Flash News

ഡോ. തോമസ് തോമസിനെ ഫോമാ 2020-22 പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു

July 14, 2020 , ജയ്സണ്‍ മാത്യു

ടൊറോന്‍റോ : നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ വരും വര്‍ഷത്തെ കണ്‍വെന്‍ഷന്‍ കാനഡയിലെ ടൊറോന്‍റോയില്‍ നടത്തണമെന്ന കനേഡിയന്‍ മലയാളികളുടെ ശക്തമായ ആവശ്യത്തെ മുന്‍നിര്‍ത്തി ഡോ. തോമസ് തോമസിനെ ഫോമാ 2020-22 പ്രസിഡന്റ് സ്ഥാനത്തേക്ക് കനേഡിയന്‍ മലയാളികള്‍ ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തു.

കനേഡിയന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജിജോ പീറ്ററാണ് നാമനിര്‍ദ്ദേശം ചെയ്തത്. ടൊറോന്‍റോ മലയാളി സമാജം പ്രസിഡന്റ് സാബു കാട്ടുകുടിയില്‍ പിന്താങ്ങി.

കാനഡയുള്‍പ്പെടെയുള്ള നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പ്രാദേശികമായി തുല്യനീതി പുലര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അതിനാല്‍ വിസ്തീര്‍ണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തേണ്ടത് ഫോമായുടെ ആവശ്യമാണെന്നും, അതിന് ഇനി ഒട്ടും വൈകരുതെന്നും കനേഡിയന്‍ മലയാളികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

സമാന്തര സംഘടനയായ ഫൊക്കാന ഇതിനോടകം രണ്ടു കണ്‍വെന്‍ഷനുകള്‍ കാനഡയില്‍ നടത്തിയത് തങ്ങളുടെ ആവശ്യത്തിന് പിന്‍ബലമേകുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ ടൊറോന്‍റോ കണ്‍വെന്‍ഷന്‍ നടത്തിയ അന്നത്തെ പ്രസിഡണ്ടായ ഡോ. തോമസ് തോമസിനെ ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ഫോമാ കണ്‍വെന്‍ഷന്‍ ഏറ്റെടുത്ത് നടത്താനുമായി കനേഡിയന്‍ മലയാളികള്‍ തീരുമാനിച്ചത്.

കേരളത്തില്‍ നിന്നും രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെയും കലാ സാഹിത്യ രംഗത്തെ പ്രമുഖരെയും കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ വിസ തയ്യാറാക്കുന്നതുള്‍പ്പെടെ ഗവണ്മെന്‍റ്തല പിന്തുണ ഇപ്പോഴത്തെ സാഹചര്യത്തില്‍ കിട്ടാന്‍ എളുപ്പമാണെന്നും കനേഡിയന്‍ മലയാളികള്‍ പറഞ്ഞു.

അമേരിക്കന്‍ മലയാളികള്‍ക്ക് ഈ കണ്‍വെന്‍ഷന്‍ ഒരു രാജ്യാന്തര ടൂറിനും കനേഡിയന്‍ കാഴ്ചകള്‍ കാണാനുമുള്ള ഒഴിവുകാല ഉല്ലാസത്തിനും അവസരവുമാകും. അതിനാല്‍ കൂടുതല്‍ അംഗങ്ങള്‍ അമേരിക്കയില്‍ നിന്ന് തന്നെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധ്യതയേറെയാണ്.

ഒരു വിജയകരമായ കണ്‍വെന്‍ഷന്‍ നടത്താനുള്ള എല്ലാ അനുകൂല കാലാവസ്ഥയാണ് ഇന്ന് കാനഡയിലുള്ളത്. ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്‍റുകളുടെ പിന്തുണ, കലാസാംസ്കാരിക സംഘടനകളുടെയും കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടല്‍ സുഖസൗകര്യങ്ങള്‍ തുടങ്ങിയവ എല്ലാം അനുകൂല ഘടകങ്ങളാണ്.

കനേഡിയന്‍ കാത്തലിക് സ്കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ ( സി.സി.എസ്.ടി.എ) ഒന്‍റാരിയോ പ്രോവിന്‍സ് ഡയറക്ടര്‍, ഒന്‍റാരിയോ കാത്തലിക് സ്കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ (ഓ.സി.എസ്.ടി.എ) റീജിയണല്‍ ഡയറക്ടര്‍, ഡെഫറിന്‍ പീല്‍ കാത്തോലിക് ഡിസ്ട്രിക്ട് സ്കൂള്‍ ബോര്‍ഡ് വൈസ്ചെയര്‍ തുടങ്ങിയ ഒട്ടേറെ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ. തോമസിന് കാനഡയിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുവാനും ഫോമയെ രാജ്യാന്തര തലത്തിലേക്ക് കൈപിടിച്ച് നയിക്കാനുമാവും.

കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, മുന്‍ ഫൊക്കാന പ്രസിഡണ്ട്, കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ഫോമാ കാനഡ റീജിയണല്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി നിലകളില്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന തോമസ്, ഫോമായുടെ അമരത്തേക്ക് വന്നാല്‍ ഫോമയുടെ വളര്‍ച്ച അസൂയാവഹമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ദിനംപ്രതി നൂറുകണക്കിന് മലയാളികള്‍ കുടിയേറിക്കൊണ്ടിരിക്കുന്ന കാനഡയില്‍ മലയാളി സംഘടനകളുടെ എണ്ണവും വര്‍ഷംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഫോമ നന്നായി കരുക്കള്‍ നീക്കി, കാനഡയിലൊരു കണ്‍വെന്‍ഷന്‍ നടത്തിയാല്‍ ബഹുഭൂരിപക്ഷം മലയാളി സംഘടനകളും ഫോമായോടൊപ്പം ചേരാന്‍ തയ്യാറാകും. എന്നാല്‍, ഫോമയില്‍ നിന്നും കാനഡയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കില്‍ നിലവിലുള്ളവര്‍ കൂടി മറുകണ്ടം ചാടാന്‍ സാധ്യതയുണ്ട്.

അതിനാല്‍ ഫോമായുടെ വളര്‍ച്ചയും അംഗബലവുമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ ഫോമാ കണ്‍വെന്‍ഷന്‍ ടൊറോന്‍റോയില്‍ നടത്തേണ്ടത് ഫോമായുടെ തന്നെ ആവശ്യമായി കരുതി എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളും പിന്തുണക്കണമെന്നും, ഫോമായുടെ അമരത്തേക്ക് കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരിയും ഇപ്പോഴത്തെ ഫോമായുടെ കാനഡാ റീജിയണല്‍ പ്രസിഡണ്ടുമായ ഡോ.തോമസ് കെ തോമസിനെ വിജയിപ്പിക്കണമെന്നും കനേഡിയന്‍ മലയാളികള്‍ ആവശ്യപ്പെട്ടു. കാനഡായിലെയും അമേരിക്കയിലെയും ഭൂരിപക്ഷം മലയാളികളും പിന്തുണച്ചാല്‍ ഫോമാ 2022 ലെ പ്രസിഡണ്ടാകാനും ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഒരു കണ്‍വെന്‍ഷന്‍ ടൊറോന്‍റോയില്‍ നടത്തുതിനും സന്തോഷമേയുള്ളൂവെന്ന് നാമനിദ്ദേശം ചെയ്യപ്പെട്ട തോമസ് പറഞ്ഞു.

തോമസുമായി ബന്ധപ്പെടുവാന്‍ ഇമെയില്‍ : tomktom@hotmail.com അല്ലെങ്കില്‍ 416 845 8225 എന്ന നമ്പറില്‍ വിളിക്കുക


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top