
ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി അംഗം ജസീല്‍ സി. പി മുഖ്യപ്രഭാഷണം നടത്തുന്നു
മങ്കട: പുതിയ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ചും ഹയര്‍ സെക്കന്ററി ഇല്ലാത്ത ഹൈസ്ക്കൂളുകളെ ഹയര്‍ സെക്കന്ററിയായി മാറ്റിയും മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കൻ്ററി പ്രതിസന്ധി പരിഹരിച്ച് ജില്ലയോടുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുള്ള ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്ത സമരങ്ങളുടെ മുന്നോടിയായി ഫ്രറ്റേണിറ്റി- വെല്‍ഫെയര്‍ പാര്‍ട്ടി സംയുക്തമായി നില്‍പ്പ് സമരം നടത്തി.
ഫ്രറ്റേണിറ്റി മങ്കട ഈ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജസീല്‍ സി.പി മുഖ്യപ്രഭാഷണം നടത്തി. അഞ്ചു ജില്ലകളില്‍ ആവശ്യത്തിലധികം സീറ്റുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടിയ മലപ്പുറം ജില്ലയില്‍ 30376 കുട്ടികള്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ പുറത്തു നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
രണ്ടായിരം മുതല്‍ മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന മുഖ്യ വിദ്യാഭ്യാസ പ്രതിസന്ധിയാണ് ഹയര്‍ സെക്കന്ററി സീറ്റുകളുടെ അപര്യാപ്തത. ഇരുപത് വര്‍ഷം പിന്നിട്ട് 2020 ലെത്തിയിട്ടും പ്രശ്നം ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇക്കാലത്തിനിടയില്‍ മാറിമാറി അധികാരത്തിലേറിയ ഇടതുവലതു സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ മലപ്പുറത്തുകാര്‍ ഈ വിഷയം നിരന്തരം ഉന്നയിച്ചിട്ടും സ്ഥിരം പരിഹാരമുണ്ടാകുംവിധം നടപടികളെടുക്കാന്‍ ഇരുകൂട്ടരും ശ്രമം നടത്തിയിട്ടില്ല. അതിന്റെ ഫലമായി 70 ശതമാനത്തിലധികം മാര്‍ക്ക് നേടി എസ് എസ് എല്‍ സി പാസായ വിദ്യാര്‍ഥികൾക്ക് പോലും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് പ്രൈവറ്റ് രജിസ്ട്രേഷന് സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് വരുന്നു. മലബാറിന് പുറത്തുള്ള ജില്ലകളില്‍ പത്താം ക്ലാസ് പാസാകുന്ന വിദ്യാര്ഥികളെക്കാള് പ്ലസ് വണ്‍ സീറ്റുകള്‍ നിലനില്‍ക്കുമ്പോഴാണ് മലപ്പുറത്ത് ജനിച്ചു പോയതിന്റെ പേരില്‍ മാത്രം ഈ കുട്ടികള്‍ അനീതിക്കിരയാവുന്നത്.
ഈ വര്‍ഷത്തെ കണക്കനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം ജില്ലകളില്‍ എസ്.എസ്.എല്‍.സി പാസാവയരേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട്. മറ്റ് ഉപരിപഠന സാധ്യതകളായ വി എച്ച് എസ് ഇ, ഐ ടി ഐ, പോളിടെക്നിക് എന്നിവ വേറെയും ആ ജില്ലകളിലുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ജില്ലകളില്‍ പല ബാച്ചുകളും കുട്ടികളില്ലാതെ ഒഴിഞ്ഞുകിടന്നത് വാര്‍ത്തയായിരുന്നു. സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് ആവശ്യത്തിലേറെ പ്ലസ് വണ്‍ ബാച്ചുകളും സീറ്റുകളും ഉണ്ടാവുകയും മലപ്പുറമടക്കമുള്ള മലബാര്‍ ജില്ലകളില്‍ പതിനായിരങ്ങള്‍ പുറത്തിരിക്കുകയും ചെയ്യുന്ന വിവേചന ഭീകരാവസ്ഥയാണ് സംസ്ഥാനത്ത് കുറച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ 77685 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അതില്‍ 76633 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനര്‍ഹരായി. എന്നാല്‍ 41200 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ നിലവിലുള്ളത്.
സി.ബിഎസ്.ഇ, ഐ.സി.എസ്.ഇ സ്കീമുകളില്‍ SSLC എഴുതിയവരുടെ റിസല്‍റ്റ് ചേര്‍ത്താല്‍ സീറ്റില്ലാത്തവരുടെ കണക്കുകള്‍ ഇനിയും വര്‍ധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ ശേഷം നാട്ടില്‍ പ്ലസ് വണ്ണിന് അപേക്ഷിക്കുന്നവര്‍ വേറെയുമുണ്ട്. കോവിഡ് പ്രതിസന്ധിയുള്‍പ്പടെയുള്ള കാരണത്താല്‍ ഇവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിക്കാനാണ് സാധ്യത.
ഇതിനോടൊപ്പം സേ പരീക്ഷാ വിജയികളും ചേരും. അയ്യായിരത്തിലധികം വിദ്യാര്‍ഥികൾ ഇങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്ലസ് വണ്‍ അപേക്ഷകരായുണ്ടായിരുന്നു. സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി അംഗം സുഹ സ്വാഗതവും അലി അംജദ് നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ മുസ്തഫ, നസീബ്, മുര്‍ഷിദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply