Flash News

സൂഫിസം (ഭാഗം മൂന്ന്)

July 17, 2020 , ബിന്ദു ചാന്ദിനി

ഇസ്ലാമിന്റെ സ്രോതസ്സുകള്‍

മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ പ്രവാചകനായ മുഹമ്മദ് നബിക്ക് 610 നും 632 നുമിടയില്‍ ഉണ്ടായ വെളിപാടുകളുടെ ശേഖരമാണ്. ഈ വെളിപാടുകള്‍ ക്രോഡീകരിച്ചത് അദ്ദേഹത്തിന്‍റെ മരണശേഷം ഏകദേശം 650 ലാണ്. വിശുദ്ധ ഖുര്‍ആനില്‍ 114 അദ്ധ്യായങ്ങള്‍ (സുറത്ത്) ഉണ്ട്. ഇതില്‍ തൊണ്ണൂറ്റി മൂന്ന് അദ്ധ്യായങ്ങള്‍ മക്കയില്‍ വെച്ചും ഇരുപത്തൊന്ന് അദ്ധ്യായങ്ങള്‍ മദീനയില്‍ വച്ചുമാണ് വെളിവായത്. ഖുര്‍ആന്‍റെ ശൈലി ഗദ്യത്തിനും പദ്യത്തിനുമിടയിലുള്ള ഒന്നാണ്. പാടുകയും പറയുകയുമല്ലാതെ മധുരതരമായ രൂപത്തില്‍ ഓതുകയാണ് ചെയ്യുന്നത്. ഇസ്ലാമിക സാമ്രാജ്യം അറേബ്യയുടെ അതിരുകള്‍ വിട്ട് വികസിക്കുവാന്‍ തുടങ്ങിയതോടുകൂടി വിവിധ വിശ്വാസാചാരങ്ങള്‍ പിന്‍തുടരുകയും വിവിധ ഭാഷകള്‍ സംസാരിക്കുകയും ചെയ്തിരുന്ന ആളുകള്‍ക്കിടയില്‍ ഖുര്‍ആന്‍ പ്രചരിച്ചു.

മതപണ്ഡിതന്മാരുടെ വീക്ഷണത്തില്‍ ദൈവഹിതമറിയുന്നതിനും ലോക ജീവിതത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുമുള്ള ഏക മാര്‍ഗ്ഗം ഖുര്‍ആനില്‍ നിന്നുള്ള അറിവും (ഇല്‍മ്) പ്രവാചകന്‍റെ ജീവിത മാതൃകയും (sunna ) മാത്രമായിരുന്നു. മദ്ധ്യകാലത്തിലെ ഉലമകള്‍ (religious scholars) തഫ്സീറും (ഖുര്‍ആന്‍റെ വ്യാഖ്യാനങ്ങള്‍) മുഹമ്മദു നബിയുടെ ആധികാരികമായ ഹദീസുകളെയും (പ്രവാചകന്‍റെ പ്രവര്‍ത്തനങ്ങളുടെയും വചനങ്ങളുടെയും രേഖകള്‍) രേഖപ്പെടുത്തുതിനുമായി സ്വയം സമര്‍പ്പിച്ചു. ദ്യക്സാക്ഷി വിവരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സാമഗ്രികളെല്ലാം രചിക്കപ്പെട്ടിട്ടുള്ളത്. ദൃക്സാക്ഷികളുടെ ഓരോ കുറിപ്പും വിമര്‍ശനാത്മക രീതി ഉപയോഗിച്ച് പരിശോധിച്ച് അതിന്‍റെ ആധികാരികതയും ആഖ്യാതാവിന്‍റെ വിശ്വാസ്യതയും സ്ഥാപിച്ചതിനുശേഷമാണ് സ്വീകരിച്ചിരുന്നത്. മദ്ധ്യകാല മുസ്ലീം എഴുത്തുകാര്‍ വിവരം തെരഞ്ഞെടുക്കുന്നതിലും വിവരദാതാക്കളുടെ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കുന്നതിലും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു.

ഖുര്‍ആനിലെയും ഹദീസിലെയും എല്ലാ കാര്യങ്ങളും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാതിരുതിനാലും നഗരവല്‍ക്കരണത്തോടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമായി തീര്‍ന്നതിനാലും നിയമജ്ഞര്‍ ഇസ്ലാമിക നിയമനിര്‍മ്മാണത്തിന് യുക്തിചിന്ത (ഖിയാസ് ) യെയും ഉപയോഗപ്പെടുത്തി. സ്രോതസ്സുകളുടെ വ്യാഖ്യാനത്തിലും നിയമ ശാസ്ത്രത്തിന്‍റെ രീതിയിലും ഉള്ള വ്യത്യാസങ്ങള്‍ എട്ട് ഒന്‍പത് നൂറ്റാണ്ടുകളില്‍ നാല് വിധത്തിലുള്ള നിയമ വീക്ഷണ ശാഖകള്‍ക്ക് (Four schools of law )(mazhab) രൂപം നല്‍കി. ഇത് മാലിക്കി (Maliki), ഹനഫി (Hanafi ), ഷാഫി (Shafi ), ഹന്‍ബലി (Hanabali) എന്നിവയായിരുന്നു. ഓരോ ശാഖയുടെയും പേര് ഓരോ പ്രധാനപ്പെട്ട നിയമജ്ഞന്‍റെ പേരില്‍ നിന്നും വന്നതാണ്. അവസാനത്തെ ശാഖയായിരുന്നു ഏറ്റവും യാഥാസ്ഥിതികം.

അനുഷ്ഠാനങ്ങളിലൂടെ (ഇബാദത്ത് ) ദൈവവുമായും സാമൂഹിക കാര്യങ്ങളിലൂടെ (മു ആമലത്ത് ) മാനവരാശിയുമായുള്ള മുസ്സീംങ്ങളുടെ ബന്ധത്തെ നിയന്ത്രിക്കുന്നതിന് ചില പണ്ഡിതര്‍ ഒരു നിയമസംഹിത (ശരിയത്ത് – നേരായ മാര്‍ഗം) എഴുതിയുണ്ടാക്കി. സുന്നി സമൂഹത്തിലെ സാധ്യമായ എല്ലാ നിയമപ്രശ്നങ്ങള്‍ക്കും ശരിയത്ത് മത നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിന്‍റെ ശ്രദ്ധ കൂടുതല്‍ പതിഞ്ഞത് വ്യക്തിപദവി (Personal Status – വിവാഹം, വിവാഹമോചനം, പൈത്യക സ്വത്ത് തുടങ്ങിയവ) സംബന്ധിക്കുന്ന കാര്യങ്ങളിലായിരുന്നു. എന്നാല്‍, പരമ്പരാഗത നിയമങ്ങള്‍ അതിന്‍റെ കരുത്ത് നിലനിര്‍ത്തി. പെണ്‍കുട്ടികളുടെ പൈതൃക സ്വത്തിന്‍റെ അവകാശം പോലെയുള്ള വിഷയങ്ങളില്‍ പരമ്പരാഗത നിയമങ്ങള്‍ ഷരിയ നിയമങ്ങളെ മറികടന്നു. വാണിജ്യ പ്രശ്നങ്ങള്‍, ശിക്ഷാ വിധികള്‍, ദേശ സുരക്ഷ, ഭരണഘടനാപരമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് അതാത് രാഷ്ട്രത്തിന് നിയമങ്ങള്‍ പാലിക്കാനും ഷരിയ വ്യവസ്ഥ ചെയ്തു.

സൂഫിസത്തിന്‍റെ ഉത്ഭവം

സൂഫിസത്തിന്‍റെ ഉത്ഭവത്തെ കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്ന അഭിപ്രായമാണ് നിലനില്‍ക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് പള്ളിയില്‍ താമസിച്ചിരുന്ന സുഫക്കാരില്‍ നിന്നാണ് സൂഫികളുടെ ഉത്ഭവം എന്ന് കരുതുന്നവരുണ്ട്. അതല്ല മുഹമ്മദ് നബിക്ക് മുമ്പേ ഉള്ള പ്രവാചകന്മാരുടെ കാലത്തും സൂഫികള്‍ ഉണ്ടെന്നു മറ്റൊരു വിഭാഗം കരുതുന്നു. പ്രവാചകന് ശേഷം രണ്ടാം തലമുറയിലെ സുഹ്ഹാദ് എന്ന ജീവപരിത്യാഗികള്‍, ഉബ്ബാധ് എന്ന ധ്യാനത്തില്‍ മുഴുകിയവര്‍ എന്നിവരില്‍ നിന്നാണ് സൂഫികളുടെ തുടക്കം എന്നാണ് മറ്റൊരു വാദം. യമനിലെ ഉവൈസുല്‍ ഖര്‍നി, ഹസന്‍ ബസ്രി, നായിദ് അല്‍ മുസൈബ് എന്നിവര്‍ പ്രവാചക കാലത്തും ശേഷവും ഉള്ള സൂഫി യോഗികള്‍ ആയിരുന്നുവെന്ന് കരുതപ്പെടുന്നുമുണ്ട്.

ഉമവിയ്യ കാലഘട്ടത്തിലാണ് സൂഫിസം ശക്തി പ്രാപിച്ചു വന്ന്സ്ത്. ഉമവിയ്യ രാജാക്കന്മാരുടെയും അക്കാലത്തെ ജനങ്ങളുടെയും ആഢംബര പൂര്‍ണമായ മതബോധമില്ലാത്ത ജീവിതത്തോടുള്ള മടുപ്പ് അതിന്‍റെ വളര്‍ച്ചയെ സഹായിച്ചു. ഇസ്ലാമിന്‍റെ സുവര്‍ണ്ണ കാലമായ അബ്ബാസിദ് കാലഘട്ടം സൂഫിസത്തിന്‍റേയും സുവര്‍ണ്ണ കാലമായിരുന്നു. സൂഫിസത്തിന്‍റെ വ്യാപനം, ഇസ്ലാമിക വ്യാപനത്തിലും, സമഗ്രമായ ഇസ്ലാമിക സംസ്കാര സൃഷ്ടിയിലും നിര്‍ണ്ണായക പങ്കു വഹിച്ചു. രാജ്യങ്ങള്‍ക്കനുസരിച്ച് സൂഫി സിദ്ധാന്തങ്ങള്‍ക്കും മാറ്റം ഉണ്ടായിരുന്നു. വ്യത്യസ്ത പരിസ്ഥിതികളുടെ സ്വാധീനം സ്വാഭാവികമായും സൂഫിസത്തിന്‍റെ വളര്‍ച്ചയേയും സ്വാധീനിച്ചു. ഗ്രീക്ക്, പേര്‍ഷ്യന്‍, ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അറേബ്യ ഇറാക്ക്, ഇറാന്‍, ഈജിപ്ത്, സിറിയ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ സൂഫിസത്തിന് ശക്തമായ വേരോട്ടമുള്ള സ്ഥലങ്ങളായിരുന്നു. റാബിയ അല്‍ അദാവിയ, ബയാസിദ് ബസ്താമി, ശിഹാബുദ്ദീന്‍ സുഹ്റവര്‍ദി, ബഹാ ഉദ്ദീന്‍ നഖ് ശബന്ദി, അബു ഹമീദ് അല്‍ ഗസ്സാലി, ഖുതുബുദ്ദീന്‍ മസൂസി, മന്‍സൂര്‍ അല്‍ ഹല്ലാജ്, മുയിനുദ്ദീന്‍ ചിസ്തി, ജലാലുദ്ദീന്‍ റൂമി, ഉമര്‍ക്വയ്യാം തുടങ്ങിയവര്‍ പ്രസിദ്ധരായ സൂഫികളാണ്.

പതിനൊന്നാം നൂറ്റാണ്ടോടെ ഖുര്‍ആന്‍ പഠനങ്ങളെയും സൂഫി ആചാരങ്ങളെയും കുറിച്ചുള്ള ഒരു സാഹിത്യ ശേഖരത്തോടു കൂടിയ നന്നായി വികാസം പ്രാപിച്ച ഒരു പ്രസ്ഥാനമായി സൂഫിസം വളര്‍ന്നു വന്നു. ഈ സമയമാകുമ്പോഴേക്കും ‘സൂഫികള്‍’ പന്ത്രണ്ട് ‘ഓര്‍ഡറു’ (Orders) കളായി സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഈ ഓര്‍ഡറുകളെ ‘സില്‍സിലാസ്’ (silsilas) എന്നു വിളിക്കുന്നു. ചിഷ്തി, ഖാദിരി, ബെക്താഷി, കുബ്രാവിയ, മൗലവിയ്യ, മുരിസിയ, നവ് ശബന്ദി, നിമാത്തുല്ലാഹി, സെനുസി, ഷാഡിലി, സുഹ്റവര്‍ദി, ടിജാനിയ എന്നിവയാണ് പന്ത്രണ്ട് സില്‍സിലകള്‍.

മിക്ക സൂഫി പരമ്പരകളും അതിന്‍റെ സ്ഥാപകനില്‍ നിന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് ഖാദിരി വിഭാഗത്തിന് ഷെയ്ഖ് അബ്ദുള്‍ ഖാദിര്‍ ജീലാനിയുടെ പേരാണ് നല്‍കപ്പെട്ടത്. എന്നിരുന്നാലും ചിഷ്തി വിഭാഗം പോലുള്ള ചിലര്‍ക്ക് അവ ഉത്ഭവിച്ച സ്ഥലത്തിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മധ്യ അഫ്ഗാനിസ്ഥാനിലെ ചിഷ്തി പട്ടണം.

സൂഫി ആശയങ്ങളുടെ വിപ്ലാവത്മകമായ വ്യാഖ്യാനങ്ങളെ ആസ്പദമാക്കി ചില മിസ്റ്റിക്കുകള്‍ മറ്റു പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. പലരും ‘ഖാന്‍ക്വ’ (hospice ) യെ വെറുക്കുകയും ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊണ്ട് ഭിക്ഷാടകരുടെ രീതിയില്‍ നടക്കുകയും ചെയ്തു. അവര്‍ ആചാരങ്ങളെ അവഗണിക്കുകയും തീവ്ര സന്യാസത്തിന്‍റെ വഴി തെരഞ്ഞെടുക്കുകയും ചെയ്തു. അവര്‍ ‘ക്വാലന്‍ദാര്‍സ്’ (Qalandars ), ‘മദാരീസ്’ (Madaris), ‘മാലംഗ്സ്’ (Malangs), ‘ഹൈദാരീസ്’ (Haidaris) എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു.

അങ്ങനെ സൂഫി ഓര്‍ഡറുകള്‍ രണ്ടായി വിഭജിക്കപ്പെട്ടു. ‘ഖാന്‍ക്വ’ ഉപേക്ഷിച്ചവര്‍ ‘ബി ഷാരിയാ ‘ ( Be_Sharia) എന്നറിയപ്പെടുന്നു. ‘ഷരിയ’ നിയമങ്ങള്‍ അനുസരിക്കാത്തവരാണ് അവര്‍. ‘ഷരിയ’ അനുസരിക്കുന്ന സൂഫികളെ ‘ബാ‌‌ ഷാരിയാ’ (Ba_Sharia) എന്നും വിളിക്കപ്പെടുന്നു.

തുടരും…


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top