Flash News

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിസ പിന്‍‌വലിക്കാനുള്ള ഉത്തരവ് ട്രംപ് ഭരണകൂടം റദ്ദാക്കി

July 15, 2020 , ആന്‍സി

അമേരിക്കന്‍ സര്‍‌വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, കോവിഡ്-19 പാന്‍ഡെമിക് കാരണം അവരുടെ കോഴ്‌സുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാക്കിയാല്‍ അവരുടെ വിസാ ആനുകൂല്യങ്ങള്‍ പിന്‍‌വലിക്കുമെന്നും അവര്‍ക്ക് സ്വദേശത്തേക്ക് തിരികെ പോകേണ്ടിവരുമെന്ന ട്രം‌പിന്റെ ഉത്തരവിനെതിരെ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും കോളേജ്, പ്രമുഖ ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് നേരിട്ടതിനെത്തുടര്‍ന്ന് ഉത്തരവ് ട്രം‌പ് ഭരണകൂടം പിന്‍‌വലിച്ചു.

ജൂലൈ 6 ന് നയം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം, ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ് തടയുന്നതിനായി ഹാര്‍വാഡും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ആദ്യത്തെ കേസ് ഫയല്‍ ചെയ്തു. ഉത്തരവ് വിദ്യാര്‍ത്ഥികളെ വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് രണ്ട് സര്‍വകലാശാലകളും തങ്ങളുടെ വ്യവഹാരത്തില്‍ ചൂണ്ടിക്കാട്ടി. ഇത് ‘ക്രൂരവും നിയമവിരുദ്ധവുമാണ്’ എന്നും കൂട്ടിച്ചേര്‍ത്തു. 2020 -21 അദ്ധ്യയന വര്‍ഷത്തില്‍ എല്ലാ ക്ലാസുകളും ഓണ്‍ലൈനില്‍ നടത്തുമെന്ന് ഹാര്‍വാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

മസാച്യുസെറ്റ്സിലെ ജില്ലാ ജഡ്ജി ആലിസണ്‍ ബറോസ് കേസിന്‍റെ വാദം കേള്‍ക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ്, ട്രം‌പിന്റെ ഉത്തരവ് പിന്‍‌വലിച്ച് നിലവിലുള്ള സ്റ്റാറ്റസ് നിലനിര്‍ത്താന്‍ യുഎസ് സര്‍ക്കാരും രണ്ട് ഉന്നത അമേരിക്കന്‍ സര്‍വകലാശാലകളും ഒത്തുതീര്‍പ്പിലെത്തിയതായി അറിയിക്കുകയായിരുന്നു. തീരുമാനം റദ്ദാക്കാനും നിര്‍ദ്ദേശം നടപ്പാക്കാനും സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ബറോസ് ഹിയറിംഗില്‍ പറഞ്ഞു. നാലു മിനിറ്റിനകം എല്ലാം തീരുമാനമായി.

ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് ഉള്‍പ്പടെ ഡസനിലധികം ടെക്നോളജി കമ്പനികള്‍ ട്രം‌പിന്റെ ഉത്തരവിനെതിരെ പ്രതികരിച്ചതോടെ നീക്കം ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു. ട്രംപ് ഭരണകൂടത്തിനെതിരെ 17 യുഎസ് സംസ്ഥാനങ്ങളും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. 30 അമേരിക്കന്‍ സെനറ്റര്‍മാരും 136 കോണ്‍ഗ്രസുകാരും അടങ്ങുന്ന സംഘം ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ട്രം‌പിന് നില്‍ക്കക്കള്ളിയില്ലാതായി.

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും നഷ്ടപ്പെട്ട സെമസ്റ്ററുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിക്കുന്ന നിരവധി സര്‍വകലാശാലകളെയും കോളേജുകളെയും യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ട്രം‌പിന്റെ ഉത്തരവിന്റെ ബലത്തില്‍ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നുവെന്ന് സര്‍‌വ്വകലാശാലാ അധികൃതര്‍ പറഞ്ഞു. സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയാല്‍ പതിനായിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടുകയോ നാടുകടത്തലിന് വിധേയരാകുകയോ ചെയ്യുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടിവരുന്ന നീക്കമാണ് ട്രം‌പ് ചെയ്തതെന്ന് പരക്കെ ആരോപണമുണ്ട്. അക്കാദമിക്, വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള എഫ്-1, എം-1 വിസ കൈവശമുള്ളവര്‍ക്ക് ഈ നിയമങ്ങള്‍ ബാധകമാണ്.

അതേസമയം, അമേരിക്കന്‍ യൂണിവേഴ്സിറ്റികളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് വിദേശ വിദ്യാര്‍ത്ഥികള്‍. ആ വരുമാന മാര്‍ഗമാണ് ട്രം‌പ് ഇല്ലാതാക്കാന്‍ ശ്രമിച്ചതും യൂണിവേഴ്സിറ്റികള്‍ കോടതിയെ സമീപിച്ചതുമെന്നും വിവിധ ബിസിനസ് സ്ഥാപനങ്ങളും സര്‍‌വ്വകലാശാലകളും ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top