Flash News

സൂഫിസം (ഭാഗം 2)

July 14, 2020 , ബിന്ദു ചാന്ദിനി

ഇസ്ലാമിലെ ചിന്താധാരകളില്‍ ഒന്നായ സൂഫിസത്തെകുറിച്ച് പറയുമ്പോള്‍ ഇസ്ലാമിക ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കാതെ കടന്നു പോകാന്‍ കഴിയില്ല. അറേബ്യന്‍ ഉപദ്വീപില്‍ ജീവിച്ചിരുന്ന ബെദോയിനുകളുടെ (Bedouins) നാടോടി പാരമ്പര്യങ്ങളില്‍ നിന്ന് മധ്യ ഇസ്ലാമിക പ്രദേശത്തെ രാഷ്ട്ര രൂപീകരണത്തിലേക്ക് ഇസ്ലാം എത്തിച്ചേര്‍ന്നതിനെക്കുറിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ ഒരു ബില്യനിലധികം മുസ്ലീംങ്ങളുണ്ട്. അവര്‍ പല രാജ്യങ്ങളിലെ പൗരന്മാരാണ്. പല ഭാഷകള്‍ സംസാരിക്കുന്നവരാണ് . വ്യത്യസ്ത രീതിയില്‍ വേഷം ധരിക്കുന്നവരാണ്. അവര്‍ മുസ്ലീംങ്ങളായി തീര്‍ന്ന പ്രക്രിയകളും വ്യത്യസ്തമാണ്. എന്നിരുന്നാലും ഇസ്ലാമിക സമുദായത്തിന്‍റെ ഉത്ഭവം ഏകീകൃതമായൊരു ഭൂതകാലത്തില്‍ നിന്നാണ്. ഏതാണ്ട് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യന്‍ ഉപദ്വീപിലാണ് ഇസ്ലാം മതത്തിന്‍റെ ഉത്ഭവം.

എ ഡി. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകനായ മുഹമ്മദ് ( 571-632 ) ആണ് ഇസ്ലാം മതത്തിന് രൂപം നല്‍കിയത്. അറേബ്യയില്‍ ഇസ്ലാമിന്‍റെ ആഗമനത്തിന് മുമ്പ് അറബികള്‍ ബഹുദൈവാരാധകരും വിഗ്രഹാരാധകരും ആയിരുന്നു. അവര്‍ ഗോത്രങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരുന്നു. പല അറബ് ഗോത്രങ്ങളും നാടോടികളായിരുന്നു. ചില ഗോത്രങ്ങള്‍ നഗരങ്ങളില്‍ സ്ഥിര താമസമാക്കുകയും കച്ചവടത്തിലോ കൃഷിയിലോ ഏര്‍പ്പെടുകയും ചെയ്തു. മുഹമ്മദ് നബി ജനിച്ചു വളര്‍ന്നത് മക്കയിലെ ഖുറൈശി (Quraysh) ഗോത്രത്തിലാണ്. മക്കയിലെ കഅബ ദേവാലയം ഖുറൈശി ഗോത്രത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. എല്ലാവരും കഅബയെ പാവനമായ ആരാധനലായമായി കണക്കാക്കുകയും വര്‍ഷം തോറും തീര്‍ഥാടനം (ഹജ്ജ്) നടത്തുകയും ചെയ്തു. യെമനും സിറിയയ്ക്കും മധ്യേയുള്ള ഒരു വ്യാപാര പാതയ്ക്കരികിലാണ് മക്ക സ്ഥിതി ചെയ്യുന്നത് . മക്കയിലേക്കുള്ള തീര്‍ഥാടനവും വ്യാപാരവും പരസ്പരം സംവാദിക്കാനും വിശ്വാസങ്ങളും ആചാരങ്ങളും പങ്കുവെക്കാനും നാടോടി ഗോത്രങ്ങള്‍ക്കും സ്ഥിരതാമസമാക്കിയ ഗോത്രങ്ങള്‍ക്കും അവസരമേകി.

എ.ഡി. 610-632 കാലയളവിലാണ് പ്രവാചകന്‍ മുഹമ്മദ് നബി അറേബ്യയില്‍ ഇസ്ലാമിക പ്രബോധനം നടത്തിയത്. അദ്ദേഹം പഠിപ്പിച്ച ആരാധാന രീതി വളരെ ലളിതമായിരുന്നു. ദൈനംദിന പ്രാര്‍ത്ഥനകളും (സ്വലാത്ത്) സാന്മാര്‍ഗിക തത്വങ്ങളും (ദാനം, ധര്‍മ്മം മോഷ്ടിക്കാതിരിക്കല്‍ മുതലായവ) വ്രതം ഇതില്‍ ഉള്‍പ്പെടുന്നു. നബിയുടെ സന്ദേശങ്ങള്‍ മക്കയിലെ ജനങ്ങളെ ആകര്‍ഷിച്ചു. കച്ചവടം മതം എന്നിവയുടെ നേട്ടങ്ങള്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മക്കയിലെ ജനങ്ങള്‍ പുതിയൊരു സാമുദായിക സ്വത്വത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. മുഹമ്മദ് നബി രൂപപ്പെടുത്തിയ തത്വങ്ങള്‍ സ്വീകരിച്ചവര്‍ മുസ്ലീംങ്ങള്‍ എന്നറിയപ്പെട്ടു . താമസിയാതെ മക്കയിലെ പ്രമാണിമാരുടെ എതിര്‍പ്പ് മുസ്ലീംങ്ങള്‍ക്ക് നേരിടേണ്ടി വന്നു. നബിയേയും അദ്ദേഹത്തിന്‍റെ അനുയായികളേയും പീഢിപ്പിക്കാനും അപായപ്പെടുത്താനും അവര്‍ ശ്രമിച്ചു . എ.ഡി.622 ല്‍ മുഹമ്മദ് നബിയും അനുയായികളും മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു ഹിജ്റ എറിയപ്പെടുന്ന ഈ സംഭവം ഇസ്ലാമിന്‍റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. മുഹമ്മദ് നബി മദീനയിലെത്തിയ വര്‍ഷം (622) ഹിജ്റ എന്ന പേരുള്ള മുസ്ലീം കലണ്ടറിന് തുടക്കം കുറിച്ചു.

അധികം താമസിക്കാതെ മദീനാ നഗരത്തിന്‍റെ ഭരണാധികാരിയും മതാചാര്യനുമായി മാറിയ മുഹമ്മദ് നബി സുശക്തമായ ഒരു ഭരണകൂടവും സ്ഥാപിച്ചു. എ.ഡി. 630 ല്‍ അദ്ദേഹം മക്ക ആക്രമിച്ചു കീഴടക്കി. അതോടെ അദ്ദേഹത്തിന്‍റെ പ്രശസ്തി എല്ലായിടത്തും പരന്നു. മദീനയിലെ ഗോത്രങ്ങള്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ബെദുയിനുകളും ഇസ്ലാം മതം സ്വീകരിച്ച് സമുദായത്തില്‍ അംഗമായി. മദീന ഉയര്‍ന്നുവരുന്ന ഇസ്ലാമിക രാഷ്ട്രത്തിന്‍റെ തലസ്ഥാനവും മക്ക അതിന്‍റെ മത കേന്ദ്രവുമായി മാറി . മുഹമ്മദ് നബിയുടെ രാഷ്ട്രീയ നേതൃത്വത്തിന്‍ കീഴില്‍ യഹൂദരേയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരെയും ഉള്‍പ്പെടുത്തി ഉമ്മ (വിശ്വാസികളുടെ ഏക സമൂഹം) യെ കുടുതല്‍ വിപുലീകരിച്ചു.

മുഹമ്മദ് നബിയുടെ മരണശേഷം ആദ്യത്തെ ഖലീഫയായ അബുബക്കര്‍ ഇസ്ലാമിക രാഷ്ട്രത്തിനെതിരെയുള്ള കലാപങ്ങളെയെല്ലാം അടിച്ചമര്‍ത്തി. രണ്ടാമത്തെ ഖലീഫയായ ഉമറിന്‍റെ കാലത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ കൊണ്ട് തകര്‍ച്ച നേരിട്ടിരുന്ന ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ബൈസാന്‍റയിന്‍ സാമ്രാജ്യവും സെറാസ്ട്രിയന്‍ മതത്തെ പിന്തുണച്ചിരുന്ന സസാനിയന്‍ സാമ്രാജ്യവും ഇസ്ലാമിക ഭരണത്തിന്‍ കീഴിലായി. മൂന്നാമത്തെ ഖലീഫയായ ഉസ്മാന്‍ അറബ് സാമ്രാജ്യത്തിന്‍റെ അതിരുകള്‍ മധ്യേഷ്യയിലേക്കും വ്യാപിപ്പിച്ചു. നാലാമത്തെ ഖലീഫയായ അലിയുടെ കാലത്താണ് ഇസ്ലാം മതം ഷിയ സുന്നി വിഭാഗങ്ങളായി വേര്‍തിരിഞ്ഞത്.

അമുസ്ലീംങ്ങള്‍ എക്കാലത്തും ഇസ്ലാമിക സമൂഹത്തിന്‍റെ അഭേദ്യമായ ഭാഗമായിരുന്നു. ഡമാസ്കസ് തലസ്ഥാനമാക്കിയ ഉമയ്യദ് രാഷ്ട്രം ഒരു സാമ്രാജ്യത്വ ശക്തിയായിരുന്നു. ഇസ്ലാം മതമായിരുന്നില്ല അതിന്‍റ അടിസ്ഥാനം, മറിച്ച് രാഷ്ട്രതന്ത്രവും സിറിയന്‍ പട്ടാളക്കാരുടെ കൂറുമായിരുന്നു. ഭരണത്തില്‍ ക്രെെസ്തവരായ ഉപദേഷ്ടാക്കളും സൊറാസ്ട്രിയന്‍മാരായ ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. ഉമയ്യദുകള്‍ ഐക്യത്തിനു വേണ്ടി നിലകൊണ്ടു. കലാപങ്ങളെയെല്ലാം ഇസ്ലാമിന്‍റെ നാമത്തില്‍ അവര്‍ അടിച്ചമര്‍ത്തി. തങ്ങളുടെ അറബ് സാമൂഹിക സ്വത്വവും അവര്‍ നിലനിര്‍ത്തി. അബ്ബാസിദ് ഭരണത്തിന്‍ കീഴില്‍ അറബ് സ്വാധീനം കുറയുകയും ഇറാനിയന്‍ സംസ്കാരത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തു. അബ്ബാസിദുകള്‍ അവരുടെ തലസ്ഥാനം ബാഗ്ദാദിലേക്കു മാറ്റി. സൈന്യത്തേയും ബ്യൂറോക്രസിയേയും പുനഃസംഘടിപ്പിച്ചു. ഇവയുടെ ഗോത്രാടിത്തറ ഇല്ലതാക്കി. അബ്ബാസിദ് ഭരണാധികാരികള്‍ ഖലീഫാ ഭരണത്തിന്‍റെ മതപരമായ പദവിയും ചുമതലകളും ശക്തിപ്പെടുത്തി. ഇസ്ലാമിക സ്ഥാപനങ്ങളേയും പണ്ഡിതന്മാരെയും അവര്‍ പ്രോത്സാഹിപ്പിച്ചു. അബ്ബാസിദ് ഭരണാധികാരികള്‍ രാഷ്ട്രത്തിന്‍റെ കേന്ദ്രീകൃത സ്വഭാവം നിലനിര്‍ത്തി. ഉമയ്യദുകളുടെ പ്രൗഢമായ രാജകീയ വാസ്തുശില്പകലയും രാജസദസ്സിലെ ആചാരങ്ങളും അവര്‍ നിലനിര്‍ത്തിപ്പോന്നു.

ഏഴാം നൂറ്റാണ്ടിലും ഗ്രീക്കു സംസ്കാരത്തിന്‍റെ സ്വാധീനം ബൈസാന്‍റയിന്‍ – സസാനിയന്‍ സാമ്രാജ്യങ്ങളില്‍ കാണാമായിരുന്നു. ഗ്രീക്കു സംസ്കാരത്തിന്‍റെ സ്വാധീനമുള്ള അലക്സാണ്ട്രിയ സിറിയ മെസൊപ്പെട്ടേമിയ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ മറ്റു വിഷയങ്ങളോടൊപ്പം ഗ്രീക്ക് ദര്‍ശനവും ഗണിതവും വൈദ്യശാസ്തവും പഠിപ്പിച്ചിരുന്നു. ഗ്രീക്ക് സിറിയന്‍ ഭാഷകളിലെ പുസ്തകങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് ഉമയ്യദ് അബ്ബാസിദ് ഖലീഫമാര്‍ ക്രെെസ്തവ പണ്ഡിതന്മാരെ ചുമതലപ്പെടുത്തിയിരുന്നു. അല്‍മാമുന്‍റെ കാലത്ത് ട്രാന്‍സിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും സ്ഥാപിച്ചിരുന്നു. ഗ്രീക്ക് റോമന്‍ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ മാത്രമല്ല പല പഴയ കയ്യെഴുത്തു പ്രതികളും അറബികള്‍ വിവര്‍ത്തനം ചെയ്തു സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. പില്‍ക്കാലത്ത് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രീക്ക് റോമന്‍ ഗ്രന്ഥങ്ങളോടെപ്പം അറബിക്ക്, പേര്‍ഷ്യന്‍, ചൈനീസ്, ഇന്ത്യന്‍ ഗ്രന്ഥങ്ങളും യൂറോപ്പില്‍ എത്തിചേരുകയും ഇറ്റാലിയന്‍ നവോത്ഥാനത്തിന് സഹായകമായി തീരുകയും ചെയ്തു.

പുതിയ വിഷയങ്ങളുടെ പഠനം വിമര്‍ശനാത്മക അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയും അത് ഇസ്ലാമിക ബൗദ്ധീക ജീവിതത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്തു. മുഅതസില (mutazila) പോലെയുള്ള മതാത്മക മനസ്ഥിതിയുള്ള പണ്ഡിത സംഘം ഗ്രീക്കു ന്യായ ശാസ്ത്രവും (logic) യുക്ത്യാധിഷ്ഠിത രീതികളും (methods of reasoning) ഇസ്ലാമിക വിശ്വാസങ്ങളെ യുക്തിഭദ്രമാക്കാന്‍ വിനിയോഗിച്ചു.

ഒമ്പതാം നൂറ്റാണ്ടു മുതല്‍ അബ്ബാസിദ് രാഷ്ട്രം ദുര്‍ബലമാവാന്‍ തുടങ്ങി. 969 ല്‍ ഷിയ വംശജരായ ഫാത്തിമിദുകള്‍ ഈജിപ്തിലെ കെയ്റോയില്‍ ഫാത്തിമിദ് ഖലീഫറ്റ് സ്ഥാപിക്കുകയും ചെയ്തു. ഫാത്തിമിദ്കളും മറ്റൊരു ഷിയ വംശമായ ബയ്യിദുകളും കവികളേയും പണ്ഡിതന്മാരേയും പ്രോത്സാഹിപ്പിച്ചു.

എ. ഡി. 950 മുതല്‍ 1200 വരെയുള്ള കാലത്ത് ഇസ്ലാമിക സമൂഹത്തെ യോജിപ്പിച്ചു നിര്‍ത്തിയത് ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയ സംവിധാനമോ, ഒരു ഏക ഭാഷാ (അറബിക്) സംസ്കാരമോ അല്ല. മറിച്ച് പൊതുവായ സാമ്പത്തിക സാംസ്കാരിക മാതൃകകളാണ്. രാഷ്ട്രത്തേയും സമൂഹത്തേയും തമ്മില്‍ വേറിട്ടു നിര്‍ത്തല്‍, ഇസ്ലാമിക സംസ്കാരത്തിന്‍റെ ഭാഷയായി പേര്‍ഷ്യന്‍ ഭാഷയെ പുഷ്ടിപ്പെടുത്തല്‍, ബൗദ്ധീക പാരമ്പര്യങ്ങള്‍ തമ്മിലുള്ള പക്വതയാര്‍ന്ന സംവാദങ്ങള്‍ എന്നീ കാര്യങ്ങളിലൂടെയാണ് രാഷ്ട്രീയമായ വിഭജനത്തിന്‍റെ പശ്ചാത്തലത്തിലും ഐക്യം നിലനിര്‍ത്താന്‍ കഴിഞ്ഞത്. പണ്ഡിതന്മാരും, കലാകാരന്മാരും വ്യാപാരികളം മദ്ധ്യ ഇസ്ലാമിക രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുക വഴി ആശയങ്ങളും ആചാരരീതികളും അന്യോന്യം കൈമാറുകയും ചെയ്തു. ഇവയില്‍ ചിലത് മതപരിവര്‍ത്തനത്തിന്‍റെ ഫലമായി ഗ്രാമീണ മേഖലയിലേക്കും എത്തിച്ചേര്‍ന്നു. ഉമയ്യദുകളുടെയും ആദ്യ അബ്ബാസികളുടെയും കാലത്ത് പത്തു ശതമാനത്തില്‍ താഴെ മാത്രം ഉണ്ടായിരുന്ന മുസ്ലീം ജനസംഖ്യയും ക്രമാതീതമായി വര്‍ദ്ധിച്ചു. ഒരു മതമെന്ന നിലയിലും സാംസ്കാരിക വ്യവസ്ഥ എന്ന നിലയിലും ഇസ്ലാം മതത്തിന്‍റെ സ്വത്വം മററുള്ളവരെ ആ മതത്തിലേക്ക് ആകര്‍ഷിച്ചു. പത്തും പതിനൊന്നും നൂറ്റാണ്ടില്‍ തുര്‍ക്കി സുല്‍ത്താനേറ്റുകളുടെ ആവിര്‍ഭാവത്തോടു കൂടി അറബികളുടേയും ഇറാനികളുടേയും കൂടെ ഒരു വിഭിന്ന വംശീയ വിഭാഗം കൂടി ഇസ്ലാമിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

എ ഡി. 600 മുതല്‍ 1200 വരെ ഈജിപ്ത് മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെയുള്ള പ്രദേശങ്ങള്‍ ഇസ്ലാമിക ഭരണത്തിന്‍റെ കീഴിലായി. പിന്നീട് ഇന്ത്യയിലേക്കും യൂറോപ്പിലേക്കും ഇസ്ലാമിക സ്വാധീനം വ്യാപിച്ചു. ഈ കാലഘട്ടത്തില്‍ ഇസ്ലാം സമുദായം അതിന്‍റെ ബഹുഗുണമായ രാഷ്ട്രീയ സാംസ്കാരിക മാത്യകകള്‍ പ്രദര്‍ശിപ്പിച്ചു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top