Flash News

സൂഫിസം (ഭാഗം 5)

July 20, 2020 , ബിന്ദു ചാന്ദിനി

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സൂഫിസം

ദക്ഷിണേന്ത്യയില്‍ ഭക്തിപ്രസ്ഥാനത്തെ നയിച്ചിരുന്നത് ആഴ്‌വാര്‍മാരും (വിഷ്ണു ഭക്തര്‍ ) നായനാര്‍മാരും (ശൈവ ഭക്തര്‍ ) ആയിരുന്നു .അവര്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുകയും അവരുടെ ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് തമിഴ് കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്തു. ബുദ്ധമതത്തിലേയും ജൈനമതത്തിലേയും പലരേയും ഭക്തി പ്രസ്ഥാനം ഹിന്ദു മതത്തിലേക്ക് കൊണ്ടുവന്നു. ശക്തരും പ്രഗത്ഭരുമായ ദക്ഷിണേന്ത്യയിലെ പല രാജാക്കന്മാരും ഭക്തി പാരമ്പര്യത്തേയും ബ്രാഹ്മണപാരമ്പര്യത്തേയും ഒരുപോലെ സഹായിച്ചവരാണ്.

ഉത്തരേന്ത്യയില്‍ രാജാക്കന്മാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ ശിവനേയും വിഷ്ണുവിനേയും ആരാധിക്കുന്ന സമ്പ്രദായം ഉണ്ടയിരുന്നുവെങ്കിലും പതിനാലാം നൂറ്റാണ്ടുവരെ ആഴ്‌വാര്‍ മാരുടെയും നായനാര്‍മാരുടെയും രചനകളോട് സാദൃശ്യമുള്ള രചനകള്‍ ഉള്ളതായി ഒരു തെളിവും ചരിത്രകാര്‍ കണ്ടെത്തിയിട്ടില്ല. ബ്രാഹ്മണര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാര്‍ ഭക്തിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചില്ല. ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്ത നാഥന്മാര്‍, ജോഗികള്‍, സിദ്ധന്മാര്‍ തുടങ്ങിയ പലരും നെയ്ത്തുകാര്‍ ഉള്‍പ്പെടെയുള്ള ശില്പികളുടെ സംഘത്തില്‍ പെട്ടവരായിരുന്നു. ഈ മതനേതാക്കന്മാര്‍ക്ക് ജനപിന്തുണ ലഭിച്ചിരുന്നുവെങ്കിലും ഭരണവര്‍ഗത്തിന്റെ സഹായം അവര്‍ക്കു ലഭിച്ചില്ല.

തുര്‍ക്കികളുടെ വരവും തുടര്‍ന്ന് ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ആവിര്‍ഭാവവും മതസാംസ്കാരിക രംഗത്ത് പുതിയ മാറ്റത്തിന് തിരികൊളുത്തി. ഇസ്ലാമിക ഭരണം അറേബ്യക്ക് പുറത്തേക്ക് വ്യാപിച്ചതോടെ വ്യത്യസ്തമായ ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിന്നിരുന്ന പ്രദേശങ്ങളില്‍ ഖ്വിയാസ് (സമാന യുക്തിചിന്ത) ഇജ്മ (സമുദായത്തിന്റെ സമവായം) മററു രണ്ട് നിയമനിര്‍ണ സ്രോതസ്സുകളായി അംഗീകരികരിച്ചു. അങ്ങനെ ഖുര്‍ആന്‍, ഹദീസ്, ഖ്വിയാസ്, ഇജ്മ എന്നിവയില്‍ നിന്നുമാണ് ഷരിയ രൂപം പ്രാപിച്ചത്. പ്രായോഗിക തലത്തില്‍ ഭരണാധികാരികള്‍ പ്രജകളോട് അയവുള്ള നയമാണ് സ്വീകരിച്ചിരുന്നത്. സൂഫികളില്‍ രണ്ടു വിഭാഗക്കാരും ബാ ഷാരിയാസും, ബി ഷാരിയാസും ഇന്ത്യയിലുണ്ടായിരുന്നു. ബാ ഷാരിയ പ്രസ്ഥാനത്തില്‍13,14 നൂറ്റാണ്ടുകളില്‍ ഉത്തരേന്ത്യയില്‍ സ്വാധീനം ചെലുത്തിയ രണ്ടു വിഭാഗങ്ങളായിരുന്നു ചിഷ്തി സില്‍സിലാസും, സുഹ്റവര്‍ദി സില്‍സിലാസും. ഇതില്‍ വലിയ സ്വാധീനം ചെലത്തിയവര്‍ ചിഷ്തികളായിരുന്നു. പ്രാദേശിക പരിതസ്ഥിതികളുമായി കൂടുതല്‍ ഇണങ്ങിച്ചേരാന്‍ കഴിഞ്ഞത് അവര്‍ക്കായിരുന്നു എന്നതാണതിനു കാരണം. ഇന്ത്യന്‍ ഭക്തിപാരമ്പര്യത്തിന്റെ പല സവിശേഷതകളും അവര്‍ ഉള്‍ക്കൊള്ളുകയും ചെയ്തു.

ഇന്ത്യയില്‍ ‘ചിഷ്തി ഓര്‍ഡര്‍’ സ്ഥാപിച്ചത് ക്വാജാ മുയിനുദ്ദീന്‍ ചിഷ്തി ആയിരുന്നു. 1235 ലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖന്‍ ഭക്തിയാര്‍ കാക്കി ആയിരുന്നു. ഭക്തിയാരുടെ ശിഷ്യനായിരുന്ന പ്രസിദ്ധനായ ഫരീരൂദ്ദീന്‍ ഗഞ്ചിഷക്കാര്‍. അദ്ദേഹത്തെ ഡല്‍ഹിയിലുള്ളവര്‍ ബഹുമാനിച്ചിരുന്നു. വളരെ വിശാലവും മാനുഷികവുമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അദ്ദേഹത്തിന്റെ ചില വചനങ്ങള്‍ സിഖുകാരുടെ മതഗ്രന്ഥമായ ‘ആദിഗ്രന്ഥി ‘ല്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിഷ്തി സന്യാസിമാരില്‍ അതിപ്രശസ്തരായ രണ്ടു പേരായിരുന്നു നിസാമുദ്ദീന്‍ ഔലിയയും നസീറുദ്ദീന്‍ ചിരാഗി ഡല്‍ഹിയും. ഇവര്‍ സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാരുമായി അടുത്തിടപഴകിയവരായിരുന്നു. ഭക്തിനിര്‍ഭരമായ സംഗീതാലാപനം കൊണ്ടും അവര്‍ ജനശ്രദ്ധ പിടിച്ചുപറ്റി. ലൗകിക അധികാരത്തില്‍ നിന്ന് ഒരു അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള തപോനിഷ്ഠമായിരുന്നു ചിഷ്തി പാരമ്പര്യത്തിന്റെ ഒരു സവിശേഷത.

‘സുഹ്റവര്‍ദി ഓർഡറി ‘ ലെ പ്രശസ്തരായ സന്യാസിമാരായിരുന്നു ഷെയ്ക്ക് ഷിഹാബുദ്ദീന്‍ സുഹ്റവര്‍ദിയും, ഹമീദുദ്ദീന്‍ നാഗോരിയും. സുഹ്റവര്‍ദി സന്യാസിമാര്‍ ദരിദ്ര ജീവിതം നയിക്കുന്നതില്‍ വിശ്വസിക്കുന്നില്ല. ‘സുഹ്റവര്‍ദികളെയും’ , ‘നഖ്‌ശബന്ദികളെയും’ പോലുള്ള മറ്റു സൂഫികള്‍ രാഷ്ട്രവുമായി സഹവര്‍ത്തിച്ചിരുന്നു. ഇവര്‍ രാജകൊട്ടാരത്തില്‍ സ്ഥാനവും വഹിച്ചിരുന്നു. സാധാരണ സന്തുലിത ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്.

വ്യത്യസ്ത മതവിഭാഗത്തില്‍പെട്ടവര്‍ക്ക് ശാന്തവും സമാധാനപരവുമായി ജീവിക്കാന്‍ കഴിയുന്നപരിതസ്ഥിതി ഒരുക്കുന്നതില്‍ ഈ രണ്ടു വിഭാഗത്തിൻ്റേയും പ്രവര്‍ത്തനം ഏറെക്കുറെ സഹായിച്ചിട്ടുണ്ട്.

സൂഫികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന സിദ്ധാന്തങ്ങള്‍ ഇസ്ലാമിന്റെ തീവ്രമതമൗലീക വാദത്തില്‍ നിന്ന് വിഭിന്നമായിരുന്നു. ഭാരതത്തിലെ തത്വജ്ഞാനവും ഇസ്ലാമിന്റെ മതസഹിഷ്ണതയോടുകൂടിയ ചിന്താധാരയും സമന്വയിപ്പിച്ച് അവര്‍ പുതിയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചിന്താധാരയുടെ വക്താക്കളും പ്രചാരകരുമായി തീര്‍ന്നു.
ആത്മീയത, ദൈവത്തോടുള്ള പ്രണയം, മൗനവ്രതം, ദേശാടനം, കവിത, സംഗീതം, നൃത്തം എന്നിവ ചേരുന്നതാണ് സൂഫികളുടെ ലോകം. സൂഫി ജീവിതം വ്യത്യസ്ത മതങ്ങളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയും, എന്നാല്‍ സൂഫിസം വളര്‍ന്ന് വികസിച്ചത് ഇസ്ലാമിൻ്റെ ചട്ടകൂടിലാണ്.

(തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top