പാം ബീച്ച് (ഫ്ലോറിഡ): പുറത്തു ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടു വയസ്സുള്ള കുട്ടിയെ കാറില്‍ തനിച്ചാക്കി ഷോപ്പിംഗിനു പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാറിനകത്തിരുന്ന് ചൂടേറ്റ് കരഞ്ഞ കുഞ്ഞിനെ പോലീസ് എത്തിയാണ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ശരീരത്തിന് 102 ഡിഗ്രി ചൂടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ജൂലൈ 13 തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. വെല്ലിംഗ്ടണ്‍ ഗ്രീന്‍ ഷോപ്പിംഗ് മാളിന്റെ മുന്‍വശത്തുള്ള കാര്‍ പാര്‍ക്കിംഗ് സ്ഥലത്താണ് കാറിനുള്ളില്‍ കരയുന്ന കുട്ടി വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ കുട്ടികളുടെ സീറ്റില്‍ ബെല്‍റ്റിട്ട നിലയിലായിരുന്നു കുട്ടി. ഉടനെ തന്നെ ഗ്ലാസ് തകര്‍ത്തു കുട്ടിയെ പൊലീസ് പുറത്തെടുത്തു. പാം ബീച്ച് കൗണ്ടി ഫയര്‍ റസ്ക്യു കുട്ടിക്ക് പ്രാഥമിക ചികിത്സ നല്കി.
ഇതേ സമയം, ഷോപ്പിംഗിന് പോയിരുന്ന കുട്ടിയുടെ മാതാവ് തേമിറസ് മറിയ (32) കാറിനടുത്തെത്തി. പെട്ടെന്ന് കടയില്‍ പോയി വരാമെന്നു കരുതിയാണു കുട്ടിയെ കാറില്‍ ഇരുത്തിയതെന്നു മാതാവ് പറഞ്ഞുവെങ്കിലും പൊലീസ് വിട്ടില്ല. മാതാവിനെ അറസ്റ്റ് ചെയ്തു ചൈല്‍ഡ് നെഗ്ലറ്റിന് കേസ്സെടുത്തു.
കിഡ്സ് ആന്റ് കാര്‍സ് ഓര്‍ഗിന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ 1990 മുതല്‍ 2020 വരെ 940 കുട്ടികളാണ് കാറിലിരുന്നു ചൂടേറ്റ് മരിച്ചിരിക്കുന്നത്. രണ്ടു വയസ്സുള്ള കുട്ടി വാനിലിരുന്നു ചൂടേറ്റു മരിച്ച സംഭവമാണു ഫോര്‍ട്ട് ലോഡര്‍ ഡെയ്ലില്‍ നിന്നും ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply