യു എ ഇ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്താന്‍ സംഘം വിവിധ പരീക്ഷണങ്ങള്‍ നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തു വന്നു. പരീക്ഷണമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ ഉപയോഗിച്ചത് ഈന്തപ്പഴവും മിഠായിയും എമര്‍ജന്‍സി ലൈറ്റുമാണെന്ന് കസ്റ്റംസിനോട് പിടിയിലാവര്‍ പറഞ്ഞു. പരീക്ഷണം വിജയിച്ചതോടെ കുറഞ്ഞ അളവുകളില്‍ സ്വര്‍ണ്ണം കടത്താന്‍ തുടങ്ങി. പിന്നീടത് 200 കിലോ വരെയായി എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ കസ്റ്റംസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യത്തെ പദ്ധതി വിജയിച്ചതോടെ സംഘത്തിന് കൂടുതല്‍ ആത്മവിശ്വാസം കൈവരികയും തുടര്‍ന്ന് സ്വര്‍ണ്ണത്തിന്റെ അളവ് കൂട്ടാനും തുടങ്ങി. അങ്ങനെയാണ് പല തവണകളിലായി ഏകദേശം 200 കിലോയോളം സ്വര്‍ണ്ണം കടത്താന്‍ സംഘത്തിന് കഴിഞ്ഞത്. ഇവര്‍ കടത്തിയ സ്വര്‍ണ്ണം ആരുടെയൊക്കെ കൈകളില്‍ എത്തിച്ചേര്‍ന്നു എന്നാണ് ഇനി അറിയേണ്ടത്. നിലവില്‍ നിരവധി സ്വര്‍ണ്ണ വ്യാപാരികള്‍ കസ്റ്റംസിന്റെ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു.
2014 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 3.5 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കൂട്ടുപ്രതികളാണ് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള കെ.ടി. റമീസും സന്ദീപ് നായരും. നയതന്ത്ര ചാനല്‍ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്. 2019 മേയിലാണ് ഇതിനുള്ള ആസൂത്രണം തുടങ്ങിയത്. സന്ദീപും സരിത്തും നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നവരാണ്. സരിത് വഴിയാണു സ്വപ്ന സുരെഷിനെ റമീസ് പരിചയപ്പെടുന്നത്. സ്വപ്നയുടെ കോണ്‍സുലേറ്റ് ബന്ധങ്ങള്‍ സംഘം ദുരുപയോഗിക്കുകയായിരുന്നു. റമീസ് വഴി ജലാല്‍ മുഹമ്മിലേക്കും ജലാല്‍ വഴി ദുബായിലുള്ള ഫൈസല്‍ ഫരീദിലേക്കും കള്ളക്കടത്തിനാനുള്ള ബന്ധങ്ങൾ നീണ്ടു. തിരുവനന്തപുരത്തെ ഫ്ളാറ്റുകളിലും ഹോട്ടല്‍ മുറികളിലുമിരുന്നായിരുന്നു കടത്തിനായുള്ള കരുക്കൾ വിഭാവനം ചെയ്തത്.
ദുബായില്‍ നിന്ന് നയതന്ത്ര പാഴ്സല്‍ വഴി ആദ്യം പരീക്ഷണാർത്ഥം മിഠായിയും ഈന്തപ്പഴവുമാണ് അയച്ചതെങ്കില്‍ പിന്നീട് സ്വര്‍ണ്ണത്തിലേക്ക് വഴിമാറിയത് കൂടുതല്‍ പണമുണ്ടാക്കാനായിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ 3.5 കിലോഗ്രാം സ്വര്‍ണമാണ് കടത്തിയത്. പിന്നീട് 5 കിലോ, 7 കിലോ വീതം രണ്ട് തവണ. രണ്ടു തവണകളായി മുഹമ്മദ് ഷാഫിക്ക് 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിൽ പറയുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണം അയച്ച 30 കിലോ പാഴ്സലാണു കസ്റ്റംസിന്റെ പിടിയിലാവുന്നത്. ഇതടക്കം ലോക്ഡൗണ്‍ കാലത്തയച്ച അവസാനത്തെ 3 പാഴ്സലുകളിലായി 70 കിലോ സ്വർണ്ണമാണ് കേരത്തിലേക്ക് കടത്തിയത്. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വര്‍ണ്ണമാണ് കടത്തിയതെന്നാണ് മൊഴിയെങ്കിലും, ഇത് കസ്റ്റംസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.