Flash News

വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് പറന്നു

July 19, 2020 , സലിം കോട്ടയില്‍

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയില്‍ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ആദ്യ സൗജന്യ ചാര്‍ട്ടര്‍ വിമാനം ശനിയാഴ്ച കോഴിക്കോട്ടേക്ക് പറന്നു. ഉച്ചക്ക് 1:30 ന് കുവൈറ്റ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 5 ല്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. നാല് കൈക്കുഞ്ഞുകള്‍ ഉള്‍പ്പെടെ 164 യാത്രയക്കാരാണ് വിമാനത്തിലുള്ളത്. പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍‌വെയ്സുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് ഇത്രയും പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയത്.

യാത്രക്കാര്‍ക്കുള്ള പി.പി.ഇ കിറ്റുകളും ലഘു ഭക്ഷണവും എയര്‍പോര്‍ട്ടില്‍ വച്ച് ടീം വെല്‍ഫെയര്‍ വോളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. എല്ലാ യാത്രക്കാര്‍ക്കും പോക്കറ്റ് മണിയായി 2500 രൂപ മൂല്യമുള്ള 10 ദീനാര്‍ വീതം നല്‍കിയത് പ്രതിസന്ധി കാലത്ത് ഒന്നുമില്ലാതെ മടങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമായി.

ലഭിച്ച അപേക്ഷകളില്‍ നിന്നും രോഗികള്‍, പ്രായാധിക്യമുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയാറാക്കിരുന്നത് . ജനകീയ പങ്കാളിത്തത്തോടെയുള്ള ചാര്‍ട്ടര്‍ വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. നിരവധി പ്രവാസി സംഘടനകളും കൂട്ടായ്മകളും വ്യക്തികളും പിന്തുണയുമായി രംഗത്ത് വന്നു.

ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ചരിത്ര ദൗത്യം നിര്‍വഹിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്‍റ് റസീന മുഹിയുദ്ദീന്‍ പറഞ്ഞു. പദ്ധതിയുമായി സഹകരിച്ച സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കും അവര്‍ പ്രത്യേകം നന്ദി പറഞ്ഞു.

അന്‍വര്‍ സയിദ് പദ്ധതിക്ക് നേതൃത്വം നല്‍കി. അന്‍വര്‍ ഷാജി, ഖലീലുറഹ്മാന്‍, ലായിക്, വിനോദ് പെരേര, അനിയന്‍ കുഞ്ഞ്, അശ്ക്കര്‍ മാളിയേക്കല്‍, സി.കെ. നജീബ്, ഷൗക്കത്ത് വളാഞ്ചേരി, വിഷ്ണു നടേശ്, ഷഫീര്‍, റഫീഖ് ബാബു എന്നിവര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top