Flash News

ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞതൊന്നും കസ്റ്റംസ് മുഖവിലയ്ക്കെടുത്തിട്ടില്ലെന്ന്, വീണ്ടും ചോദ്യം ചെയ്തേക്കാം

July 15, 2020 , ആന്‍സി

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച എം ശിവശങ്കറിനെ പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. എന്നാല്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞ വിവരങ്ങളൊന്നും കസ്റ്റംസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഏകദേശം പത്തുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ശിവശങ്കറിനെ കസ്റ്റംസ് വിട്ടയക്കുകയായിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞ് നാലു മണിയോടെ ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടില്‍ കസ്റ്റംസ് എത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് അഞ്ചരയോടെ സ്വന്തം കാറില്‍ ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ എത്തി. എന്നാല്‍ രാത്രി വൈകിയും അദ്ദേഹം ഓഫീസില്‍ നിന്ന് പുറത്തുവന്നില്ല. രാത്രി 12 മണിയും കഴിഞ്ഞ് പുലര്‍ച്ചെ വരെയും ചോദ്യം ചെയ്യല്‍ നീണ്ടു. ഇതോടെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുമോയെന്ന സംശയം വരെ ഉയര്‍ന്നു.

കസ്റ്റംസ് തിരുവനന്തപുരം ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും കൊച്ചിയിലുള്ള കസ്റ്റംസ് കമ്മീഷണര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധവും ഇടപാടുകളുമാണ് കസ്റ്റംസ് പ്രധാനമായും ചോദിച്ചത്. സ്വപ്‌നയുമായി ഔദ്യോഗിക ബന്ധവും സൗഹൃദവും ഉണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തുമായും മൂന്നാംപ്രതി സന്ദീപ് നായരുമായുള്ള ബന്ധത്തെപ്പറ്റി എം ശിവശങ്കര്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ കഴിഞ്ഞില്ല.

അതിനിടെ കസ്റ്റംസ് ഓഫീസിന് സമീപത്തുള്ള ആഡംബര ഹോട്ടലില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. രാത്രിയോടെ സന്ദീപിന്റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തി. രാത്രി രണ്ടരയോടെ കസ്‌ററംസ് ഉദ്യോഗസ്ഥരോടൊപ്പം പുറത്തേക്ക് വന്ന എം ശിവശങ്കറെ പൊലീസ് വീട്ടിലെത്തിക്കുകയായിരുന്നു. വീടിന്റെ പിന്‍വാതിലിലൂടെയാണ് ശിവശങ്കര്‍ അകത്തുകയറിയത്.

ശിവശങ്കര്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. ഇന്നോ നാളെയോ ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കനത്ത നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top