തിരുവനന്തപുരം വിമാനത്താവളം വഴി യു എ ഇ കോണ്‍സുലേറ്റിലേക്കെന്ന വ്യാജേന നയതന്ത്ര ബാഗേജിലൂടെ 30 കിലോ സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പിടിയിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗിലെ തെളിവുകളില്‍ നിന്ന് മനസ്സിലായതായി എന്‍ ഐ എ. സന്ദീപിന്റെ ബാഗും മൊബൈല്‍ ഫോണും ഉന്നതരിലേക്ക് കേസിന്റെ അന്വേഷണം എത്തുമെന്നാണ് എന്‍ ഐ യുടെ നിഗമനം. ബെംഗളൂരുവില്‍ വെച്ച് പിടിക്കപ്പെടുമ്പോള്‍ സന്ദീപ് നായരുടെ പക്കലുണ്ടായിരുന്ന ബാഗാണിത്. ഇതില്‍ ദേശവിരുദ്ധ ശക്തികളിലേക്ക് നയിക്കുന്ന തെളിവുകളുണ്ട്. അതിനാല്‍ മഹസര്‍ എഴുതി മുദ്രവെച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കുന്നതിന് വേണ്ടി അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്വര്‍ണ്ണം കടത്തുന്നതിന് വേണ്ടി യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും പ്രതികള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. കടത്തിയ സ്വര്‍ണം നേരിട്ട് ആഭരണ നിര്‍മാണത്തിനല്ല ഉപയോഗിച്ചിരിക്കുന്നത്. മറിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. സ്വര്‍ണ്ണം കടത്തുന്നതിനായി വ്യാജ മുദ്രകള്‍ നിര്‍മ്മിച്ചത് കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദാണ്. ദുബായ് കേന്ദ്രീകരിച്ചാണ് കേസിലെ ഗൂഢാലോചന നടന്നിരിക്കുന്നത്. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ഇപ്പോഴത്തെ 30 കിലോഗ്രാമിന് പുറമേ മുമ്പ് രണ്ട് തവണ 9, 18 കിലോ വീതം കടത്തിയെന്നും എന്‍ഐഎ അറിയിച്ചു.
സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കൊവിഡ് ഫലം നെഗറ്റീവായതോടെ ഇരുവരെയും ജൂലൈ 21 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിന് വേണ്ടിയാണിത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെടി റമീസിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി 27 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ അങ്കമാലി കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്താനുള്ള തന്ത്രം റമീസിന്റേതാണെന്ന് നിഗമനം.
കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസല്‍ ഫരീദ് എന്ന് തിരുത്തണമെന്ന് കോടതിയോട് എന്‍ഐഎ ആവശ്യപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കയ്പമംഗലം മൂന്ന്പീടിക സ്വദേശിയാണ് ഇയാള്‍. പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്ന് കസ്റ്റംസും അറിയിച്ചു. അന്വേഷിക്കുന്നത് ഫൈസല്‍ ഫരീദിനെ തന്നെയാണ്. കൊച്ചി സ്വദേശി ‘ഫാസില്‍ ഫരീദ്’ എന്നാണ് കേസിന്റെ ആദ്യ റിപ്പോര്‍ട്ടുകളില്‍ കസ്റ്റംസും എന്‍ഐഎയും രേഖപ്പെടുത്തിയിരുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply