Flash News

സൂഫിസം (ഭാഗം 4)

July 19, 2020 , ബിന്ദു ചാന്ദിനി

ദാതാ ഗഞ്ച് ബക്ഷിന്‍റെ കഥ

1039 ല്‍ അഫ്ഗാനിസ്ഥാനിലെ ഗസ്നിക്കടുത്തുള്ള ഹജ്‌വീര്‍ സ്വദേശിയായ അബ്ദുള്‍ ഫസല്‍ അല്‍ ഹുജ്‌വിരി, ആക്രമണകാരികളായ തുര്‍ക്കി സൈന്യത്തിന്‍റെ തടവുകാരനായി സിന്ധു നദി കടക്കാന്‍ നിര്‍ബന്ധിതനായി. അദ്ദേഹം ലാഹോറില്‍ സ്ഥിരതാമസമാക്കുകയും തസാവൂഫിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും അത് അനുഷ്ഠിക്കുന്ന സൂഫികളെക്കുറിച്ചും വിശദീകരിക്കുതിനായി പേര്‍ഷ്യനില്‍ കഷ്ഫ്-ഉല്‍-മഹ്ജൂത് (മൂടപ്പെട്ടതിനെ അനാവരണം ചെയ്യല്‍) എന്ന പേരില്‍ ഒരു ഗ്രന്ഥം എഴുതുകയും ചെയ്തു. 1073 ല്‍ മരണമടഞ്ഞ ഹുജ വീരിയെ ലാഹോറില്‍ അടക്കം ചെയ്തു. ഗസ്നിയിലെ സുല്‍ത്താനായ മഹമൂദിന്‍റെ ചെറുമകന്‍ അദ്ദേഹത്തിന്‍റെ കബറിടത്തിന് മുകളില്‍ ഒരു ശവകുടീരം നിര്‍മ്മിക്കുകയും ഈ ശവകുടീര ആരാധനാലയം അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക് ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയും ചെയ്തു. പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ മരണവാര്‍ഷികത്തില്‍.

ഇന്നും ഹുജ്‌വീരിയെ, ദാതാ ഗഞ്ച് ബക്ഷ് അഥവാ സമ്പത്ത് നല്‍കുന്ന ദാതാവ് എന്ന് ആദരിക്കപ്പെടുകയും അദ്ദേഹത്തിന്‍റെ ശവകുടീരത്തെ ‘ദാതാ ദര്‍ബാര്‍’ അല്ലെങ്കില്‍ ‘നല്‍കുന്നവന്‍റെ രാജസദസ്സ് ‘ എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു.

ഖാന്‍ക്വ( Khanqah )

സില്‍സിലാസിനെ നയിച്ചത് പ്രഗത്ഭനായ ഒരു മിസ്റ്റിക് ആയിരുന്നു. അദ്ദേഹം താമസിച്ചത് ഒരു ‘ഖാന്‍ക്വ’ (സന്യാസി മഠം Hospice) യില്‍ ആയിരുന്നു. ശിഷ്യന്മാരോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ വാസം. ഈ ഗുരുവിനെ അറബിയില്‍ ‘ഷെയ്ക്ക് ‘ എന്നും പേര്‍ഷ്യനില്‍ ‘പീര്‍’ അല്ലെങ്കില്‍ ‘മുര്‍ഷീദ് ‘ എന്നും വിളിക്കുന്നു. അദ്ദേഹം ശിഷ്യന്മാരെ (മുരീദുകള്‍) ചേര്‍ക്കുകയും ഒരു പിന്‍ഗാമിയെ നിയമിക്കുകയും ചെയ്യുന്നു. മാത്രമല്ല ആത്മീയ കാര്യങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ ഉണ്ടാക്കുന്നതും അന്തേവാസികള്‍ തമ്മിലും അന്തേവാസികളും പുറത്തുള്ളവരും തമ്മിലും സംവാദം സംഘടിപ്പിക്കുന്നതും അദ്ദേഹമാണ്.

ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇസ്ലാമിക ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂഫി സില്‍സിലകള്‍ വ്യക്തമായ രൂപം കൈവരിക്കാന്‍ തുടങ്ങിയത്. സില്‍സില എന്ന പദം ഒരു ചങ്ങലയെ സൂചിപ്പിക്കുന്നു. ഇതു ഗുരുവും ശിഷ്യനുമായുള്ള തുടര്‍ച്ചയായ ബന്ധത്തെ സൂചിപ്പിക്കുകയും പ്രവാചകനായ മുഹമ്മദ് നബിയിലേക്കു കണ്ണി മുറിയാതെ നീളുന്ന ആത്മീയ പരമ്പരയാവുകയും ചെയ്യുന്നു. ഈ മാര്‍ഗത്തിലൂടെയാണ് വിശ്വാസികള്‍ക്ക് ആത്മീയ ശക്തിയും അനുഗ്രഹങ്ങളും പകര്‍ന്നത്. പുതിയ അംഗങ്ങള്‍ക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കുന്ന പ്രതിജ്ഞകള്‍ എടുക്കുകയും കൂട്ടിത്തയ്ച്ച വസ്ത്രങ്ങള്‍ ധരിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നു.

ഷെയ്ക്കിന്‍റെ മരണാനന്തരം അദ്ദേഹത്തിന്‍റെ ദര്‍ഗ (ശവകുടീരം) അനുയായികളുടെ ആരാധനാ കേന്ദ്രമായി മാറുന്നു. ചരമ വാര്‍ഷിക ദിനത്തില്‍ അഥവാ ഉറൂസില്‍ അദ്ദേഹത്തിന്‍റെ ശവകുടീരത്തിലേക്ക് തീര്‍ത്ഥയാത്ര (സിയാര്‍ത്ത്) നടത്തുക എന്ന പതിവും ഇതോടെ ആരംഭിക്കുന്നു. മരണത്തോടെ സൂഫി സന്യാസികള്‍ ദൈവത്തില്‍ വിലയം പ്രാപിക്കുന്നു എന്നാണ് വിശ്വാസം. മരണത്തോടു കൂടി സൂഫികള്‍ ദൈവത്തോട് കൂടിച്ചേരുമെന്നും അങ്ങനെ ജീവിച്ചിരിക്കുന്നതിനെക്കാളും ദൈവത്തോടു കൂടുതല്‍ അടുത്താകുമെന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്നതാണ് ഇതിന്‍റെ കാരണം. ഭൗതികവും ആത്മീയവുമായ നേട്ടങ്ങള്‍ക്കായി ജനങ്ങള്‍ അവരുടെ അനുഗ്രഹങ്ങള്‍ തേടുന്നതിനായി ശ്രമിച്ചു. അങ്ങനെ ഷെയ്ക്കിനെ വാലിയായി (ഔലിയ) ആരാധിക്കുന്ന ഉപാസനാ രീതി രൂപം കൊണ്ടത്. വാലി (ഔലിയ) അഥവാ ദൈവത്തിന്‍റെ സുഹൃത്ത് എന്നാല്‍ അല്ലാഹുവിന്‍റെ സാമീപ്യം അവകാശപ്പെടുന്ന അത്ഭുതങ്ങള്‍ (കറാമത്ത്) പ്രകടിപ്പിക്കുവാന്‍ അവന്‍റെ അനുഗ്രഹം (ബര്‍ക്കത്ത്) നേടിയ ഒരു സൂഫി ആയിരുന്നു എന്നാണ് വിശ്വാസം .

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top