Flash News

കൂദാശകളും പൗരോഹിത്യവും

July 20, 2020 , ചാക്കോ കളരിക്കല്‍

(കെസിആര്‍‌എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിയൊന്‍പതാമത്‌ ടെലികോണ്‍ഫറന്‍സില്‍ ശ്രീ മാത്യു ഫിലിപ്പ് വിഷയം അവതരിപ്പിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിലെ പ്രധാനപ്പെട്ട ആശയങ്ങള്‍).

ബഹു. ആബേലച്ചന്‍ എഴുതി ഡോ. യേശുദാസ് പാടിയ ‘ഈശ്വരനെ തേടി ഞാന്‍ നടന്നു….’ എന്ന മനോഹരമായ ഗാനാലാപം കേള്‍പ്പിച്ചുകൊണ്ടാണ് മാത്യു ഫിലിപ്പ് വിഷയാവതരണം ആരംഭിച്ചത്.

നസ്രത്തിലെ യേശു ഈ ലോകത്ത് ജീവിച്ചിരുന്നപ്പോള്‍ ഒരു സഭയും സ്ഥാപിച്ചിട്ടില്ല. യേശു ഒരു യഹൂദ മത നേതാവും പ്രസംഗകനും ആയിരുന്നു. യേശു നിത്യരക്ഷയയെപ്പറ്റിയല്ല പ്രസംഗിതത്, മറിച്ച്, സ്നേഹവും സമാധാനവും നീതിയുമുള്ള ദൈവരാജ്യത്തെപ്പറ്റിയാണ്. യേശു പഠിപ്പിച്ച പാഠങ്ങളെ സ്വീകരിക്കുകയും അപ്രകാരം ജീവിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായിരുന്നു ആദിമസഭ. ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണആത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കുകയും തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കുകയും (മത്താ. 22: 36-39) ചെയ്യുന്ന സമൂഹകൂട്ടായ്മ. സാധാരണ മനുഷ്യരില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്നത് പരസ്പരസ്നേഹമാണെന്നും സ്നേഹമാണീശ്വരന്റെ രൂപമെന്നും യേശു വ്യക്തമാക്കിയിരുന്നു. അത് മറ്റ് മനുഷ്യരിലേക്ക് എത്തിക്കാന്‍ തന്റെ ശിഷ്യരെ യേശു ചുമതലപ്പെടുത്തുകയും ചെയ്തു. ശിഷ്യര്‍ ആ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കി.

യഹൂദമതത്തില്‍ മനുഷ്യാവതാരമെടുത്ത യേശുവിന് ആ മതത്തിലെ ദൈവഹിതമല്ലാത്ത പഠനങ്ങളും അത് പഠിപ്പിച്ചിരുന്ന പുരോഹിതരും ഫരിസേയരും നിയമജ്ഞരും ബുദ്ധിമുട്ടുണ്ടാക്കി. മത്തായിയുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായത്തില്‍ യേശു കപടനാട്യക്കാരായ ഫരിസേയരെയും നിയമജ്ഞരെയും യാതൊരു ദാക്ഷണ്യവുമില്ലാതെ ശകാരിക്കുന്നുണ്ട് (മത്താ. 23: 1-28). അവര്‍ അന്ധരായ വഴികാട്ടികളാണെന്നും പുറമെ നീതിമാന്മാരായി കാണപ്പെടുന്നെങ്കിലും വെള്ള പൂശിയ കുഴിമാടങ്ങള്‍ ആണെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ യേശു തറപ്പിച്ചുപറയുന്നു. ‘സര്‍പ്പങ്ങള്‍’, ‘അണലിസന്തതികള്‍’ എന്നെല്ലാമാണ് യേശു അവരെ പരസ്യമായി വിളിച്ച്‌ അധിക്ഷേപിച്ചത്.

യേശുവിന്റെ കാലശേഷം സഭയെ സ്ഥാപനവല്‍ക്കരിച്ചു. വിശ്വാസികളെ അടിമകളും ആശ്രിതരുമാക്കാന്‍ വേണ്ടി കൂദാശകള്‍ കണ്ടുപിടിക്കുകയും അത് പാരികര്‍മം ചെയ്യാന്‍ പൗരോഹിതരെ നിയോഗിക്കുകയും ചെയ്തു. കൂടാതെ, പുരോഹിത വര്‍ഗം ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണെന്നുള്ള തെറ്റായ പഠിപ്പിക്കലിലൂടെ ദൈവമക്കളുടെ സ്വാതന്ത്യത്തില്‍ അവര്‍ കടന്നുകയറി. അവര്‍ സഭയുടെ ആത്മീയവും ഭൗതീകവുമായ നടത്തിപ്പ് ഏറ്റെടുത്തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുമായി പൗരോഹിത്യം ഒത്തുചേര്‍ന്ന് രണ്ടുകൂട്ടര്‍ക്കും അധികാരം കൈയ്യാളാന്‍ വേണ്ടി പള്ളികളും കൂദാശകളും എല്ലാമാക്കി ഇന്നത്തെ രീതിയിലുള്ള സ്ഥാപനവല്‍കരിച്ച അധികാരശ്രീണീസഭയെ സൃഷ്ടിച്ചെടുത്തു.

ഇനി ക്രിസ്തുവിനു ശേഷമുള്ള ക്രിസ്തീയ സംരക്ഷണ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം. പത്രോസിന്റെ ഒന്നാം ലേഖനം രണ്ടാമധ്യായത്തില്‍ ഇങ്ങനെ വായിക്കുന്നു: “നിങ്ങളോ, ഇരുട്ടില്‍ നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ അത്ഭുത പ്രവര്‍ത്തികള്‍ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട വര്‍ഗവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാകുന്നു (1 പത്രോ. 2: 9). പത്രോശ്ലീഹാ ഉപദേശിക്കുന്നു: “ഒരു കൂട്ടുമൂപ്പനും എന്ന നിലയില്‍ നിങ്ങളുടെ ഇടയിലെ മൂപ്പന്മാരെ ഞാന്‍ ഉപദേശിക്കുന്നു; നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ദൈവത്തിന്റെ ആട്ടിന്‍പറ്റത്തെ മേയിക്കുക. നിര്‍ബന്ധം കൊണ്ടല്ല, നന്മനസ്സോടെ, നിന്ദ്യമായ ലാഭേച്ഛയോടെയല്ല, താത്പര്യത്തോടെ അതു ചെയ്യുക. അതു നിങ്ങളെ ഭരമേല്പിച്ചിരിക്കുന്നവരുടെ മേല്‍ അധികാര ഗര്‍വോടെയല്ല, അജഗണത്തിനു മാതൃകയാകത്തക്കവണ്ണം ആയിരിക്കണം. അങ്ങനെ ചെയ്‌താല്‍ മുഖ്യ ഇടയന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ക്കു മഹത്വത്തിന്റെ മങ്ങാത്ത കിരീടം ലഭിക്കും (1 പത്രോ. 5: 2-4).

ഇന്ന് സഭ ആചരിക്കുന്ന ഏഴ് കൂദാശകളും (മാമ്മോദീസ, സ്ഥൈര്യലേപനം, കുര്‍ബാന, കുമ്പസാരം, രോഗീലേപനം, പട്ടം, വിവാഹം) പരികര്‍മം ചെയ്യാന്‍ രാജകീയ പുരോഹിതഗണമായ വിശ്വാസികള്‍ക്ക് സാധിക്കണം. കൂദാശാര്‍പ്പണത്തിനുള്ള വിശ്വാസികളുടെ അവകാശത്തെ പുരോഹിതര്‍ തട്ടിയെടുത്തു. ക്രിസ്തീയ മതത്തെയും വിശ്വാസത്തെയും ചുറ്റിപ്പറ്റിയുള്ള ആചാരങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും ഒരു വിശ്വാസിയുടെ ജീവിതത്തിലെ അഭിവാജ്യ ഘടകമാണെന്ന് സ്വാര്‍ത്ഥതാല്പര്യക്കാരായ പുരോഹിതര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. കൂദാശകള്‍ പള്ളിയില്‍ വെച്ച് പുരോഹിത സാന്നിധ്യത്തില്‍ ചെയ്യണമെന്ന് ദൈവം ആവശ്യപ്പെട്ടിട്ടില്ല. മേല്പറഞ്ഞ കൂദാശകളെല്ലാം രാജകീയ പുരോഹിതഗണമായ അല്‍മായര്‍ക്ക് ചെയ്യാന്‍ അവകാശവും അധികാരവും കടമയുമുണ്ട്. അതു മനസ്സിലാക്കാനായുള്ള ഒരവസരം ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. കോവിഡ്-19 എന്ന മഹാമാരി യാതൊരു വിവേചനവും കൂടാതെ മനുഷ്യകുലത്തെ മൊത്തം കയറിപ്പിടിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ പള്ളികള്‍ക്കും കൂദാശകള്‍ക്കും യാതൊരു പ്രസക്തിയുമില്ലെന്നായി. എങ്കിലും സ്വന്തം കീശ വീർപ്പിക്കാന്‍ വേണ്ടി, വിശ്വാസികളുടെ ജീവനെപ്പോലും അവഗണിച്ച്, പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് സഭാധികാരികള്‍ നിർബന്ധം പിടിക്കുന്നു. മെഡിക്കല്‍ ഡാറ്റയെപ്പോലും അവഗണിച്ച് നിരുത്തരവാദിത്വപരമായ അത്തരം നീക്കങ്ങളെ അപലപിച്ചേ തീരൂ. വിശ്വാസികളുടെ ജീവന്‍ നഷ്ടപ്പെട്ടാലും കൂദാശകള്‍ പള്ളികളില്‍ത്തന്നെ നടത്തണമെന്ന പിടിവാശി സാമ്പത്തീകത്തില്‍ നോട്ടമിടുന്നതുകൊണ്ടാണെന്ന് വ്യക്തമാണ്.

പ്രാര്‍ത്ഥന ആവശ്യമെന്ന് തോന്നുന്നവര്‍ക്ക് എങ്ങനെ പ്രാര്‍ത്ഥിക്കാമെന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. “നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍ കയറി നിന്റെ വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യമായി കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും” (മത്താ. 6: 6). ദേവാലയങ്ങളില്‍ മാത്രം പാരികര്‍മം ചെയ്യണം എന്ന് ശഠിച്ചിരുന്ന കൂദാശകള്‍ ഇന്നെവിടെപ്പോയി? മരിച്ചടക്കിന് ആറടി കുഴിയെടുത്തിരുന്നിടത്ത് ഇപ്പോള്‍ പത്തടി ആഴത്തില്‍ കുഴിച്ച് ശവം അടക്കം ചെയ്യുന്നു. ശവമടക്കാന്‍ വൈദികരെപ്പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍.

കൂദാശകളൊന്നും ദൈവസ്ഥാപിതമല്ല. പുരോഹിതാധിപത്യം ഉറപ്പിച്ചെടുക്കാന്‍ പുരോഹിതര്‍ തന്നെ കണ്ടുപിടിച്ച അടവാണ് ഏഴ് കൂദാശകള്‍. അത് പുരോഹിത വര്‍ഗത്തിന്റെ സഭാഭരണക്രമത്തിനുവേണ്ടിയുള്ള കണ്ടുപിടുത്തം മാത്രമാണ്. വിശുദ്ധ ബലിയുടെയും മറ്റു കൂദാശകളുടെയും അടിത്തറയിലാണ് സഭയുടെ ആരാധന ജീവിതം കെട്ടിപ്പടുത്തിട്ടുള്ളത്. പുരോഹിതന്‍ തന്നെ കൂദാശ പാരികര്‍മം ചെയ്യണമെന്ന് ഒരു വിശ്വാസിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ അത് നടത്തി അതിനുള്ള വേതനം അപ്പോള്‍ത്തന്നെ കൊടുക്കുക. ഒരു കമ്മ്യൂണിറ്റിക്ക് പുരോഹിതസേവനം വേണമെന്നുണ്ടെങ്കില്‍ അവര്‍ ആ പുരോഹിതനെ തെരഞ്ഞെടുക്കട്ടെ. അയാളുടെ പ്രവര്‍ത്തിക്ക് അവര്‍ വേതനം നല്‍കട്ടെ. പുരോഹിതര്‍ക്ക് ആത്മീയതലത്തിലല്ലാതെ ഭൗതിക കാര്യങ്ങളില്‍ യാതൊരു അധികാരവും ഉണ്ടാകാന്‍ പാടില്ല. ഈ അവസരത്തിലാണ് 2009-ലെ ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ പ്രസക്തി നാം നനസ്സിലാക്കേണ്ടത്. പ്രതിഫലം വാങ്ങിച്ചുകൊണ്ടുള്ള പ്രവര്‍ത്തി സേവനമല്ല.

ദൈവഭവനമായിരിക്കേണ്ട ഇടങ്ങള്‍ ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് സമാനമായിരിക്കുകയാണ്. ദേവാലയത്തെ വിശുദ്ധീകരിക്കാനും കൂദാശകള്‍ക്കുള്ള വിലവിവരപ്പട്ടിക എടുത്തുമാറ്റി ദൈവജനത്തിന് സൗജന്യമായി ചെയ്തുകൊടുക്കാനുമാണ് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെടുന്നത്. ഇടവകാംഗങ്ങളുടെ സ്വമനസാലെയുള്ള സംഭാവനകള്‍ കൊണ്ട് ദേവാലയകാര്യങ്ങള്‍ നടന്നുപോകുമെന്നുള്ള ശുഭാപ്തിവിശ്വാസമാണ് വലിയ ഇടയാനുള്ളത്.

സാമ്പത്തിക പരാധീനതമൂലം അനേകര്‍ക്ക് കൂദാശ നിഷേധിച്ച സഭയാണിത്. ചെയ്യാത്ത കുറ്റത്തിന്റെ പാപഭാരം പേറി ഇഹലോകം വെടിഞ്ഞ ദൈവമക്കള്‍ വേറെ. പുരോഹിതരില്‍ നിന്നും കൂദാശകള്‍ സ്വീകരിച്ചില്ലെങ്കില്‍ നിത്യരക്ഷയില്ലെന്ന് വിശ്വസിക്കുന്ന സഭാമക്കള്‍ ഇന്നുമുണ്ട്. ബന്ധിതരായി കഴിയുന്നവര്‍ക്ക് ആ ബന്ധനത്തില്‍ നിന്ന് വിടുതല്‍ കിട്ടുക ബുദ്ധിമുട്ടാണ്. കൂദാശകളില്‍ ബന്ധിക്കപ്പെട്ട് ധാരാളം വിശ്വാസികള്‍ ദൈവത്തില്‍ നിന്ന് അകന്നുപോകുന്നു. ദൈവം സകലരെയും രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന കാരുണ്യവാനാണെന്നുള്ള സത്യം ഗ്രഹിച്ചാല്‍ ആചാരങ്ങളില്‍ നിന്നും മുക്തിനേടാം. കത്തോലിക്ക വിശ്വാസികളുടെ അടിമത്ത മനോഭാവത്തിനും അവസ്ഥയ്ക്കുമുള്ള പ്രധാന കാരണം കൂദാശകളാണ്. പുരോഹിത അടിമത്തത്തില്‍ നിന്നും പുറം ചാടണം. ഇടയനും ആടും എന്ന ഉപമ ഇന്ന് ബാധകമല്ല. അത് അറിവില്ലാത്ത ജനതയെ യേശു ഉപമകള്‍ വഴി അന്ന് പറഞ്ഞു പഠിപ്പിച്ചതാണ്. ഇന്നത്തെ ജനതയ്ക്ക് വിദ്യാഭ്യാസവും അറിവും സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തി ഉള്ളവരുമാണ്. ഇടയന്റെ പുറകെ പോകേണ്ട ആട്ടിന്‍പറ്റമല്ല ഇന്നത്തെ ദൈവജനം. യേശുവിന്റെ പഠനങ്ങളെ മനസ്സിലാക്കാന്‍ കെല്‍പ്പുള്ളവരാണ് അവര്‍. ഇടയന്റെ കീഴില്‍ കുഞ്ഞാടുകള്‍ക്ക് യാതൊരു അവകാശവുമില്ല. ഇടയന്‍ പറയുന്നത് ശരിയായാലും തെറ്റായാലും അത് അനുസരിക്കുക. ജീസസിന്റെ പഠനങ്ങളനുസരിച്ച് തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രാപ്തി ഇന്നത്തെ ജനതയ്ക്കുണ്ട്. അപ്പോള്‍ അവര്‍ക്കു മറ്റുള്ളവരുടെ മാര്‍ഗ നിര്‍ദേശത്തിന്റെ ആവശ്യമില്ല. സാമുദായിക വേലികെട്ടിനകത്തു തളച്ചിടാന്‍ ഒരു വിശ്വാസിയും നിന്നുകൊടുക്കരുത്. മറ്റുള്ളവര്‍ക്ക് എന്തു തോന്നും എന്ന ചിന്ത ഓരോ വ്യക്തിയുടെയും തീരുമാനങ്ങളില്‍ അപ്രസക്തമാകണം.

കുതന്ത്രങ്ങളിലൂടെ സ്വത്തുക്കളെല്ലാം അടിച്ചുമാറ്റി സുഖലോലുപതയില്‍ മെത്രാന്മാരും അച്ചന്മാരും കഴിയുന്നു. അതിന് ഒരു അറുതി വരണമെങ്കില്‍ പുരോഹിതരുടെ വേതനം വാങ്ങിയുള്ള കൂദാശകളെയും പുരോഹിതരെത്തന്നെയും ബഹിഷ്‌ക്കരിക്കുക. പകരം ഓരോരുത്തരും യേശുവിന്റെ ദൗത്യം സ്വയം ഏറ്റെടുക്കുക. അയല്‍ക്കാരന് സഹായം ആവശ്യമെങ്കില്‍ അത് ചെയ്തുകൊടുക്കുക. യേശുവിന്റെ പ്രബോധന പ്രകാരം നാം ജീവിക്കുമ്പോള്‍ നമ്മള്‍ യേശുവിന്റെ അനുയായികളാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കും. കേരളത്തില്‍ ഇന്ന് 200-ഓളം മെത്രാന്മാരുണ്ട്. എന്തിന് അവരെ നാം തീറ്റിപ്പോറ്റുന്നു? ചിന്തിക്കുവിന്‍ സഹോദരരെ. നിങ്ങള്‍ പൗരോഹിത്യ നുകത്തില്‍ നിന്ന് സ്വതന്ത്രരാകുവിന്‍. നിങ്ങളുടെ ആത്മീയത നിങ്ങള്‍ തന്നെ കണ്ടുപിടിക്കുവിന്‍. കാരണം കൂദാശകളെല്ലാം സ്വീകരിച്ചു ജീവിച്ചാലും ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ അനുസരിച്ചു ജീവിച്ചില്ലായെങ്കില്‍ സ്വർഗത്തിന്റെ വാതില്‍പടി പോലും നാം കാണുകയില്ല.

അതുകൊണ്ട് കാലാകാലങ്ങളായി പൗരോഹിത്യം അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ക്ക് അറുതി വരുത്തുക. യേശുവിന്റെ പ്രബോധനങ്ങളിലേക്ക് തിരികെപ്പോകുക. സഭയിലെ സാമ്പത്തിക കാര്യങ്ങളില്‍ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാന്‍ 2009-ലെ ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കുക. കോവിഡ്-19 നിയന്ത്രണത്തിലാകുന്നതുവരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുക. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള സഭാ മേലധികാരത്തിന്റെ കൂട്ടുകെട്ട് അവസാനിപ്പിക്കുക. നന്മ മാത്രമായ ദൈവത്തില്‍ ആശ്രയിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top