Flash News

കാല്‍ഗറി മദര്‍ തെരേസ സീറോ മലബാര്‍ ഇടവകയ്ക്ക് സ്വന്തം ആരാധനാലയം

July 15, 2020 , ജോയിച്ചന്‍ പുതുക്കുളം

കാല്‍ഗറി: സ്വന്തമായ ആരാധനാലയം എന്നുള്ള ചിരകാല സ്വപ്നം പൂവണിഞ്ഞതിന്‍റെ ആത്മ നിര്‍വൃതിയിലാണ് കാല്‍ഗറി സെന്‍റ് മദര്‍ തെരേസ സിറോ മലബാര്‍ ഇടവക. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‍റെയും പ്രാര്‍ത്ഥനയുടെയും അശ്രാന്ത പരിശ്രമത്തിന്‍റെയും പരിസമാപ്തികുറിച്ചുകൊണ്ട് ട്രസ്റ്റിമാരുടേയും മറ്റ് അല്‍മായ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഇടവകയുടെ വികാരി റവ. ഫാ. സാജോ പുതുശേരി പുതിയ ദേവാലയത്തിന്‍റെ താക്കോല്‍ ഏറ്റുവാങ്ങി.

ഒരു പതിറ്റാണ്ടുകാലത്തെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് ഇടവകയ്ക്ക് ഈ നേട്ടം കൈവരിയ്ക്കാനായത്. സൂം വഴിയായി നടത്തിയ വിശുദ്ധ ബലിയ്ക്കു ശേഷം റവ. ഫാ. സാജോ പുതുശേരി ഇടവക ജനങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയിക്കുകയും ഇതിനുവേണ്ടി പ്രവര്‍ത്തിച്ച ട്രസ്റ്റിമാര്‍ക്കും, പാരീഷ് കൗണ്‍സിലിനും, ഫൈനാന്‍സ് കണ്‍സിലിനും ഇടവകയിലേ ഓരോ അംഗങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു. സ്വന്തമായി ഒരു ദേവാലയം എന്ന പദ്ധതിക്കുവേണ്ടി റവ. ഫാ. സാജോ പുതുശേരിയുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഇടവകജനങ്ങള്‍ പാരീഷ് കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തിലൂടെ നന്ദി പ്രകാശിപ്പിച്ചതായി സെന്‍റ് മദര്‍ തെരേസ കാത്തലിക്ക് ചര്‍ച്ച് പി ആര്‍ ഓ, നോബിള്‍ അഗസ്റ്റിന്‍ അറിയിച്ചു.

കാല്‍ഗറിയുടെ ഹൃദയഭാഗമായ ഗ്ലെന്‍ ബ്രൂക്കില്‍ അഞ്ഞൂറോളം ആളുകള്‍ക്ക് ഒരേ സമയം ആരാധിക്കുവാനുള്ള സൗകര്യങ്ങളുള്ള ദേവാലയവും അതോടൊപ്പം കോണ്‍ഫ്രന്‍സ് ഹാള്‍, കിച്ചണ്‍, ഡേ കെയര്‍ സെന്‍റര്‍, ജിംനേഷ്യം, ഓഫീസ് മുറികള്‍, ക്ലാസ് മുറികള്‍, വിശാലമായ പാര്‍ക്കിംഗ് ലോട്ട് തുടങ്ങിയ സൗകര്യങ്ങളുള്‍പ്പെടെ മൊത്തം നാല്‍പ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സമുച്ചയമാണ് ഇടവകയ്ക്കു സ്വന്തമായത്.

അല്‍പ്പം ചരിത്രം

ആതുര സേവനത്തിന്‍റെയും കാരുണ്യത്തിന്റെയും ആള്‍ രൂപമായി അഗതികള്‍ക്കും രോഗികള്‍ക്കും വേണ്ടി സ്വജീവിതം സമര്‍പ്പിച്ച വിശുദ്ധ മദര്‍ തെരേസയുടെ ധന്യ നാമത്തില്‍ സ്ഥാപിതമായ ഈ സമൂഹത്തിന് ഒന്നര ദശാബ്ദക്കാലത്തെ ചരിത്രമാണുള്ളത്. കാനഡയിലെ മിസ്സിസാഗാ രൂപതയുടെ കീഴില്‍ വരുന്ന ആല്‍ബര്‍ട്ട പ്രോവിന്‍സിലെ കാല്‍ഗരിയില്‍ ഇടവകയില്‍ ഇന്ന് 400 ഓളം കുടുംബങ്ങളാണുള്ളത്. 2010 ജൂണ്‍ 5ാം തീയതി ചിക്കാഗോ രൂപതയുടെ ഭാഗമായ ഒരു കാത്തലിക്ക് മിഷനായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ കാന!ഡയിലെ മിസിസാഗ രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റ അവസരത്തില്‍ ഇതിനെ ഒരു ഇടവകയായി ഉയര്‍ത്തുകയും റവ. ഫാ. സാജോ പുതുശേരിയെ വികാരിയായി നിയമിക്കുകയുമായിരുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റക്കാരായ മലയാളി വിശ്വാസിസമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളിയാണ് വിശുദ്ധ കര്‍മ്മങ്ങള്‍ക്കു ആത്മീയ നേതൃത്വം കൊടുക്കുവാന്‍ മതിയായ പുരോഹിന്മാരുടെ അഭാവം. എന്നാല്‍ കാല്‍ഗറിയിലെ വിശ്വാസസമൂഹത്തിന് ഫാ. സാജോ പുതുശ്ശേരിയെക്കൂടാതെ കാലാകാലങ്ങളില്‍ ഫാ. തോമസ് വടശേരി, ഫാ. ജോസ് ടോം കളത്തിപ്പറമ്പില്‍, ഫാ. ടോമി മഞ്ഞളി , ഫാ. ഷിബു കല്ലറയ്ക്കല്‍ തുടങ്ങിയ വൈദികരുടെ സേവനങ്ങള്‍ ലഭിച്ചിരുന്നുവെന്നതും ദൈവീക പരിപാലനത്തിന്‍റെ ഉദാഹരണമായി ഇടവക കണക്കാക്കുന്നു.

400 കുടുംബങ്ങളില്‍നിന്നുമായി ഏകദേശം 2000 അംഗങ്ങളാണ് ഇടവകസമൂഹത്തിലുള്ളത്. ആത്മീയ കാര്യങ്ങളിലെന്നതുപോലെതന്നെ മറ്റു മേഖലകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന സഹകരണ മനോഭാവമുള്ള സമൂഹമാണിത്. അംഗങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്ന സ്വന്തമായ ഒരു ദേവാലയം വര്‍ഷങ്ങളായി ആഗ്രഹിക്കുകയും അതു സാധ്യമാക്കുവാനായി 2013 ല്‍ ഒരു ബില്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഈ ദിശയിലെ ആദ്യ പടിയായി ഒരു ഭവനം 2017 ല്‍ സ്വന്തമാക്കി. അത് ഇന്ന് മദര്‍ തെരേസ ഭവനം അഥവാ മിഷന്‍ ഹൌസ് എന്ന പേരില്‍ അറിയപ്പെടുന്നു. സ്വന്തമായി ഒരു ആരാധനാലയമെന്ന ആഗ്രഹം നിറവേറുന്നതിനായി ഇടവകസമൂഹം ഒരുമനസ്സോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും അതിലേയ്ക്കു വേണ്ട ആത്മീയ പിന്തുണയും അചഞ്ചലമായ നേതൃത്വവും ഫാ. സാജോ പുതുശ്ശേരി സ്തുത്യര്‍ഹമായി നിര്‍വഹിക്കുകയും ചെയ്തു. അതിപ്പോള്‍ ഫലപ്രാപ്തിയിലെത്തിയതില്‍ ഇടവകസമൂഹം അത്യന്തം ആഹ്‌ളാദിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു.

ഫാ. സാജോ പുതുശ്ശേരി ഇടവക സമൂഹത്തിന്‍റെ ഡയറക്റ്ററായി ചുമതലയേറ്റതോടെ അംഗങ്ങള്‍ക്ക് പതിവായി ഞായറാഴ്ച ആരാധനയും മറ്റുള്ള ആത്മീയ ആവശ്യങ്ങളും മുടങ്ങാതെ ലഭ്യമായി. മിഷന്‍ ഹൗസ് സ്വന്തമാക്കിയതോടെ ഇടദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാനയും ആരാധനയും സാധ്യമാവുകയും ചെയ്തു. ആത്മീയ കാര്യങ്ങളോടൊപ്പം മറ്റുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നു. കുടുംബ സംഗമങ്ങളും, മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള സെമിനാറുകളും, സമ്മര്‍ യൂത്ത് ക്യാമ്പുകളും സജീവമായി നടന്നുവരുന്നു. വികാരിയുടെ മേല്‍നോട്ടത്തില്‍ വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകര്‍ കാറ്റക്കിസം, യൂത്ത് മൂവ്‌മെന്‍റ്, ന്യൂ കമര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, നൈറ്റ്‌സ് ഓഫ് കൊളംബസ്, മാതൃ ജ്യോതി, ചര്‍ച്ച് ക്വൊയര്‍ എന്നിവയ്ക്ക് നേതൃത്വം കൊടുക്കുന്നു.

കരുതലോടെ ഒരു സമൂഹം

ആരംഭകാലം മുതല്‍ വിശാലമനോഭാവത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹമായി കാല്‍ഗരി സിറോ മലബാര്‍ കമ്മ്യൂണിറ്റി അറിയപ്പെട്ടു വരുന്നു. കാല്‍ഗരിയില്‍ പുതുതായി എത്തുന്നവരെല്ലാം ജാതി, മത, പ്രാദേശിക പരിഗണനകളൊന്നുമില്ലാതെ സമീപിക്കുന്ന ഒരു സ്ഥലമാണ് സിറോ മലബാര്‍ കമ്മ്യൂണിറ്റി. വീടുവിട്ടവര്‍ക്ക് വേറൊരു വീടായി ഇത് അനുഭവപ്പെടുന്നു. അവര്‍ക്ക് താമസിക്കാനൊരിടം കണ്ടെത്തുന്നതിനും, താല്‍ക്കാലികമായി പിടിച്ചു നില്‍ക്കാനൊരു ഉപജീവനമാര്‍ഗ്ഗം സംഘടിപ്പിക്കുന്നതിനും അവരുടേതായ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി നെറ്റ് വര്‍ക്ക് ചെയ്യുന്നതിനുമുള്ള സൗകര്യമൊരുക്കുന്നത് ഇവിടെയുള്ള സന്നദ്ധ പ്രവര്‍ത്തകരാണ്. അവിടെ കാലുകുത്തുന്ന ആദ്യ ദിവസം തന്നെ അവരെ ഊഷ്മളമായി സ്വീകരിക്കുകയും അവരുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നതില്‍ പ്രവര്‍ത്തകര്‍ ജാഗരൂകരാണെന്നുള്ളത് അത്യന്തം പ്രശംസനീയമാണ്.

വിശുദ്ധ മദര്‍ തെരേസയുടെ നാമധേയത്തില്‍ വെസ്റ്റേണ്‍ കാനഡയിലുള്ള ഏക ദേവാലയമാണിത്. വിശുദ്ധയുടെ തിരുശേഷിപ്പും ഭക്ത്യാദരപൂര്‍വം ഇവടെ സൂക്ഷിച്ചിട്ടുണ്ട്. ദേവാലയം സ്വന്തമാക്കിയത് ആഘോഷമാക്കുന്നതിനു പകരം കൊറോണ19 ന്‍റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുവാനാണ് പാരീഷ് കൗണ്‍സില്‍ തീരുമാനമെടുത്തത്. മാര്‍ച്ച് ആദ്യവാരം മുതല്‍ ഒരു ക്രൈസിസ് മാനേജുമെന്‍റ് കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുകയും 150 ഓളം കുടുംബങ്ങള്‍ക്ക് ഇതിനോടകം സഹായമെത്തിക്കുകയും ചെയ്തു. കാല്‍ഗരിയിലേക്കു പുതുതായി എത്തുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, നിര്‍ദ്ധനര്‍, അമ്മമാര്‍, മറ്റുവിധത്തില്‍ ഭക്ഷണത്തിനു വിഷമിക്കുന്നവര്‍ എന്നിവര്‍ക്കായി കോവിഡ് 19 സഹായ സന്നദ്ധ പ്രവര്‍ത്തകര്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുന്നു. ഇതിനിടയിലും പുതിയ ദേവാലയത്തിന്‍റെ വെഞ്ചെരിപ്പിനുള്ള തയ്യാറെടുപ്പും നടന്നു വരുന്നു. ഈ ദേവാലയം കാല്‍ഗരി സിറോ മലബാര്‍ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും കാല്‍ഗരിയിലും പരിസരത്തുമുള്ള പൊതുജനങ്ങങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top