ഫെയ്സ്ബുക്ക് ലൈവിലൂടെ ചികിത്സാ സഹായാഭ്യര്‍ത്ഥന, ഹവാല റാക്കറ്റിന്റെ തന്ത്രമാണെന്ന് പോലീസ്

ഫെയ്സ്ബുക്ക് ലൈവിലൂടെയും മറ്റു സമൂഹ മാധ്യമങ്ങള്‍ വഴിയും ചികിത്സയ്ക്കായി സഹായാഭ്യര്‍ത്ഥന നടത്തി ബാങ്കുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടുന്ന രീതി വ്യാപകമായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണം ഞെട്ടിപ്പിക്കുന്നത്. ചാരിറ്റിയുടെ മറവില്‍ ചിലര്‍ നടത്തുന്ന തട്ടിപ്പാണിതെന്ന് പോലീസ് പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തകരെന്ന് നടിച്ച് രോഗാവസ്ഥയിലായവര്‍ക്ക് സഹായം നല്‍കാനാണെന്ന വ്യാജേന അഭ്യര്‍ത്ഥന നടത്തുന്ന ഇക്കൂട്ടര്‍ക്ക് ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കണ്ണൂർ സ്വദേശിനിയായ വർഷ എന്ന യുവതി അമ്മയുടെ കരൾ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തിയതിനെത്തുടർന്ന് അക്കൗണ്ടിലേക്ക് ആവശ്യത്തിലധികം തുക നിക്ഷേപിക്കപെട്ട സംഭവമാണ് ചാരിറ്റി പ്രവര്‍ത്തകരുടെ ഉള്ളറകളും, കള്ളക്കളികളും തേടിയിറങ്ങാൻ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇക്കൂട്ടര്‍ക്ക് ഹവാല, കുഴൽപ്പണ ബന്ധമുള്ളതായി സംശയിക്കുന്ന വിവരം പോലീസ് രഹസ്യ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം ഗൗരവമായി എടുക്കുന്ന സാഹചര്യത്തിലാണ് കണ്ണൂർ സ്വദേശിനിയായ യുവതിയുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായിരിക്കുന്നത്.

വര്‍ഷ എന്ന ഈ യുവതി ഫെയ്സ്ബുക്ക് ലൈവിലൂടെ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയ സംഭവത്തിൽ നിയമവിരുദ്ധ പണം ഇടപാടു സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. മന്ത്രി ശൈലജ ടീച്ചറുടെ പ്രത്യേക നിർദ്ദേശമനുസരിച്ചാണ് ഡിസിപി ജി പൂങ്കുഴലി, ഐപിഎസ് ചാരിറ്റി രംഗത്തെ കുഴൽപ്പണ ഹവാല മാഫിയകളെപ്പറ്റിയുള്ള അന്വേഷണത്തിന് വർഷയുടെ വിഷയത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.

കണ്ണൂർ സ്വദേശിനിയായ വർഷ അമ്മയുടെ കരൾ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തുന്നതിനു സാജൻ കേച്ചേരി എന്നയാൾ ആണ് സഹായ ഹസ്തവുമായി എത്തുന്നത്. സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തുകയായിരുന്നു. സംഭവത്തിനു പിന്നിൽ നിയമവിരുദ്ധ പണം ഇടപാടു സംഘങ്ങൾ ഉണ്ടെന്നാണ് പോലീസ് ബലമായി സംശയിക്കുന്നത്. ഒരു ചാരിറ്റി സ്ഥാപനം 60 ലക്ഷവും മറ്റു ചിലർ അഞ്ചു ലക്ഷം വീതവും ഡെപ്പോസിറ്റ് ചെയ്യുകയായിരുന്നു. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയിൽ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ സുരക്ഷിത മാർഗം എന്ന നിലയിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതായിട്ടാണ് പോലീസിന്റെ സംശയം. ഇത്തരം ഇടപാടുകളിൽ ഹവാല ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കും.

ഫെയ്സ്ബുക്ക് ലൈവിലൂടെ വര്‍ഷയ്ക്ക് സഹായാഭ്യര്‍ത്ഥന നടത്താന്‍ സഹായിച്ച സാജൻ കേച്ചേരി പണം തനിക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹവും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങൾ നടത്തുന്നതിന്റെയും വിവരങ്ങൾ പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ എറണാകുളം ചേരാനല്ലൂർ സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

വര്‍ഷയുടെ അമ്മയ്ക്ക് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്കും മറ്റു ചിലവുകള്‍ക്കുമായി 30 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യർഥന നടത്തിയിരുന്നത്. യുവതിയുടെ കരള്‍ തന്നെയാണ് അമ്മയ്ക്ക് നല്‍കുന്നതെന്നും പറഞ്ഞിരുന്നു. ആദ്യ ദിവസം തന്നെ 65 ലക്ഷം രൂപയിലേറെ അക്കൗണ്ടിൽ എത്തി. തുടർന്ന് ആരും ഇനി പണം അയക്കേണ്ടെന്ന് യുവതി തന്നെ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നെങ്കിലും, തൊട്ടടുത്ത ദിവസം കൂടുതൽ തുക അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. പെൺകുട്ടിയുടെ അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചു.

സമാന രീതിയില്‍ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നിരവധി പരാതികളാണ് ഉണ്ടായത്. ഒട്ടു മിക്കതും ചില ചാരിറ്റി പ്രവര്‍ത്തകര്‍ വീടുകളിലെത്തി ഒതുക്കി തീർക്കുകയായിരുന്നു പതിവ്. മറ്റുള്ളവരുടെ ദൈന്യമായ അവസ്ഥയാണ് ചാരിറ്റിയുടെ പേരിൽ ഇക്കൂട്ടർ ദുരുപയോഗം ചെയ്യുന്നത്. രോഗിക്കുവേണ്ടി സഹായം അഭ്യർത്ഥിക്കും മുൻപ്, രോഗികളുടെ ബന്ധുക്കളുമായി എഗ്രിമെന്റും കരാറും ഒക്കെ ഉണ്ടാക്കും. ഇതിനു ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടും വരെ തയാറാക്കി വാങ്ങും. എല്ലാം ആശുപത്രി ആവശ്യം കഴിഞ്ഞുള്ള തുകയെ ചൊല്ലി ആയിരിക്കും. ആ തുകയിലാണ് നന്മയുടെ പ്രതീകങ്ങളായെത്തുന്ന കപട ജീവകാരുണ്യ പ്രവര്‍ത്തകരുടെ കണ്ണ്.

അക്കൗണ്ട് ഉടമകൾ ആശുപത്രി തിരക്കുകളിൽ ആകുന്ന സമയം നോക്കി ചികിത്സയ്ക്കാവശ്യമുള്ള പണം നൽകി, ബാക്കിയുള്ളവ ഇവർ സ്വന്തം അക്കൗണ്ടിലാക്കുകയാണ് പതിവ്. ഇതേച്ചൊല്ലി രണ്ടുമാസം മുൻപ് പരാതികൾ ഉയർന്നപ്പോൾ, രോഗികൾക്ക് അധികമായി വരുന്ന തുക വാങ്ങി ഞങ്ങൾ മറ്റു രോഗികൾക്ക് നൽകാറാണ് പതിവെന്ന ന്യായം ആണ് ചിലര്‍ നിരത്തിയത്. സാധാരണക്കാരായ ചിലർ ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ള തുക എതിർപ്പ് കൂടാതെ തന്നെ തട്ടിപ്പു സംഘങ്ങൾക്കു അറിഞ്ഞുകൊണ്ട് കൈമാറുന്നു. വർഷയുടെ കാര്യത്തിൽ അതിനു കഴിയാതെ വന്നതാണ് തർക്കങ്ങളിലേക്കും ഭീഷണികളിലേക്കും കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ചത്.

അക്കൗണ്ടിൽ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവർ അവകാശപ്പെടുമെങ്കിലും ഇത്രയധികം തുക ഇവർ എവിടെ ഏതു രോഗികൾക്ക് നൽകുന്നു എന്നതിന് കണക്കും കാര്യങ്ങളും, വ്യക്തതയും ഒന്നും ഇല്ല. സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി തട്ടിപ്പ് നടക്കുന്നതായി നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടാകാഞ്ഞതാണ് കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചത്.

ഇത്തരത്തിൽ കോടികളാണ് കേരളത്തിലെ ചില ജീവകാരുണ്യ പ്രവര്‍ത്തകരുടെ കീശകളിലെത്തിയത്. രോഗികളുടെ ചികിത്സക്കായി ലൈവിൽ അഭ്യർത്ഥന നടത്തിയാണ് പണം വരുത്തുന്നത്. രോഗികളുടെ ബന്ധുക്കളുമായി കരാർ അടിസ്ഥാനത്തിൽ നടത്തുന്ന ഈ ബിസിനസ്സിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് ബിസിനസ് ആണ് മുഖ്യമായും നടക്കുന്നത്. പത്ത് ലക്ഷം ആവശ്യമുള്ളവർക്ക് അമ്പതു ലക്ഷം വരുത്തി നാല്പതു ലക്ഷം കൈക്കലാക്കും. അഞ്ചു ലക്ഷം വേണ്ടവർക്ക് 30 ലക്ഷം വരെ വരുത്തി 25 ലക്ഷം തട്ടിയെടുക്കും.

കപടത നിറഞ്ഞ ഇക്കൂട്ടർ ചെയ്യുന്ന ഇത്തരം ക്രൂരമായ നടപടികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആത്മാർത്ഥതയോടെ ഈരംഗത്ത് ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്നവരുടെ നന്മയുള്ള പ്രവർത്തികളെക്കൂടിയാണ്. ജീവകാരുണ്യ രംഗത്ത് സഹായം ചെയ്യാൻ ആഗ്രഹിക്കുന്ന സുമനസുകൾക്കു ഏതാണ് ശരി ഏതാണ് തെറ്റെന്നു തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഇന്നുള്ളത്.

Print Friendly, PDF & Email

Leave a Comment