വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് 84 കോടിയിലധികം രൂപ പിഴ ചുമത്തി

ന്യൂദല്‍ഹി: 84.48 കോടി രൂപ പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് (പി.ടി.ഐ) നോട്ടീസ് അയച്ചു. ഭവന, നഗര മന്ത്രാലയത്തിന് കീഴിലുള്ള ഭൂവികസന ഓഫീസ് ദുരുപയോഗം ചെയ്തതിനാലാണ് പിഴ ഈടാക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു.

ഭൂമി ദുരുപയോഗം ചെയ്തതിനാലും നാശനഷ്ടമുണ്ടായതിനാലും പിഴ നല്‍കുമെന്ന് ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറില്‍ പി.ടി.ഐ രേഖാമൂലം നല്‍കേണ്ടിവരുമെന്ന് നോട്ടീസില്‍ പറയുന്നു.

ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറില്‍ വാര്‍ത്താ ഏജന്‍സി സത്യവാങ്മൂലം നല്‍കേണ്ടതാണെന്നും, 2016 ഏപ്രില്‍ ഒന്നിന് മുമ്പ് പ്രാബല്യത്തില്‍ വന്ന പുതുക്കിയ ഭൂമി നിരക്ക് അനുസരിച്ച് ഭൂമിയുടെ തെറ്റായ ഉപയോഗം/നഷ്ടം എന്നിവ ഈടാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ജൂലൈ 14 നകം ഏജന്‍സി ഏതെങ്കിലും ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ പിഴ അടച്ച് അവ ക്രമീകരിക്കണം.

ഈ പിഴ തുക നിശ്ചിത സമയത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ 10 ശതമാനം അധിക പിഴ കൂടി ഈടാക്കുമെന്ന് ലാന്‍ഡ് ആന്‍ഡ് ഡവലപ്മെന്റ് ഓഫീസ് അറിയിച്ചു. നോട്ടീസില്‍, ‘പാട്ടക്കരാര്‍ തുക പൂര്‍ണമായി അടയ്ക്കുകയും ഓഫീസ് പരിസരം മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഉപയോഗിക്കുകയും ചെയ്യണം’ എന്നും പറഞ്ഞു. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഇളവ് പിന്‍വലിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നോട്ടീസില്‍ ഇങ്ങനെ പറയുന്നു.. ‘2020 ജൂലൈ 14 നകം ദില്ലി ഓഫീസിലെ നിയമലംഘനങ്ങള്‍ തിരുത്തേണ്ടതാണ്, കൂടാതെ ഈ നോട്ടീസ് ഇഷ്യു ചെയ്ത് 30 ദിവസത്തിനകം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പരിസരത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്യും.’

ദേശീയ ബ്രോഡ്കാസ്റ്റര്‍ പ്രസാര്‍ ഭാരതിയുടെ മുന്നറിയിപ്പിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ അറിയിപ്പ് വന്നതെന്ന് പിടി‌ഐ പറയുന്നു. ദേശ വിരുദ്ധ പ്രക്ഷേപണം നടത്തിയതിന് പിടിഐക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തുമെന്ന് അവര്‍ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment