‘അമേരിക്ക രണ്ടാം സാംസ്ക്കാരിക വിപ്ലവത്തിലോ…?’: മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020-ലെ സമ്മേളനം ജൂലൈ 12-ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോണ്‍ഫറന്‍സ് കോളിലൂടെ നടത്തി. പങ്കെടുത്ത എല്ലാവര്‍ക്കും ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. ആദ്യമായി കഴിഞ്ഞ വര്‍ഷം (2019) ജൂലൈ 15-ന് അന്തരിച്ച ദേവരാജ് കാരാവള്ളില്‍ന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് മൗനപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് അമേരിക്കയുടെ സ്വയംഭരണ പ്രഖ്യാപനത്തിന്റെ ഓര്‍മ്മ ആചരിക്കുകയും ചെയ്തു.

ജോര്‍ജ് പുത്തന്‍കുരിശ് ജൂലൈ നാലിനോടനുബന്ധിച്ചു തയ്യാറാക്കിയ സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി എന്ന കവിതയും ജോണ്‍ കുന്തറ എഴുതിയ ‘അമേരിക്ക രണ്ടാം സാംസ്ക്കാരിക വിപ്ലവത്തിലോ…?’ എന്ന പ്രബന്ധവുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. എ.സി. ജോര്‍ജ് മോഡറേറ്ററായി മീറ്റിംഗ് നിയന്ത്രിച്ചു.

ഫ്രഞ്ച് വിപ്ലവത്തിനുശേഷം ഫ്രാന്‍സ് അമേരിക്കയ്ക്ക് സമ്മാനമായി നല്‍കിയ പ്രതിമയാണ് സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി. സ്വാതന്ത്ര്യത്തിന്റെ റോമന്‍ ദേവതയായ ലിബര്‍ട്ടൊയുടെ മാതൃകയിലാണ് ഈ പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1886 ഒക്ടോബര്‍ 28-ന് ന്യൂയോര്‍ക്കിലെ എലിസ് ഐലന്‍ഡില്‍ ഈ പ്രതിമ സ്ഥാപിച്ചു. ആ പ്രതിമയില്‍ കൊത്തിവച്ചിരിക്കുന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷയാണ് പുത്തന്‍കുരിശ് അവതരിപ്പിച്ചത്..

“തരിക നിന്‍ അഗതിയെ, തളര്‍ന്നുപോയ ജനതയെ
തരിക ഭീതിയാല്‍ ചുരുണ്ടുപോയ മര്‍ത്ത്യരെ
തിരസ്കൃത ലോകരാല്‍ നിറഞ്ഞടിഞ്ഞ തീരവും
ഇരിപ്പിടം ഇല്ലാത്തവര്‍ കൊടുങ്കാറ്റിനാലുലഞ്ഞവര്‍
പറഞ്ഞയ്ക്ക ഏവരേം സ്വച്ഛന്ദമായി ശ്വസിച്ചിടാന്‍
തിരിതെളിച്ച വിളക്കുമായി സുവര്‍ണ്ണദ്വാരെ നില്ക്കു ഞാന്‍”

തുടര്‍ന്ന് ജോണ്‍ കുന്തറയുടെ ‘അമേരിക്ക രണ്ടാം സാംസ്ക്കാരിക വിപ്ലവത്തിലോ…?’ എന്ന വിഷയത്തെ അധീകരിച്ചു തയ്യാറാക്കിയ പ്രബന്ധം അവതരിപ്പിച്ചു. അമേരിക്കയിലെ അടിമത്ത വ്യവസ്ഥിതി മുതല്‍ ഇന്നേവരെയുള്ള സാംസ്ക്കാരിക വിപ്ലവങ്ങള്‍ അദ്ദേഹം ചുരുക്കമായി വിവരിച്ചു. പ്രത്യേകിച്ച് 1955-ല്‍ മൊന്ഡ്‌ഗോമറി, അലബാമായയില്‍ റോസ പാര്‍ക്കെന്ന കറുത്ത വര്‍ഗ്ഗക്കാരിക്കുണ്ടായ അനുഭവം കുന്തറ എടുത്തുപറഞ്ഞു. അവര്‍ ഇരുന്ന ബസിലെ മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. റോസ പാര്‍ക്ക് അതു നിരസിച്ചു. തുടര്‍ന്നുണ്ടായ ദുരനുഭവങ്ങള്‍. അടുത്ത സമയത്തുണ്ടായ ജോര്‍ജ് പ്ലോയ്ഡ് സംഭവം. അങ്ങനെ ഓരോന്നും അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ ഭാഗമായി.

അതോടൊപ്പം ഈ രാജ്യത്ത് നമ്മള്‍ ഓരോരുത്തരും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ ഊന്നിപ്പറയുകയും ചെയ്തു. ഏബ്രഹാം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, ഒബാമ, ട്രംപ് എന്നിവരൊക്കെ ചര്‍ച്ചയ്ക്കു വിഷയീഭവിച്ചു.വിവേചനവും വര്‍ഗ്ഗീയതയുമൊക്കെ അവിടവിടെ ഉണ്ടെങ്കിലും ഇതുപോലെ സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യമുണ്ടോ എന്ന ചോദ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. അമേരിക്ക ജനാധിപത്യത്തിന്റെ ഒരു പരീക്ഷണശാലയാണെന്നും ഒരു കറുത്ത വര്‍ഗ്ഗക്കാരനെ വെളുത്ത വര്‍ഗ്ഗക്കാരുടെ പിന്തുണയോടെ പ്രസിഡന്റ്റായി തിരഞ്ഞെടുക്കപ്പെട്ട രാജ്യകൂടിയാണ് അമേരിക്കയെന്നും മീറ്റിംങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഈ മീറ്റിംഗിനുള്ള രണ്ടു വിഷയവും അമേരിക്കയുടെ സ്വയംഭരണ പ്രഖ്യാപന ദിനത്തോടനുബന്ധിച്ചുള്ളതായിരുന്നു. പൊതു ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജെയിംസ് ചിറത്തടത്തില്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതഞ്ജത പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950, ജി. പുത്തന്‍കുരിശ് 281 773 1217.

Print Friendly, PDF & Email

Related News

Leave a Comment