Flash News

സുപ്രീം കോടതി വിധി സര്‍ക്കാരിന് ഏറ്റ തിരിച്ചടി

July 13, 2020 , കുമ്മനം രാജശേഖരന്‍

ക്ഷേത്ര ഭരണത്തില്‍ മതേതര സര്‍ക്കാരിന് ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും അവകാശവും ഉണ്ടെന്ന മുന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിന് ഏറ്റിട്ടുള്ള കനത്ത തിരിച്ചടിയാണ് പത്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധി.

സ്വാതന്ത്യാനന്തരം ക്ഷേത്ര ഭരണ വ്യവസ്ഥിതി സംബന്ധിച്ചു രാജാവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിക്ക് (കവനന്റ്) സാധുത നല്‍കുന്ന ഈ വിധി ഒട്ടേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്. ഇതോടെ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് നിയമ സാധുത ഇല്ലാതായി. കവനന്റ് പ്രകാരം സ്വതന്ത്ര പരമാധികാര ബോര്‍ഡ് രൂപീകരിക്കേണ്ടതിന് പകരം സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കള്‍ അംഗങ്ങളായ ബോര്‍ഡാണ് രൂപീകരിച്ചത്.

പത്മനാഭസ്വാമി ക്ഷേത്ര കേസിലും കേരള സര്‍ക്കാര്‍ ഇതേ നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിന്‍റെ ഭരണം തങ്ങള്‍ക്ക് വേണമെന്ന സര്‍ക്കാരിന്‍റെ വാദം സുപ്രീം കോടതി നിരാകരിക്കുകയും രാജ കുടുംബത്തിന്‍റെ അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു.

സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന്‍റെ കണ്ണ് തുറപ്പിക്കണം. ശബരിമല ആചാര കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ കടന്നു കയറ്റത്തിനെതിരെ ഭക്തജനങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതുപോലെ കേരള സര്‍ക്കാര്‍ ക്ഷേത്രസംബന്ധമായി സ്വീകരിച്ച എല്ലാ നടപടികളും നിയമവിരുദ്ധമാണെന്ന് ഈ വിധി വ്യക്തമാക്കുന്നു.

ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന കെ.പി ശങ്കരന്‍ നായര്‍ കമ്മീഷന്‍, കുട്ടികൃഷ്ണ മേനോന്‍ കമ്മീഷന്‍ തുടങ്ങിയവരുടെ ശുപാര്‍ശകള്‍ക്ക് കിട്ടിയ അംഗീകാരം കൂടിയാണിത്. കോടതി നിരവധി പ്രാവശ്യം ആവശ്യപ്പെടുകയും നാളിതുവരെ ഭക്തജനങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തിട്ടും സര്‍ക്കാര്‍ ഇതുവരെ അവയ്ക്കൊന്നും വഴങ്ങിയിട്ടില്ല. അവസാനമായി സുപ്രീം കോടതിയും സര്‍ക്കാരിന്‍റെ ഇടപെടല്‍ ക്ഷേത ഭരണത്തില്‍ പാടില്ലെന്ന് വ്യക്തമാക്കിയ ഈ പശ്ചാത്തലത്തില്‍ ക്ഷേത്ര ഭരണ വ്യവസ്ഥിതി ഉടച്ചു വാര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കാലഹരണപ്പെട്ട ദേവസ്വം നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്ന് ഈ വിധി വ്യക്തമാക്കുന്നു.

സുപ്രീം കോടതി വിധി ക്ഷേത്ര വിശ്വാസികളുടെ വിജയമാണ്. വിശ്വാസത്തിനും ആചാരത്തിനും അനുഷ്ഠാനത്തിനും നിലയും വിലയുമുണ്ടെന്ന് സുപ്രീം കോടതി അടിവരയിട്ട് ഓര്‍മ്മപ്പെടുത്തുന്നു. മതേതര സര്‍ക്കാര്‍ മത വിശ്വാസ സങ്കല്‍പ്പങ്ങളില്‍ തീര്‍പ്പു കല്പിച്ചു തീരുമാനങ്ങള്‍ ഭക്തജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പതിവ് നടപടികള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

പത്മനാഭ ദാസനായിട്ടാണ് തിരുവിതാംകൂര്‍ രാജാവ് ക്ഷേത്ര ഭരണം നടത്തിയത്. വിശ്വാസവും ആചാരവും, സ്വത്തും, ക്ഷേത്രവും പരിരക്ഷിക്കാന്‍ രാജാവ് ബാധ്യസ്ഥനായിരുന്നു. തൃപ്പടി ദാനമായി സമര്‍പ്പിച്ചു വിനീത ദാസനായി ഭരിച്ച രാജാവ് ഒരിക്കലും ക്ഷേത്ര ആചാരങ്ങള്‍ ധ്വംസിച്ചിട്ടില്ല. ഭക്തജന താല്പര്യത്തിനായിരുന്നു പ്രാധാന്യം.

ഈ വിധിയിലൂടെ സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചത് ഭക്തജനങ്ങളുടെ വിശ്വാസവും താല്പര്യവുമാണ്. ആ നിലക്ക് വിധിയെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. പത്മനാഭ ദാസര്‍ക്ക് പത്മനാഭ സ്വാമി ക്ഷേത്രം വിട്ടുകിട്ടണമെന്നത് ഭക്തജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ്. സര്‍ക്കാരിന്‍റെ ലക്ഷ്യം ക്ഷേത്രത്തില്‍ നിന്നും ലാഭമുണ്ടാക്കണമെന്ന വാണിജ്യപരമായ ലക്ഷ്യവും താല്പര്യവും മാത്രമേയുള്ളു. അതുകൊണ്ടാണ് സമീപകാലത്തു ശബരിമല തിരുവാഭരണം ഏറ്റെടുക്കാനും ക്ഷേത്രങ്ങളിലെ പാത്രം, വിളക്ക് മറ്റ് സ്വത്തുക്കള്‍ വിറ്റ് പണമുണ്ടാക്കാനും ദേവസ്വം ബോര്‍ഡ് ശ്രമിച്ചത്.

ദേവസ്വം മന്ത്രി സുപ്രീം കോടതി വിധി സ്വാഗതം ചെയ്തതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമീപകാലത്തു സര്‍ക്കാര്‍ ഏറ്റെടുത്ത ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേതങ്ങള്‍ ഭക്തജനങ്ങള്‍ക്ക് തിരുച്ചു നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top