Flash News

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിനെ കൈയ്യൊഴിഞ്ഞ് പിണറായി വിജയന്‍

July 16, 2020 , പ്രസീത

തിരുവനന്തപുരം: യു എ ഇ നയത്രന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയതിന് എന്‍ ഐ എയുടെ പിടിയിലായ സ്വപ്ന സുരേഷും സരിത്ത് നായരും സന്ദീപ് നായരുമൊക്കെയുള്ള അവിശുദ്ധ കൂട്ടുകെട്ട് എം ശിവശങ്കറിന് വിനയായി. ഇവരുമായുള്ള ബന്ധത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വീസ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാണ് നടപടി. വകുപ്പ് തല അന്വേഷണം തുടരും.

കേസിന്റെ ആരംഭം മുതല്‍ ശിവശങ്കറിനെ വെള്ള പൂശാനുള്ള ശ്രമമായിരുന്നു മുഖ്യമന്ത്രിയുടേത്. കസ്റ്റസിന്റേയും എന്‍ ഐ എയുടേയും റിപ്പോര്‍ട്ടുകളിലെല്ലാം സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അപ്പോഴെല്ലാം പിണറായി വിജയന്‍ എല്ലാ പിന്തുണയും നല്‍കി സംരക്ഷിച്ച് പോന്ന വ്യക്തിത്വമാണ് എം ശിവശങ്കര്‍. പണ്ട് മുതലേ അദ്ദേഹത്തിന്റെ പ്രിയങ്കരന്‍. എംവി ജയരാജന്‍ ചുമതലയൊഴിഞ്ഞ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് മേല്‍ പാര്‍ട്ടിയുടെ പിടിയയഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍വ്വശക്തനായി. പുതിയ കാലത്ത് നിര്‍ണായകമായ ഐടി വകുപ്പിന്റെ ചുമതല കൂടിയുള്ള സൂപ്പര്‍ പവര്‍. മുഖ്യമന്ത്രിയുടെ ഉറച്ച പിന്തുണ കൂടിയായതോടെ എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കാമെന്നായി, നടപ്പാക്കാമെന്നായി. അങ്ങിനെയാണ് സര്‍ക്കാര്‍ സ്പ്രിംഗ്‌ളറിന്റെ കുഴിയില്‍ വീണത്. സിപിഎം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച വിവരസുരക്ഷ തമാശയായി. ഹൈക്കോടതിയില്‍ നിന്ന് തല്ലും പാര്‍ട്ടിയിലും ഘടകക്ഷികളിലും മുറുമുറുപ്പും ഉണ്ടായിട്ടും പിണറായി ശിവശങ്കറിനെ ചേര്‍ത്ത് പിടിച്ചു. പിന്നെയും ആരോപണങ്ങള്‍ പലതുണ്ടായെങ്കിലും സ്വര്‍ണ്ണക്കള്ളക്കടത്തിലെ പ്രതികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടതോടെ ശിവശങ്കര്‍ വിയര്‍ത്തു. കേവലം സൗഹൃദത്തിനപ്പുറം കള്ളക്കടത്ത് സിന്‍ഡിക്കേറ്റുമായുള്ള ഇഴയടുപ്പം ഓരോ ദിവസവും തെളിഞ്ഞ് തെളിഞ്ഞു വന്നു.

സ്പ്രിംഗ്‌ളര്‍ കാലത്ത് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും കവചം ഒരുക്കാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്വയം ഇറങ്ങി വന്ന ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ വീടിന്റെ പിന്‍വാതിലില്‍ക്കൂടി ഒളിച്ചിറങ്ങി. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തിരികെ ഒളിച്ച് കയറി. കള്ളക്കടത്തില്‍ ബന്ധമുണ്ടെന്നതിന് ഇനിയും തെളിവുകളില്ലെങ്കിലും പ്രതികളുമായുള്ള അടുത്ത ബന്ധം സംശയാതീതമായി തെളിഞ്ഞതോടെ ഇപ്പോഴിതാ സസ്‌പെന്‍ഷനും. വിവരങ്ങള്‍ ഓരോന്നായി പുറത്ത് വരുമ്പോഴും തെളിവ് എവിടെ എന്ന് ആവര്‍ത്തിച്ച് ചോദിച്ച് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സംരക്ഷണ കവചം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാണ് വൈകിപ്പോയ ഈ സസ്‌പെന്‍ഷന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top