നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ കൂടുതല്‍ പേര് അറസ്റ്റില്‍. കള്ളക്കടത്തില്‍ ജ്വല്ലറി ഉടമകള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ മുഹമ്മദ് അന്‍വര്‍, മലപ്പുറം വേങ്ങര സ്വദേശി സെയ്തലവി എന്നിവരെ കസ്റ്റംസ് അറസ്റ്റു ചെയ്തത്. ഇതില്‍ സെയ്തലവി കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആളാണെന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹത്തിനെതിരെ കൊഫേപോസ കേസ് ഉണ്ട്. മാത്രമല്ല, ദുബായ് കേന്ദ്രീകരിച്ച് പലതവണ കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ ആളാണ് സെയ്തലവി. ഇയാള്‍ സ്വര്‍ണക്കടത്ത് ശൃംഖലയിലെ ഒരു പ്രധാനപ്പെട്ട കക്ഷി കൂടിയാണ്.
സെയ്തലവിയുടെ പല പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേരത്തെ മുതല്‍ കസ്റ്റംസിന് അറിവുള്ളതാണ്. അതോടൊപ്പം റമീസുമായി നേരിട്ട് ബന്ധമുള്ള ആളാണ് സെയ്തലവി എന്നാണ് വിലയിരുത്തല്‍. കസ്റ്റംസ് അറസ്റ്റ് ചെയ്ത മലപ്പുറം മഞ്ചേരിയിലെ മുഹമ്മദ് അന്‍വര്‍ ദുരൂഹതയുള്ള ഒരു വ്യക്തിത്വമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിലപിടിപ്പുള്ള കാറുകളുടെ കച്ചവടമാണ് ഇയാള്‍ നടത്തുന്നത്. അതും ഹവാല റാക്കറ്റുമായി ബന്ധപ്പെട്ട് നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കാറുകളുടെ കച്ചവടം. ഇത്തരം കാറുകള്‍ പരസ്പരം കൈമാറിയിരുന്ന ആളാണ് മുഹമ്മദ് അന്‍വര്‍. ഒപ്പം തന്നെ ജ്വല്ലറിക്കാരെയും മറ്റും റമീസുമായി നേരിട്ട് ബന്ധപ്പെടുത്തിയിരുന്ന ഒരാള്‍ കൂടിയാണ്. ഇദ്ദേഹം മഞ്ചേരിയിലെ പിവിആര്‍ വില്ലയിലാണ് താമസിക്കുന്നത്.
മലപ്പുറത്തെ ചില ചെറുകിട ജ്വല്ലറികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹം പല ആളുകള്‍ക്കും സ്വര്‍ണം എത്തിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കസ്റ്റംസ് പറഞ്ഞിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം മുമ്പ് 2013, 2014 ലൊക്കെ ഉണ്ടായിട്ടുള്ളതുപോലെ ഹവാല സ്വര്‍ണ്ണ റാക്കറ്റുകള്‍ നേരിട്ട് ഏതെങ്കിലും വലിയ ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണം വില്‍ക്കുന്ന പരിപാടി ഇപ്പോഴില്ല. ഇപ്പോള്‍ പല ഇടനിലക്കാര്‍ വഴി കൈമാറിക്കൈമാറിയാണ് വലിയ ജ്വല്ലറികള്‍ക്ക് സ്വര്‍ണം വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കസ്റ്റംസിന്റെ അന്വേഷണം വലിയ ജ്വല്ലറികളിലേക്ക് എത്തുന്നില്ല.
കൂടുതല്‍ പേരുടെ വിശദാംശങ്ങളിലേക്ക് കസ്റ്റംസ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് എരഞ്ഞിക്കലില്‍ നിന്ന് സിജു എന്ന ഒരാള്‍ ഇന്നലെ പിടിയിലായിരുന്നു. ഇയാളുടെത് ഏത് തരത്തിലുള്ള ബന്ധമാണെന്ന് അന്വേഷിക്കുന്നുണ്ട്. റമീസുമായി നേരിട്ട് ബന്ധമുള്ള ആളുകളെയാണ് കസ്റ്റം ഇതുവരെ പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കസ്റ്റംസിന്റെ സംഘം കോഴിക്കോട് മലപ്പുറം ജില്ലകളിലുണ്ട്. അതുകൊണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply