Flash News

ശ്രീരാമന്‍ ഇന്ത്യയിലല്ല നേപ്പാളിലാണ് ജനിച്ചതെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

July 14, 2020 , ശ്രീജ

ശ്രീരാമന്‍ ഇന്ത്യയിലല്ല ജനിച്ചതെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ശര്‍മ ഒലി. ഹിന്ദു ദേവനായ ശ്രീരാമന്‍ ജനിച്ചത് ഇന്ത്യയിലല്ല, തന്‍റെ രാജ്യത്താണെന്നും അയോദ്ധ്യ വാസ്തവത്തില്‍ കാഠ്മണ്ഡുവിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണെും ഒലി പറയുന്നു. ഇന്ത്യ ചെയ്യുന്നത് ‘സാംസ്കാരിക അടിച്ചമര്‍ത്തലും കൈയേറ്റവും’ ആണെന്നും അദ്ദേഹം ആരോപിച്ചു.

തന്‍റെ വസതിയില്‍ നടന്ന ഭാനു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കവെയാണ് ഒലിയുടെ പ്രസ്താവന. നേപ്പാളിന്റെ സാംസ്‌കാരിക ചിഹ്നങ്ങള്‍ ഇന്ത്യ കൈയടക്കി വെച്ചിരിക്കുകയാണെന്നും വ്യാജ അയോദ്ധ്യ സൃഷ്ടിച്ചിരിക്കുകയാണെന്നും ഒലി പറഞ്ഞു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ഗുഞ്ച് ജില്ലയിലെ ഒരു ഗ്രാമമാണ് അയോദ്ധ്യ.

‘ബിർഗുഞ്ചിന് സമീപമാണ് യഥാർത്ഥ അയോദ്ധ്യ, അവിടെയാണ് ശ്രീരാമൻ ജനിച്ചത്. ഇന്ത്യയിൽ അയോദ്ധ്യയെ ചൊല്ലി തർക്കം നിലനിൽക്കുകയാണ്. എന്നാൽ നമ്മുടെ അയോദ്ധ്യയെ സംബന്ധിച്ച് തർക്കങ്ങളൊന്നുമില്ല,’ മാധ്യമ ഉപദേഷ്ടാവ് സൂര്യ താപ്പയെ ഉദ്ധരിച്ച് ഒലി പറഞ്ഞു. ‘ദശരഥ മഹാരാജാവ് നേപ്പാളിലെ ഭരണാധികാരിയായിരുന്നു. അതുകൊണ്ടുതന്നെ മകൻ ശ്രീരാമനും ജനിച്ചത് നേപ്പാളിലാണ്,’ ഒലി പറഞ്ഞു.

ലഖ്നൗവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശില്‍ 4.5 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരമാണ് അയോദ്ധ്യ. പരമ്പരാഗതമായി ഇത് രാമന്‍റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നു. ഒരിക്കല്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോദ്ധ്യയിലെ ഒരു സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ ഒരു ട്രസ്റ്റ് സ്ഥാപിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശിലെ അയോദ്ധ്യ വാസ്തവത്തില്‍ ഇന്ത്യന്‍ ഭരണാധികാരികളുടെ സൃഷ്ടിയാണെന്ന് ഒലി അവകാശപ്പെട്ടു. ‘പ്രഭുവിന്‍റെ രാജ്യം ഉത്തര്‍പ്രദേശിലല്ല, നേപ്പാളിലായിരുന്നു. ബാല്‍മീകി ആശ്രമത്തിനടുത്തായിരുന്നു,’ ഒലി പറഞ്ഞു.

ഐതിഹ്യം അനുസരിച്ച്, സീത, രാമനെ ഉപേക്ഷിച്ച ശേഷം, വാല്‍മീകി മുനിയുടെ ആശ്രമത്തില്‍ ലവ്, കുഷ് എന്നീ മക്കളോടൊപ്പം നാരായണിയുടെ തീരത്ത്, അല്ലെങ്കില്‍ ബീഹാറിന്റെ അതിര്‍ത്തിയിലെ നേപ്പാളി ഭാഗത്തുള്ള ഗന്ധക് നദിക്കരയിലാണ് താമസിച്ചത്.

ചരിത്രം വളച്ചൊടിച്ച് സംസ്കാരത്തിലും ഇന്ത്യ കടന്നുകയറിയെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു. ‘സീതാദേവി ഇന്ത്യയിലെ രാജകുമാരനായ ശ്രീരാമനെ വിവാഹം ചെയ്തുവെന്നാണ് നാം വിശ്വസിക്കുന്നത്. എന്നാൽ, അയോദ്ധ്യ ബിർഗുഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത്രയും അകലെയുള്ള വധൂവരന്മാർ വിവാഹം കഴിക്കുന്നത് അസാധ്യമാണ്. പ്രത്യേകിച്ച് ആശയമവിനിമയത്തിനോ യാത്ര ചെയ്യാനോ സംവിധാനങ്ങളൊന്നുമില്ലാത്ത കാലഘട്ടത്തിൽ,’ അദ്ദേഹം പറഞ്ഞു.

വിമർശനവുമായി ബിജെപി

‘ഇന്ത്യയിലെ ഇടതുപാർട്ടികളും ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് കളിച്ചത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റുകളും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. ശ്രീരാമൻ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നേപ്പാൾ പ്രധാനമന്ത്രിയോ, മറ്റാരെങ്കിലുമോ ആകട്ടെ, അതുവെച്ച് കളിക്കാൻ അവരെ ജനം അനുവദിക്കില്ല,’ ബിജെപി വക്താവ് ബിസായ് സോങ്കർ ശാസ്ത്രി പറഞ്ഞു.

ഇന്ത്യ-നേപ്പാള്‍ സംഘര്‍ഷങ്ങള്‍

കലാപാനി, ലിപുലെഖ്, ലിംപിയാദുര പ്രദേശങ്ങളില്‍ പരമാധികാരം അവകാശപ്പെടുന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് ഒലിയുടെ വാദം. ആവര്‍ത്തിച്ചുള്ള എതിര്‍പ്പുകള്‍ അവഗണിച്ച് കാലാപാനി, ലിപുലേഖ്, ലിം‌പിയാദുര (Kalapani, Lipulekh and Limpiyadhura) മേഖലകളില്‍ ലിങ്ക് റോഡ് നിര്‍മ്മിച്ചാണ് തര്‍ക്ക പ്രദേശത്തെ ഇന്ത്യ അവകാശപ്പെടുന്നതെന്ന് നേപ്പാള്‍ വാദിക്കുന്നു. റോഡ് തങ്ങളുടെ പ്രദേശത്തിനകത്താണ് വരുന്നതെന്ന് ഇന്ത്യയും വാദിക്കുന്നു.

ലിപുലെഖ് പര്‍വതനിര, കലാപാനി, ലിംപിയാദുര എന്നിവ തങ്ങളുടെ പ്രദേശമായി അടയാളപ്പെടുത്തുന്ന ബില്ലിന് ജൂണില്‍ നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയിരുന്നു. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരും രാഷ്ട്രീയ എതിരാളികളും ഗൂഢാലോചന നടത്തുകയാണെന്നും, കാഠ്മണ്ഡുവില്‍ പ്രകോപനം സൃഷ്ടിച്ചതായും താന്‍ സ്ഥാനമൊഴിയണമെന്ന് നേപ്പാളി രാഷ്ട്രീയക്കാര്‍ ആവശ്യപ്പെട്ടതായും ഈ മാസം ആദ്യം ഒലി അവകാശപ്പെട്ടിരുന്നു.

രാജ്യത്തിന്‍റെ ദേശീയ വികാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ജൂലൈ 9 ന് നേപ്പാള്‍ സര്‍ക്കാര്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ദൂരദര്‍ശന്‍ ഒഴികെയുള്ള എല്ലാ ഇന്ത്യന്‍ വാര്‍ത്താ ചാനലുകളുടെയും പ്രക്ഷേപണം നിരോധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top