Flash News

പാലത്തായി പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം ലഭിച്ചത് പോലീസും സര്‍ക്കാരുമായുള്ള ഒത്തുകളിയാണെന്ന്, സര്‍ക്കാര്‍ ബാലപീഡകര്‍ക്കൊപ്പമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്

July 16, 2020 , പ്രസീത

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പത്മരാജന് ജാമ്യം ലഭിക്കാന്‍ കാരണം പിണറായി വിജയന്‍ സര്‍ക്കാരിന്റെയും പോലീസിന്റേയും അനാസ്ഥയാണെന്ന് വ്യാപക ആരോപണം. പാലത്തായിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അദ്ധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്‍ പീഡിപ്പിച്ചത്.

പോക്സോ കേസിലെ ഒരു പ്രതിക്ക് ജാമ്യം ലഭിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെയും കേസ് അന്വേഷണം നടത്തിയ പോലീസിന്‍റെയും ഗുരുതരമായ വീഴ്ചയാണ് തെളിയിക്കുന്നത്. പോക്സോ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് സര്‍ക്കാരാണ്. കേസില്‍ കോടതി നീതിന്യായപരമായ കര്‍ത്തവ്യം മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രതി അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് കേസില്‍ കുറ്റപത്രം ക്രെെം ബ്രാഞ്ച് സമര്‍പ്പിക്കുന്നത്. ഭാഗികമായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന പോരായ്മയും ഈ കേസിനുണ്ട്.

പോക്സോ വകുപ്പുകള്‍ കുറ്റപത്രത്തില്‍ പോലീസ് ചുമത്തിയിരുന്നില്ല. കുറ്റപത്രം ചുമത്തുന്ന കാര്യത്തില്‍ പോലും പല മുടന്തന്‍ ന്യായങ്ങളും നിരത്തി വൈകിപ്പിക്കുകയായിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയ സാഹചര്യത്തിലാണ് ഭാഗികകമായി പോക്സോ ചട്ടങ്ങള്‍ ഉള്‍പ്പെടുത്താതെ കുറ്റപത്രം സമര്‍പ്പിച്ചത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്സോ കോടതിയില്‍ ഡി.വൈ.എസ്.പി മധുസൂധനന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ അദ്ധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രെെം ബ്രാഞ്ച് കണ്ടെത്തിയ കേസില്‍, ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്ന ന്യായം പറഞ്ഞു പോക്സോ വകുപ്പുകള്‍ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. ഇതാണ് കോടതിയില്‍ പ്രതിക്ക് തുണയായത്.

ഇതിന് മുമ്പ് ജൂലൈ എട്ടിന് പത്മരാജന്‍റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നതാണ്. അതിനു മുന്‍പ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തളളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്‍റെ ജാമ്യഹരജി തള്ളുന്നത്. ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷണം നിര്‍വഹിച്ച കേസിലാണ് ഇത്തരം ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്.

ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പാലത്തായി ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി അധ്യാപക സംഘടനാ നേതാവുകൂടിയാണ് പ്രതി. മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതി പൊലീസിന്‍റെ തൊട്ടടുത്തു തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ പിടികൂടാന്‍ വൈകി.

സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നപ്പോള്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെ കുട്ടിയെ ചോദ്യം ചെയ്യാനെന്ന പേരില്‍ മാനസിക വിഷമങ്ങള്‍ ഉണ്ടാക്കിയതും വിവാദമായതോടെയാണ് കേസന്വേഷണത്തിന്‍റെ ചുമതല ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഏറ്റെടുക്കുന്നത്. പാലക്കാട് നടന്നത് പോലെ കാക്കിയിട്ടവര്‍ കാക്കിയെ സ്നേഹിക്കുന്ന നിലപാടാണ് പാലത്തായി കേസിലും ഉണ്ടായിരിക്കുന്നത്. ആദ്യം കേസ് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പോക്സോ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ കേസ് അന്വേഷണത്തെ പറ്റി ഒരു അന്വേഷണവും നടപടിയും ഉണ്ടായില്ല. ഈ പോക്സോ കേസിന്‍റെ നിലവിലുള്ള അവസ്ഥയില്‍ സാമൂഹ്യ ക്ഷേമവകുപ്പും, പോലീസും ഇരയോട് കാണിച്ചിരിക്കുന്നത് നീതി രഹിത നിലപാട് തന്നെയാണ്.

സര്‍ക്കാര്‍ ബാലപീഡകര്‍ക്കൊപ്പമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്

ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി കേസില്‍ ക്രെെം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള സര്‍ക്കാരിന്‍റെ സഹായഹസ്തമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ഷനോജ്. അറസ്റ്റ് ചെയ്ത് എണ്‍പത്തെട്ട് ദിവസത്തിനു ശേഷം അവസാന നിമിഷത്തില്‍ പ്രതിക്ക് രക്ഷപ്പെടുവാന്‍ സഹായകമായ തരത്തില്‍ നിസ്സാര വകുപ്പുകള്‍ ചാര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചത് സര്‍ക്കാര്‍ ബാല പീഡകര്‍കൊപ്പമാണെന്ന് തെളിയിക്കുതാണ്.

പോക്സോ കേസിലെ പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് സര്‍ക്കാരിലും അന്വേഷണ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുന്നതിന് കാരണമാകും. തുടക്കം മുതലെ ഈ കേസില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഇടപെടലുകളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. മറ്റൊരാള്‍ക്ക് കുട്ടിയെ കാഴ്ചവെച്ചുവെന്ന മാതാവിന്‍റെ പരാതിയില്‍ അന്വേഷണം നടത്താതിരുന്നതും പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയാണ്. ബിജെപി നേതാവായ പ്രതിയെ രക്ഷപ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന ജാഗ്രത മുഖ്യമന്ത്രി ആരെയൊ ഭയപ്പെടുന്നുവെന്നതിന് തെളിവാണ്. പാലത്തായി കേസില്‍ ഇരക്ക് നീതി ലഭിക്കാന്‍ വിമന്‍ ഇന്ത്യാ മൂവ്മെന്റ് സമരമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top