Flash News

ആദ്യാനുരാഗം (കഥ)

July 15, 2020 , ഹസീന റാഫി

വര്‍ഷേ …. ഒരു ചെറിയ വിശേഷം ണ്ട്… ടെസ്റ്റിന് കൊടുത്തിരുന്നേ, റിസള്‍ട്ട് വന്നത് പോസിറ്റീവാ!

അവള്‍ ആ വോയ്സ് നോട്ട് പലകുറി കേട്ടു ….

തന്‍റെ ശരത്തേട്ടന്‍…..

തനിക്കെന്ത് ചെയ്യാനാവും? ദൈവമേ എന്തൊരു പരീക്ഷണമാണിത്. പാവം ശരത്തേട്ടന്‍…. തനിക്ക് എന്നല്ല, ആര്‍ക്കും ആരേയും സഹായിക്കാനോ ഒന്ന് ചെന്വേഷിക്കാനോ പോലും കഴിയാത്ത വല്ലാത്തൊരു അവസ്ഥയാണല്ലൊ ഇത്….

“ഒന്നുമില്ലാട്ടോ, വെറുതെ അറിയിച്ചെന്നേയുള്ളൂ. എനിക്ക് കുഴപ്പമൊന്നുമില്ലാട്ടോ, വിഷമിക്കാനില്ല. അര്‍ബാബ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു തന്നു. ഇവിടെ വളരെ സൗകര്യമാണ്. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തന്നെയില്ല…”

പിറകെ വീണ്ടുമെത്തിയ വോയ്സ് മെസ്സേജില്‍ തെല്ലാശ്വാസം തോന്നി

ഹസീന റാഫി

താനൊരു തൊട്ടാവാടിയാണെന്നും ഇത് കേട്ടാല്‍ വല്ലാതെ വിഷമിക്കുമെന്നും അയാള്‍ ഓര്‍ത്തത് കൊണ്ടാണ് അസുഖ കിടക്കയില്‍ നിന്നും അത്ര കൂടി ചെയ്തത് എന്നത് അയാളുടെ കരുതലിന്‍റെ നേര്‍ക്കാഴ്ചയായി അവളുടെയുള്ളില്‍ നിറഞ്ഞു.

ശരത്തേട്ടന്‍റെ അച്ഛന്‍റെ വേര്‍പാട് അറിഞ്ഞ ശേഷം എത്ര ശ്രമിച്ചിട്ടും അടക്കി വെക്കാനാവാതെയാണ് താന്‍ അയാളെ വിളിക്കാന്‍ ആലോചിച്ചതെന്ന് അവളോര്‍ത്തു. അയാളിവിടെ ഉണ്ടെന്നറിഞ്ഞിട്ടും നമ്പറൊക്കെ മറ്റ് മ്യൂച്വല്‍ ഫ്രണ്ട്സില്‍ നിന്ന് സംഘടിപ്പിക്കാമെന്ന സാധ്യതയുണ്ടായിരുന്നിട്ടും അത് വരെയും അവളതിന് ശ്രമിച്ചിച്ചിരുന്നില്ല.

അങ്ങനെ മൂന്ന് ദശാബ്ദങ്ങള്‍ക്കിപ്പുറം നമ്പറും സംഘടിപ്പിച്ച് ഒരു പ്രഭാതത്തില്‍ അവളയാളുടെ നമ്പര്‍ ഡയല്‍ ചെയ്തു. തന്‍റെ നെഞ്ചിടിപ്പിന്‍റെ താളം വല്ലാതെ ഉയര്‍ന്നു വരുന്നതും ശ്വാസഗതി വേഗത്തിലാവുന്നതും അവള്‍ ശ്രദ്ധിച്ചു.

പെട്ടെന്നാണ് ‘ഹലോ’ എന്ന പ്രതികരണം വന്നത്. നീണ്ട മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ ശബ്ദം വല്ലാത്ത ഒരുള്‍പ്പുളകത്തോടെയാണ് അവള്‍ ശ്രവിച്ചത്. തുളുമ്പി വന്ന സന്തോഷവും സങ്കടവും അവളെ അല്പനേരത്തേയ്ക്ക് അസ്ഥപ്രജ്ഞയാക്കി.

“ഹലോ, ഹലോ…. ആരാത്?” എന്ന തുടരെയുള്ള ചോദ്യങ്ങള്‍ക്ക് വിക്കി വിക്കി അവള്‍ മറുപടി പറഞ്ഞു:

“ശരത്തേട്ടാ….. ഇത് വര്‍ഷയാണ്”

“ഏത് വര്‍ഷ” എന്ന ചോദ്യം അവളെ പിന്നെയും നിശബ്ദയാക്കി.

“എനിക്ക് മനസ്സിലായില്ല ട്ടോ, സോറി!”

അയാളുടെ ക്ഷമാപണം അവളെ വീണ്ടുമുണര്‍ത്തി. താന്‍ ആ ശബ്ദം ഇന്നും മറന്നിട്ടില്ല, പക്ഷേ തന്നെയോ അയാള്‍ ഓര്‍ക്കുന്നു പോലുമില്ലല്ലൊ എന്ന ചിന്ത അവളെ കരച്ചിലിന്‍റെ വക്കിലെത്തിച്ചു. അതുകൊണ്ടാണ് പെട്ടെന്ന് അവള്‍ അവള്‍
“ശരത്തേട്ടന് എത്ര വര്‍ഷമാരെ അറിയാം?” എന്ന് ചോദിച്ചു പോയത് !

അയാള്‍ വല്ലാതെയായി. അയാള്‍ക്ക് പെട്ടെന്ന് കാര്യങ്ങള്‍ തെളിഞ്ഞു വന്നു.

“അയ്യോ! വര്‍ഷക്കുട്ടീ….എന്‍റെ പഴയ വര്‍ഷക്കുട്ടി തന്നെയാണോ ഇത്? വിശ്വസിക്കാന്‍ പറ്റണില്ല …. ഇവിടുണ്ടെന്ന് എനിക്കറിയാമായിരുന്നു. നമ്പറും കിട്ടുമായിരുന്നു. കാണണമെന്നും, ഇല്ലെങ്കില്‍ ആ ശബ്ദമെങ്കിലും ഒന്ന് കേള്‍ക്കണമെന്നും വളരെ ആഗ്രഹമുണ്ടായിരുന്നു…. പക്ഷേ, വര്‍ഷക്കുട്ടി എന്ത് കരുതും, കുട്ടിക്കത് ബുദ്ധിമുട്ടാകുമോ എന്നൊക്കെയോര്‍ത്ത് വേണ്ടെന്ന് വെച്ച് നടക്കുകയായിരുന്നു…”

അയാള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.

“പിന്നെ വൈഫിന്‍റെ വീട്ടിലും ഒരു വര്‍ഷയുണ്ടേ… അതാ ഞാന്‍ പെട്ടെന്ന്……… വര്‍ഷക്കുട്ടി വിളിക്കും എന്നൊരു ചിന്തയുമില്ലല്ലൊ….അതാട്ടോ”

അവളുടെ മനസ്സില്‍ കുളിര് വീണു. ശരത്തേട്ടന്‍ ഇവിടെയുണ്ടെന്നറിഞ്ഞത് മുതല്‍ കാണാനും വിളിക്കാനുമൊക്കെ തനിക്കും തോന്നിയതായും പിന്നെ അടക്കി വെച്ചതും, അച്ഛന്‍റെ വേര്‍പാടിനെക്കുറിച്ച് കേട്ടത് കൊണ്ട് വിളിക്കാതിരിക്കാനായില്ല എന്നും അവളും പറഞ്ഞു. അതെ, അവള്‍ക്കേറെ പ്രിയമായിരുന്നു ആ അച്ഛനെയും, അച്ഛന് തിരിച്ചും!

അവര്‍ ഹൃദയം തുറന്നു, വീണ്ടും. കാലങ്ങളെത്ര മാറ്റങ്ങളാണ് അവരുടെ ജീവിതങ്ങളില്‍ വരുത്തി വെച്ചതെന്ന് പരസ്പരം തിരിച്ചറിഞ്ഞു.

പിന്നീട് സന്ദേശങ്ങളിലൂടെയും വിളികളിലൂടെയും നീണ്ട വര്‍ഷങ്ങളിലെ കഥകളെല്ലാമവര്‍ പങ്കുവെച്ചു. അവളുടെ കയ്പു നിറഞ്ഞ വിവാഹ ജീവിതത്തെ കുറിച്ച് കേട്ട അയാള്‍ ഗദ്ഗദകണ്ഠനാകുന്നതും, തന്‍റെ കൂടെയായിരുന്നെങ്കില്‍ തന്‍റെ വര്‍ഷക്കുട്ടി എത്ര സന്തോഷവതിയായിരുന്നേനെയെന്നും, താനവളെ പൊന്നുപോലെ കൊണ്ടു നടന്നേനെ എന്നും, അയാള്‍ പറയാതെ പറയുന്നതും അവള്‍ തിരിച്ചറിഞ്ഞു.

“അച്ഛന് വര്‍ഷയെ വളരെ കാര്യമായിരുന്നുവെന്ന് വര്‍ഷയ്ക്കറിയാല്ലൊ? എന്നോട് പലവട്ടം പറയേം ചെയ്തതാ നീയാ തമിഴത്തി പെണ്ണിനെ തന്നെ കെട്ടിക്കോടാ ശരത്തേ എന്ന് ! പക്ഷേ….”

അയാള്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി.

അവള്‍ ഓര്‍മ്മകളുടെ ബസ്സിലേറി മലനിരകള്‍ക്ക് അപ്പുറത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങി അല്പം നടന്നാലെത്തുന്ന ആ വീട്ടിലേക്ക് യാത്രയായി.

മലനിരകള്‍ കാണാന്‍ തുടങ്ങുമ്പോഴേ വീടടുത്ത സന്തോഷത്തില്‍ ബസ്സില്‍ നിന്ന് ചാടിയിറങ്ങാന്‍ വെമ്പുന്ന ആ കൊച്ചു പാവാടക്കാരിയെ അവള്‍ ഓര്‍ത്തെടുത്തു.

അന്ന് അവള്‍ ആറാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അമ്മയോടൊപ്പം അമ്മ വീട്ടില്‍ പോയ ഏതോ ഒരു ദിവസം, തൊട്ടടുത്തുള്ള ആ ബന്ധുവീട്ടില്‍ പോയപ്പോഴാണ് അയാളെ അവിടെ വെച്ച് അവള്‍ ആദ്യമായി കാണുന്നത്. പത്ത് പതിനെട്ട് വയസ്സ് തോന്നുന്ന ഒരു പൊടി മീശക്കാരന്‍.

പിന്നീട് അവള്‍ അവിടെ പോയപ്പോഴെല്ലാം തന്നെ അവനും അവിടെ ഉണ്ടാകാറുണ്ടായിരുന്നു. കിലുക്കാംപെട്ടി പോലെ സംസാരിക്കുന്ന അവള്‍ അവനോടും അതുപോലെ സംസാരിക്കുമായിരുന്നു.

വര്‍ഷങ്ങള്‍ പോകവേ അവളുടെ അവിടേയ്ക്കുള്ള യാത്രകളുടെ പ്രധാന ലക്ഷ്യം തന്നെ അയാളെ കാണുക എന്നതായി മാറുന്നതവളറിഞ്ഞു. താന്‍ തിരിച്ചുപോരും മുമ്പ് അയാളെ എന്നെങ്കിലും കാണാനാവാതെ വന്നാല്‍ അന്ന് തന്‍റെ ഹൃദയം നോവുന്നതും മനസ്സ് മൂകമായി തേങ്ങുന്നതും അവള്‍ തിരിച്ചറിഞ്ഞു.

അയാളും അവളുടെ വരവുകള്‍ക്കായി കാത്ത് കാത്തിരുന്ന നാളുകളായിരുന്നു അവയെന്നും അവള്‍ക്ക് മനസ്സിലായി….

അവള്‍ അമ്മ വീട്ടില്‍ താമസിക്കുന്നത് വളരെ കുറവായിരുന്നു. അയാളോടടുത്തതില്‍ പിന്നെ അവിടെ താമസിച്ച ഒരു ദിവസം പതിവുപോലെ അപ്പുറത്തെ ബന്ധുവീട്ടിലെത്തിയ അവള്‍ അവിടുത്തെ ഇളയ കുഞ്ഞിനേയും ഒക്കത്തെടുത്ത് നിന്നിരുന്ന നേരത്ത് അയാള്‍ തന്‍റെ അരികിലേയ്ക്ക് നടന്നടുത്തതും കുഞ്ഞിന്‍റെ കവിളിലും ഒപ്പം തന്‍റെ കവിളിലും മുത്തം വെച്ചതും ഇന്നുമൊരു ഉള്‍പ്പുളകത്തോടെ അവളോര്‍ത്തു.

ആദ്യ ചുംബനം! അതെ, അതാണ് ഒരു പുരുഷന്‍ അവള്‍ക്ക് പ്രണയ പുരസ്സരം നല്‍കിയ ആദ്യത്തെ പ്രണയോപഹാരം! ഓര്‍ക്കുമ്പോള്‍ ഇന്നും തന്‍റെ കവിള്‍ത്തടം ചുവന്നു തുടുക്കുന്നതായവള്‍ക്ക് തോന്നി. ആ നിമിഷത്തില്‍ അയല്‍പക്കത്തെ റേഡിയോയില്‍ നിന്നൊഴുകി വന്നിരുന്ന ഗാനം അയാളും കൂടെ മൂളിയിരുന്നതും ഇന്നലെയെ പോലെ അവളുടെ മനസ്സിലേക്കോടിയെത്തി.

‘കിളിയേ കിളിയേ നറുതേന്‍ മൊഴിയേ
ശിശിരങ്ങളീ വഴിയേ….’

ബന്ധുവീട്ടിലെ മറ്റ് കുട്ടികളുമായി കളിക്കുകയോ സംസാരിച്ചിരിക്കുകയോ ചെയ്യുമ്പോഴെല്ലാം അവള്‍ കരുതിക്കൂട്ടി അയാളുടെ അടുത്ത് തന്നെ ഇടം പിടിക്കാന്‍ ശ്രമിച്ചിരുന്നതൊഴിച്ചാല്‍ മറ്റ് ഒരു തരത്തിലും അങ്ങോട്ടുമിങ്ങോട്ടും പ്രണയ സൂചനകള്‍ ഉണ്ടായിരുന്നില്ല എങ്കിലും, രണ്ട് മനസ്സുകളും തമ്മില്‍ ഒരുപാടിഷ്ടപ്പെട്ടു പോയിരുന്നു എന്നവര്‍ രണ്ടു പേരും തിരിച്ചറിഞ്ഞിരുന്നു.

അതിനിടെയാണ് ആ മുദ്ര അവളുടെ കവിളില്‍ പതിക്കുന്നത്. കളിച്ചു കൊണ്ടിരുന്ന മറ്റ് കുട്ടികള്‍ അത് കാണാനിടയാവുകയും ‘അയ്യേ ശരത്തേട്ടന്‍ വര്‍ഷേച്ചിയെ ഉമ്മ വെച്ചേ’ എന്ന് ഉറക്കെ വിളിച്ച് കൂവാന്‍ തുടങ്ങുകയും ചെയ്തപ്പോഴേയ്ക്കും കണ്ണുകളുരുട്ടി അയാളവരെ നിശ്ശബ്ദരാക്കിക്കളഞ്ഞിരുന്നു.

അതിനിടെ, അയാളുടെ കുടുംബാംഗങ്ങളെല്ലാം അവളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നതായി അവള്‍ മനസ്സിലാക്കിയിരുന്നു. അയാളുടെ അച്ഛന്‍ വരെ, ശരത്തേട്ടനെ തിരയുകയാണോ എന്ന് ചുറ്റിലും പരതുന്ന തന്‍റെ കണ്ണുകള്‍ കണ്ട് ചോദിച്ച് കളിയാക്കിയിരുന്നതും സഹോദരങ്ങളും തങ്ങള്‍ക്ക് അനുകൂലമായി സംസാരിച്ചിരുന്നതും അവളെ സന്തോഷിപ്പിച്ചിരുന്നു.

അങ്ങനെ ആ പ്രണയവല്ലരി തളിര്‍ത്തു നില്‍ക്കെ ഒരിക്കല്‍ പോയപ്പോള്‍ അവളയാളെ അവിടെ കണ്ടില്ല. അടുത്ത തവണ പോയപ്പോഴും കാണാതായപ്പൊ അവളുടെ നെഞ്ച് വല്ലാതെ പിടഞ്ഞു. പിന്നെ കുട്ടികളില്‍ നിന്നാണ് അയാള്‍ ജോലി തേടി പോയിരിക്കുകയാണെന്ന് അവളറിയുന്നത്.

പോകുമ്പോള്‍ കാണുന്നതല്ലാതെ, മറ്റൊരു വക കമ്മ്യൂണിക്കേഷനും അവര്‍ തമ്മിലില്ലായിരുന്നു. അതു കൊണ്ട് തന്നെ വിശദ വിവരങ്ങളറിയാന്‍ ഒരു വഴിയുമില്ലായിരുന്നു അവള്‍ക്ക്. ഇനിയെന്ന് കാണുമെന്ന് യാതൊരു നിശ്ചയവുമില്ലാതെ ഓരോ ദിവസങ്ങളും കടന്നു പോയി.

മാസങ്ങള്‍ക്ക് ശേഷം ക്രിസ്തുമസ്സ് അവധിക്ക് അവളവിടെ പോയപ്പോഴതാ അയാളവിടെ! മനം എന്തെന്നില്ലാത്ത സന്തോഷത്താല്‍ തുള്ളിത്തുടിക്കവേ പെട്ടെന്നാണ് അത് സംഭവിച്ചത്!

അയാള്‍ക്ക് ഒരു ഗ്രീറ്റിംഗ് കാര്‍ഡുമായി പോസ്റ്റ്മാന്‍ കടന്നു വന്നു! ജോലി തേടി പോയിടത്ത് നിന്ന് ഏതോ പെണ്‍കുട്ടി അയച്ച ന്യൂ ഇയര്‍ ഗ്രീറ്റിംഗ്സാണതെന്ന് അയാളുടെ സഹോദരങ്ങളുടെ കുശുകുശുപ്പില്‍ നിന്ന് അവള്‍ മനസ്സിലാക്കി. മാത്രവുമല്ല താന്‍ അത് അറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്ന പോലെയും അവള്‍ക്ക് തോന്നി.

ഒന്നും വ്യക്തമായില്ലെങ്കിലും അയാളുടെ നിസ്സഹായത നിറഞ്ഞ മുഖം അവളെ ഏറെ വിഷമവൃത്തത്തിലാക്കി. അയാളോടുള്ള ദു:ഖം ഖനീഭവിച്ച മനസ്സുമായാണ് അവള് തിരികെ പോന്നത്, ഒന്നും മിണ്ടാതെ ….

പിന്നീട് പോയപ്പോഴാണ് അയാള്‍ ജോലിക്കായി ബന്ധുവഴി മറ്റൊരു രാജ്യത്തേക്ക് പോയതായി അറിയുന്നത്. അവളുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി.

ആ മുറിപ്പാട് മായ്ക്കാനോ എന്താണെന്ന് വ്യക്തത വരുത്താനോ പിന്നീടൊരിക്കലും ഒരു അവസരം അവള്‍ക്ക് കിട്ടിയില്ല. അയാളോടൊരു വിശ്വാസക്കുറവായി അതവളില്‍ കത്തി നിന്നു. അയാള്‍ തന്നെ ചതിച്ചെന്നും, അയാള്‍ക്ക് വേറെ ബന്ധങ്ങളുണ്ടെന്നും അവളുടെ കുഞ്ഞു ഹൃദയം വേദനയോടെ വിശ്വസിച്ചു.

കാലം അവളുടെ ആദ്യ നൊമ്പരത്തെ കുറേശ്ശെയായി അലിയിച്ചു… പക്ഷേ, അവളയാളെ ഒരിക്കലും മറക്കുകയോ വെറുക്കുകയോ ചെയ്തില്ല, അവള്‍ക്ക് കഴിഞ്ഞില്ല. ഹൃദയത്തിലൊരു കോണില്‍ പ്രതിഷ്ഠിച്ച് വെച്ചു. ആദ്യത്തെ പ്രണയം അങ്ങനെ നൊമ്പരമായി.

അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീടയാള്‍ നാട്ടിലേക്ക് തിരിച്ചു വന്നത്. അപ്പോഴേയ്ക്കും അവള്‍ ഡിഗ്രി പഠനവും കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്നിരുന്നു. പെട്ടെന്നൊരു ദിവസമാണ് ആ സംഭവമുണ്ടായത്!

അയാളുടെ അനുജന്‍ അവളുടെ വീട്ടില്‍ വന്നു. ഉമ്മറത്ത് വന്നയാളെ കര്‍ട്ടന്‍റെ ഇടയിലൂടെ കണ്ട അവള്‍ ഞെട്ടി. ഇത്ര കാലത്തിന് ശേഷം ഹേമന്തേട്ടന്‍ വന്നത് എന്തിനാവാം എന്ന ചിന്ത അവളെ മുള്‍മുനയില്‍ നിറുത്തി എരിപിരി കൊള്ളിക്കാന്‍ തുടങ്ങി.

അമ്മ ചായയെടുക്കാന്‍ പോയ തക്കം നോക്കി അവള്‍ കര്‍ട്ടന്‍ നീക്കി മുഖം കാണിച്ചു.

“വര്‍ഷേ, ശരത്തേട്ടന്‍ ലീവിന് വന്നിട്ടുണ്ട്. വര്‍ഷയെ കണ്ട് വിവരങ്ങളറിയാനാ എന്നെ പറഞ്ഞയച്ചത്. നേരിട്ട് വരാന്‍ മടിയായതോണ്ടാ എന്നെ വിട്ടത്. ഏട്ടന് കല്ല്യാണം ആലോചിക്കുന്നുണ്ടേ, വര്‍ഷേടെ കാര്യം അറിഞ്ഞിട്ട് മതി ബാക്കി എന്നും പറഞ്ഞ് നിക്കാ ശരത്തേട്ടന്‍”

അവള്‍ക്ക് അവളുടെ കാതുകളെ വിശ്വസിക്കാന്‍ പ്രയാസം തോന്നി. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും തന്നെ ശരത്തേട്ടന്‍ മനസ്സില്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നുവോ എന്ന ചിന്ത അവളുടെ കണ്ണുകളെ ഈറനണിയിച്ചു.

താന്‍ ഉന്നത പഠനം ചെയ്യുകയാണെന്ന അറിവും കുടുംബങ്ങള്‍ തമ്മിലുള്ള അന്തരങ്ങളും അവരെ ആലോചനയും കൊണ്ട് വരുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചതായി വേദനയോടെ പിന്നീടവള്‍ മനസ്സിലാക്കി. തനിക്കും അച്ഛനോട് കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ അതേ കാരണങ്ങള്‍ തന്നെ തടസ്സമായതായി അവളോര്‍ത്തു.

പിന്നെ ഏറെ വൈകാതെ അയാളുടെ വിവാഹവാര്‍ത്ത കേട്ടു. അവള്‍ കൂടുതല്‍ വിവരങ്ങളൊന്നുമറിയാന്‍ ശ്രമിച്ചതുമില്ല. അങ്ങനെ ആ അദ്ധ്യായം അടഞ്ഞതായിരുന്നു.

അതാണിപ്പോള്‍ ഒരു ഫോണ്‍ കോളിനിപ്പുറം ഒരു കടങ്കഥ പോലെ അവള്‍ക്ക് മുന്നില്‍ വീണ്ടുമിതള്‍ വിരിഞ്ഞ് വന്നത്.

അയാളവളെ അടുപ്പിച്ച് വിളിച്ച് തുടങ്ങി. അവള്‍ക്ക് അത് സന്തോഷം തന്നെയായിരുന്നെങ്കിലും തന്‍റെ ഭര്‍ത്താവുള്ളപ്പോഴും വിളി വന്ന് ഇനി വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ടല്ലൊ എന്ന ചിന്ത അയാളെ തടയാന്‍ അവളെ നിര്‍ബന്ധിതയാക്കി. വേദനയോടെ അവളത് ചെയ്തു.

പിന്നെ അയാള്‍ വിളിക്കാതെയായി. മെസ്സേജസും വളരെ കുറഞ്ഞു. പ്രത്യേകിച്ചെന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ മാത്രം വല്ലപ്പോഴും ഒരു മെസ്സേജിലയാള്‍ കാര്യങ്ങളൊതുക്കി. വല്ലപ്പോഴും ഒരു വിളിയില്‍ അവളും….

അങ്ങനെയിരിക്കെയാണ് അവളുടെ നെഞ്ചകം പൊള്ളിച്ചുകൊണ്ട് കോവിഡ് +ve ആയി എന്ന അയാളുടെ മെസ്സേജ് വരുന്നത്.

അവള്‍ മുടങ്ങാതെ മെസ്സേജുകളിലൂടെ സ്നേഹ സാന്ത്വനങ്ങളുമായി താന്‍ കൂടെത്തന്നെയുണ്ടെന്ന തോന്നല്‍ അയാള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. ദിവസേനയുള്ള എല്ലാ വിവരങ്ങളും കൃത്യമായി അന്വേഷിച്ചറിയുകയും ചെയ്തു.

രോഗത്തിന്‍റെ അരിഷ്ടതകള്‍ അയാളെ വല്ലാതെ ബാധിച്ചില്ല എന്നത് വല്ലാത്ത ആശ്വാസമാണവള്‍ക്ക് നല്‍കിയത്. വളരെ വൃത്തിയും വെടിപ്പുള്ള അന്തരീക്ഷത്തില്‍ എല്ലാ കെയറോടും കൂടി അയാള്‍ സുഖമായിരിക്കുന്നു എന്ന വാര്‍ത്തകള്‍ക്കൊടുവില്‍, അടുപ്പിച്ച് വീണ്ടും വീണ്ടും ടെസ്റ്റ് നടത്തുന്നുണ്ട് എന്ന വാര്‍ത്ത വന്നു.

നെഗറ്റീവായാല്‍ വിടുമല്ലോ എന്ന് സമാശ്വസിച്ച അവള്‍ക്ക്, ‘നെഗറ്റീവാണ് പക്ഷേ ഇന്ന് വീണ്ടും ടെസ്റ്റിന് എടുത്തു’ എന്ന് പലകുറി കേള്‍ക്കേണ്ടി വന്നത് വല്ലാതെ ഭീതിയുളവാക്കിയിരുന്നു. ശബ്ദ സന്ദേശമയക്കുമ്പോള്‍ പലപ്പോഴും തന്‍റെ കണ്ഠമിടറുന്നത് അവളറിഞ്ഞു.

ഒടുവില്‍, നാല് നെഗറ്റീവ് റിസള്‍ട്ട് കിട്ടിയ ശേഷം, നീണ്ട ഇരുപത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ ഡിസ്ചാര്‍ജ്ജായതായി മെസ്സേജ് കിട്ടിയപ്പോഴാണ് അവള്‍ക്ക് ശ്വാസം നേരെ വീണത്?

തന്‍റെ കുഞ്ഞ് ഹൃദയത്തിലേക്ക് കുട്ടിക്കാലത്തേ ചേക്കേറി, ആദ്യാനുരാഗത്തിന്‍റെ വിത്ത് പാകിയ അയാള്‍ ഇന്നും തനിക്കെത്ര മാത്രം പ്രിയപ്പെട്ടവനാണെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു…….


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top