…

സായന്തനത്തിന്റെ ചുവന്ന ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്നും സൂര്യന്‍ ഒരിക്കല്‍ കൂടി ഗ്രാമത്തെ എത്തിനോക്കി. പിന്നെ കുറുമാന്‍ കുന്നിന്റെ അപ്പുറത്തേക്ക് മറഞ്ഞു. മതികലയുടെ പുഞ്ചിരിയില്‍ ഭൂമിയാകെ ചന്ദനപ്പുഴയൊഴുകി. ഇണകളെ തേടി രാക്കിളികളുടെ പാട്ടുയര്‍ന്നു. നിശാഗന്ധികളെ തേടി കറുത്ത ശലഭങ്ങള്‍ ചിറകുകള്‍ വിടര്‍ത്തി. തീര്‍ച്ചയായും ഈ രാവിന് അതിയായ ചന്തമുണ്ട്….

അവസാനിച്ചു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top