Flash News

സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ സമാപിച്ചു

July 14, 2020 , സെബാസ്റ്റ്യന്‍ ആന്‍റണി

ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂലൈ 3 മുതല്‍ 12 വരെ ഭക്ത്യാദരപൂര്‍വം കൊണ്ടാടി.

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സി.ഡി.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും ആയിരുന്നു തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെട്ടത്.

കോവിഡ്19 മഹാമാരിമൂലം ക്ലേശിക്കുന്ന എല്ലാവര്‍ക്കുംവേണ്ടിയുള്ള പ്രത്യേക നിയോഗങ്ങളോടെയായിരുന്നു ഈ വര്‍ഷത്തെ തിരുക്കര്‍മങ്ങളും പ്രാര്‍ഥനകളും.

ജൂലൈ 3 (വെള്ളിയാഴ്ച) വിശുദ്ധസ്ലീഹായുടെ ദുക്റാന തിരുനാളോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ ദിവസവും വിശുദ്ധ ദിവ്യബലിയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു.

ഓരോ ദിവസത്തെ പ്രാര്‍ത്ഥനകള്‍ പ്രത്യേകം നിയോഗങ്ങളോടെ നടത്തപ്പെടുകയും, അതാത് ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് വിവിധ വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കുകയും ചെയ്തു.

ഒമ്പതു ദിവസങ്ങളില്‍ നടന്ന നൊവേനയിലും പ്രാര്‍ത്ഥനാ ചടങ്ങുകളും നൂറു പേര്‍ക്കായി രജിസ്ട്രേഷനിലൂടെ നിജപ്പെടുത്തിയിരുന്നു.

കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുമൂലം വിശുദ്ധന്‍റെ പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 12ന് ഞായറാഴ്ച മൂന്ന് ദിവ്യ ബലികളിലായി മുന്നൂറു ഇടവകാംഗങ്ങള്‍ക്കായി ചടങ്ങുകള്‍ നിയന്ത്രിച്ചു. തിരുനാള്‍ ദിവ്യബലി മധ്യേ ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരന്‍ തിരുനാള്‍ സന്ദേശം നല്‍കി.

വിശുദ്ധ ലൂക്കായുടെ സുവിശേഷം 13: 22-30 തിരുവചനങ്ങള്‍ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു. ഏതാണ് നിന്‍റെ ഇടുങ്ങിയ വാതില്‍ എന്ന് തിരിച്ചറിയണമെന്നും, നിന്‍റെ കൂടെ നീ തന്നെയാണോ, അതോ ലോകമാണോ, അല്ലെങ്കില്‍ ക്രിസ്തു തന്നെയാണോ എന്ന് മനസ്സിലാക്കണമെന്നും, ജീവിതത്തില്‍ ക്രിസ്തുവിനെ കൂട്ടിക്കൊണ്ടു യാത്രയായ വ്യക്തികളെ ഓര്‍മ്മിക്കുന്ന ഈ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു നമുക്കും ക്രിസ്തുവിനെ വഹിക്കുന്നവരായി മാറാന്‍ സാധിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

അതോടൊപ്പം, ക്രിസ്തു വാഹകരാകണമെങ്കില്‍ ക്രിസ്തു അനുഭവം ഉണ്ടാകണമെന്നും ലൗകികാസക്തികളും ജഡികമോഹങ്ങളും ഞെരുക്കുന്ന ക്ഷണികമായ ലൗകിക സുഖങ്ങളില്‍ മനസ്സുറപ്പിച്ച് നാശത്തിന്‍റെ വഴിയിലൂടെ നടക്കാതെ, കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും രാജാവുമായി ഏറ്റുപറഞ്ഞു നിത്യജീവന്‍റെ പാതയിലൂടെ യാത്ര ചെയ്യാന്‍ സഹായിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാനും തിരുനാള്‍ ആഘോഷത്തില്‍ സാധിക്കട്ടെ എന്ന് ആശംസിച്ചു.

തിരുനാളിനു സമാപനം കുറിച്ച് തിങ്കളാഴ്ച വൈകീട്ട് ദിവ്യബലിയും, മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യക പ്രാര്‍ത്ഥനകള്‍ക്കും ശേഷം കൊടിയിറക്കം നടത്തപ്പെട്ടു.

ഇടവകയിലെ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നവര്‍ ബിന്നി & ജോര്‍ജ് ചെറിയാന്‍, ടീനു ആന്‍ഡ് സാബിന്‍, സബീന & സെബാസ്റ്റ്യന്‍ ആന്‍റണി ഇടയത്ത് എന്നിവരായിരുന്നു.

അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരായി ബീന ആന്‍ഡ് ജയ്സണ്‍ അലക്സ്, മേരിക്കുട്ടി ആന്‍ഡ് കുരിയന്‍ കരുവാരപ്പറമ്പില്‍, സിസിലി ആന്‍ഡ് വിന്‍സെന്‍റ് തോമസ്, ലീലാമ്മ ആന്‍ഡ് സേവ്യര്‍ എന്നിവരെയും വാഴിച്ചു.

തിരുനാള്‍ ആഘോഷങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി തിരുനാള്‍ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ക്രമീകരിച്ചിരുന്നു.

വിശുദ്ധന്‍റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിയാദരപൂര്‍വ്വം നടത്താന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ ഭക്ത സംഘടനകള്‍ക്കും, കുടുംബാംഗംങ്ങള്‍ക്കും, ഇടവക സമൂഹത്തിനും, തിരുനാളിനു നേതൃത്വം വഹിച്ചവര്‍ക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും നന്ദി അറിയിച്ചു.

ജസ്റ്റിന്‍ ജോസഫ് (കൈക്കാരന്‍) 732 762 6744, സെബാസ്റ്റ്യന്‍ ആന്‍റണി (കൈക്കാരന്‍) 732 690 3934, ടോണി മാംങ്ങന്‍ (കൈക്കാരന്‍) 347 721 8076, മനോജ് പാട്ടത്തില്‍ (കൈക്കാരന്‍) 908 400 2492.

വെബ്: www.stthomassyronj.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top