Flash News

കോടതി വ്യവഹാരത്തിലൂടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ ആസൂത്രിത നീക്കം: വി.സി. സെബാസ്റ്റ്യന്‍

July 14, 2020 , ഇന്‍ഫാം

കോട്ടയം: കോടതി വ്യവഹാരത്തിലൂടെ പശ്ചിമഘട്ടത്തുടനീളം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ആസൂത്രിത നീക്കം നടക്കുന്നത് വളരെ ഗൗരവത്തോടെ പശ്ചിമഘട്ടജനത കാണണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെരുവിലിറങ്ങിയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചിരിക്കെ സുപ്രീംകോടതി ഇടപെടലിലൂടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്ന അജണ്ടയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍ സാമ്പത്തിക സഹായം പറ്റുന്ന ഇന്ത്യയിലെ ചില പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. സ്‌കൂള്‍ കുട്ടികളെ മുന്‍നിര്‍ത്തി സുപ്രീംകോടതിയില്‍ പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച കേസില്‍ ജൂണ്‍ അവസാനവാരം കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്കും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ആറു സംസ്ഥാനങ്ങളിലെ 1,29,037 ചതുരശ്ര കി.മീ.ഭൂമി പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് ഗാഡ്ഗില്‍ നിര്‍ദ്ദേശം. എന്നാല്‍ ജനകീയ എതിര്‍പ്പുകളെയും ഈ പ്രദേശങ്ങളിലെ ജനസാന്ദ്രതയും മാനിച്ച് ഇതില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവുകളിറക്കുകയും എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ പിന്നീട് ഉത്തരവുകള്‍ മാറ്റിയിറക്കുകയും ചെയ്തു. 1986ലെ പരിസ്ഥിതി സംരക്ഷണനിയമം അഞ്ചാംവകുപ്പ് പ്രകാരം 2013 നവംബര്‍ 13ന് പശ്ചിമഘട്ടത്ത് നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി പരിസ്ഥിതി ലോലപ്രദേശങ്ങള്‍ നിശ്ചയിച്ച് ഉത്തരവിറക്കി. തുടര്‍ന്ന് 2018 ഡിസംബര്‍ 3ന് 56,825 ചതുരശ്ര കിലോമീറ്ററിലേയ്ക്ക് ഇഎസ്എ ചുരുക്കി. ഇതിനെ സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ചോദ്യം ചെയ്ത വിലകുറഞ്ഞ നാടകമാണ് സുപ്രീംകോടതിയില്‍ പരിസ്ഥിതി സംഘടനകള്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ തങ്ങളുടെ ഭാവി പ്രതിസന്ധിയിലാകുമെന്നും ജീവിതം മുരടിക്കുമെന്നും കുട്ടികളെ രംഗത്തിറക്കി സഹതാപം സൃഷ്ടിച്ചുള്ള വാദത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. 2018ലും 2019ലും കേരളത്തിലുണ്ടായ പ്രകൃതിക്ഷോഭവും ഉരുള്‍പൊട്ടലും പ്രളയവും ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതുകൊണ്ടാണെന്ന് തമിഴ്‌നാട്ടിലെ നീലഗിരിയിലുള്ള സ്‌കൂള്‍ കുട്ടികള്‍വഴി നഗരങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകള്‍ കേസുകൊടുത്തിരിക്കുന്നത് വിരോധാഭാസമാണ്.

വനത്തിനുള്ളില്‍ മാത്രമായി പരിസ്ഥിതിലോലം നിജപ്പെടുത്തണമെന്നുള്ളതും കാര്‍ഡമം ഹില്‍ റിസര്‍വ് ഒഴിവാക്കി വനഭൂമിയുടെ വിസ്തൃതി 8656.46 ചതുരശ്ര കിലോമീറ്ററാണെന്ന സംസ്ഥാന ഗവണ്‍മെന്റ് നിലപാട് കേന്ദ്ര ഗവണ്‍മെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും സുപ്രീംകോടതിയില്‍ നിന്ന് ജനങ്ങള്‍ക്ക് എതിരെയുള്ള ഉത്തരവ് ഉണ്ടാകാതിരിക്കുന്നതിനും ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കാതെ ജാഗ്രതയോടെയുള്ള ഒറ്റക്കെട്ടായ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ ഉമ്മന്‍ കമ്മീഷന്റെ 9993.7 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ ആക്കണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ച് പരിസ്ഥിതി മൗലികവാദികളെ സഹായിക്കുന്ന നിലപാടെടുത്താല്‍ ജനങ്ങള്‍ ശക്തമായി എതിര്‍ക്കും. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍, സംരക്ഷിത വനഭൂമിയില്‍ മാത്രമായി പരിസ്ഥിതിലോലം നിജപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ തുടര്‍ കേസുകളില്‍ ഉറച്ചുനില്‍ക്കണമെന്നും കര്‍ഷകരുടെ കൃഷിഭൂമി പരിസ്ഥിതിലോലമാക്കാന്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top