Flash News

ശിവശങ്കര്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ച മുഖ്യമന്ത്രിയ്ക്ക് സിപി‌എം സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം

July 17, 2020 , പ്രസീത

തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ താന്‍ ചതിക്കുഴിയില്‍ വീണുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞില്ല. പ്രതിപക്ഷവും പാര്‍ട്ടിയിലെ തന്നെ ചിലരും പലകുറി മുന്നറിയിപ്പ് നല്‍കിയെങ്കിലും അവയെല്ലാം അവഗണിച്ച് ശിവശങ്കര്‍ പറയുന്നതു മാത്രം വിശ്വസിച്ചാണ് എല്ലാ കാര്യങ്ങളും മുന്നോട്ടു നീക്കിക്കൊണ്ടിരുന്നത്. ശിവശങ്കർ പറയുന്നതെല്ലാം ശരിയായിരിക്കുമെന്ന് വിശ്വസിച്ച മുഖ്യമന്ത്രിക്ക് പക്ഷെ അടി തെറ്റിപ്പോയി.

നാളുകളേറെയായി ശിവശങ്കര്‍ മുഖ്യമന്ത്രിയെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ മുഖ്യമന്ത്രി മാത്രം അത് തിരിച്ചറിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ പിണറായി വിജയന് കേള്‍ക്കേണ്ടി വന്നത് രൂക്ഷ വിമര്‍ശനമാണ്. യോഗത്തില്‍ തനിക്കു പറ്റിയ അബദ്ധങ്ങള്‍ ഓരോന്നും അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്.

സ്വർണ്ണക്കടത്തു കേസിലെ പ്രതികള്‍, പ്രത്യേകിച്ച് സ്വപ്ന നായര്‍, സരിത്ത് നായര്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനുള്ള ബന്ധം വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ രൂക്ഷവിമർശനമാന് ഉണ്ടായത്. വിവാദം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് വരെ യോ​ഗം വിലയിരുത്തി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ​ജാഗ്രതക്കുറവുണ്ടായെന്നും ഉദ്യോ​ഗസ്ഥ ഭരണം നിയന്ത്രിക്കുന്നതിൽ അപാകത സംഭവിച്ചെന്നും വിമർശനം ഉണ്ടായി.

ശിവശങ്കർ ഓഫീസിൽ നടത്തിയ ഇടപെടലുകൾ നിരീക്ഷിക്കാനായില്ലെന്നും പ്രതിപക്ഷത്തിന് വിവാദം ഊതിപ്പെരിപ്പിക്കാൻ സാധിച്ചെന്നും യോ​ഗത്തിൽ വിലയിരുത്തപ്പെട്ടു. ശിവശങ്കറിന് അപ്പുറം കേസിൽ തന്റെ ഓഫീസിലെ മറ്റാർക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് വലിയ തിരിച്ചടിയുണ്ടാക്കി. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന വിവാദങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്‍ വിശദീകരിക്കുകയുണ്ടായി. ശിവശങ്കറിന് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയടെ ഓഫീസിനെതിരെ രൂക്ഷവിമർശനമുണ്ടായത്.

ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലോ നിരീക്ഷിക്കുന്നതിലോ വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. ശിവശങ്കര്‍ സ്വയം അധികാര കേന്ദ്രമായി മാറി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള മികച്ച പ്രതിച്ഛായക്കിടെയുണ്ടായ വിവാദം സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും യോഗം വിലയിരുത്തുകയായിരുന്നു. വിവാദങ്ങള്‍ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായി. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ശിവശങ്കറിനോട് കരുണ വേണ്ടെന്നാണ് സെക്രട്ടറിയേറ്റിൻറെ നിലപാട് ഉണ്ടായത്. അതേസമയം, പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top