തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പുരോഹിതര്‍ ഉള്‍പ്പടെ 150 ലധികം ജീവനക്കാര്‍ക്ക് കോവിഡ്-19

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പുരോഹിതര്‍ ഉള്‍പ്പെടെ 150 ജീവനക്കാര്‍ക്ക് കോവിഡ്-19 ബാധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, ഭക്തര്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കുന്നത് തുടരാമെന്ന് ക്ഷേത്ര ബോര്‍ഡ് അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ക്ഷേത്രം അടയ്ക്കാന്‍ പദ്ധതിയില്ലെന്നും, ഭക്തര്‍ക്ക് സന്ദര്‍ശനം തുടരാമെന്നും ക്ഷേത്ര ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

ക്ഷേത്രത്തിലേക്കുള്ള പൊതു സന്ദര്‍ശനം തടയാന്‍ പദ്ധതിയില്ല. തീര്‍ഥാടകര്‍ക്ക് കൊറോണ ബാധിച്ചതായി തെളിവുകളില്ലെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് പ്രസിഡന്‍റ് വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. 14 ക്ഷേത്ര പുരോഹിതന്മാരടക്കം 140 ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്ന് ക്ഷേത്ര ഭാരവാഹികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ ബാധിച്ച 70 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചുവെന്ന് പ്രസിഡന്റ് വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിഭാഗവും ക്ഷേത്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ് പോലീസുകാരാണ്. അവരില്‍ ഒരാള്‍ക്ക് മാത്രമാണ് കൊറോണയുടെ കടുത്ത ലക്ഷണങ്ങള്‍ കണ്ടത്.

തിരുമല ക്ഷേത്രം അടച്ചിടാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. മുതിര്‍ന്ന പുരോഹിതരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി അവര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെഡ്ഡി പറഞ്ഞു.

കൊറോണ ബാധിച്ച പുരോഹിതന്മാരെയും സ്റ്റാഫിനെയും കുറിച്ച് ക്ഷേത്രത്തിലെ ഓണററി ചീഫ് പുരോഹിതനായ രമണ ദീക്ഷിതുലു ട്വീറ്റ് ചെയ്തു, ‘ക്ഷേത്രത്തിലെ കൊറോണ ബാധിച്ച 50 പുരോഹിതന്മാരില്‍ 15 പേരെ ക്വാറന്റൈനിലാക്കി. 25 ജീവനക്കാരുടെ സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ടിന് ഇപ്പോഴും കാത്തിരിക്കുന്നു. ടിടിഡി എക്സിക്യൂട്ടീവ് ഓഫീസറും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസറും ഭക്തരുടെ ദര്‍ശനത്തെ തടയാന്‍ വിസമ്മതിച്ചു.’

തെലുങ്കുദേശം പാര്‍ട്ടിയുടെയും ചന്ദ്രബാബു നായിഡുവിന്‍റെയും ബ്രാഹ്മണ വിരുദ്ധ, പുരോഹിത വിരുദ്ധ പാരമ്പര്യ നയങ്ങള്‍ പിന്തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് തുടരുകയാണെങ്കില്‍ ദുരന്തങ്ങള്‍ വന്നു ഭവിക്കും.

ക്ഷേത്രത്തിലെ ഓണററി ചീഫ് പുരോഹിതന്‍ തന്‍റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനു പകരം ടിടിഡി ബോര്‍ഡിന് നല്‍കണമായിരുന്നു എന്ന് റെഡ്ഡി പറഞ്ഞു.

2018 ല്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞതിന് ശേഷം രമണ ദീക്ഷിതുലുവിനെ ക്ഷേത്രത്തിലെ പ്രധാന പുരോഹിത സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ടിടിഡി സാമ്പത്തിക കുഴപ്പത്തിലാണെന്ന് അന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 2019 മെയ് മാസത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ക്ഷേത്രത്തിന്‍റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കാന്‍ റെഡ്ഡിയെ ഓണററി ചീഫ് പുരോഹിതനായി നിയമിച്ചു.

ലോക്ക്ഡൗണില്‍ 400 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ലോകത്തെ ഏറ്റവും സമ്പമായ ക്ഷേത്ര ട്രസ്റ്റുകളിലൊന്നായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതില്‍ ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതു പ്രകാരം ജൂണ്‍ 11 മുതല്‍ ക്ഷേത്രം വീണ്ടും തുറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News