Flash News

യു എ ഇ യുടെ മുദ്രകളും കോണ്‍സുലേറ്റ് അറ്റാഷെയുടെ കത്തും വ്യാജമായി ചമച്ചു, ഫൈസല്‍ ഫരീദിനെ ദുബൈയില്‍ ചോദ്യം ചെയ്യുന്നു

July 20, 2020 , ആന്‍സി

യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.  യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരില്‍ വ്യാജ രേഖ ചമച്ചാണ് ഫൈസല്‍ ഫരീദ് ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചിരുന്നത്.

ജൂണ്‍ 30ന് ഡിപ്ലോമാറ്റിക് ബാഗ് അയക്കാന്‍ വിമാനത്താവളത്തിലെത്തിയ ഫൈസല്‍ ഫരീദ് ഒരു കത്ത് നല്‍കിയിരുന്നു. നയതന്ത്ര ബാഗ് അയക്കുവാന്‍ ഫരീദിനെ അറ്റാഷെ ചുമതലപ്പെടുത്തുന്ന കത്താണ് ഹാജരാക്കിയത്. പക്ഷേ, ഈ കത്തില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ ഒപ്പോ ഇല്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഈ ബാഗ് അയച്ചതെങ്ങിനെയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

എമിറേറ്റ്‌സ് കമ്പനിയുടെ തിരുവനന്തപുരത്തെ മാനേജരുടെ മൊഴി കസ്റ്റംസ് എടുക്കുന്നുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കും. ദുബായിലെയും തിരുവനന്തപുരത്തെയും ജീവനക്കാരുടെ സഹായം സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

അതേ സമയം എല്ലാ കടത്തും ഇത്തരം വ്യാജ കത്തുകളുടെ അടിസ്ഥാനത്തിലാണെന്ന് കസ്റ്റംസ് കരുതുന്നില്ല. ചില കള്ളക്കടത്ത് നടന്നത് യഥാര്‍ത്ഥ കത്തുകളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഡിപ്ലോമാറ്റിക് ബാഗ് അയക്കാനുള്ള കൂട്ടത്തില്‍ ഈ വസ്തുക്കള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ജൂണ്‍ 30ന് എത്തിയ സ്വര്‍ണമടങ്ങിയ ബാഘ് സ്വീകരിക്കാന്‍ സരിത്താണ് എത്തിയത്. അപ്പോള്‍ സരിത്ത് ഒരു കത്ത് ഹാജരാക്കിയിരുന്നു. വരുന്ന ഡിപ്ലോമാറ്റിക് ബാഗ് അറ്റാഷെയ്ക്ക് വേണ്ടി സ്വീകരിക്കാനുള്ള കത്തായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട വേ ബില്ലും സരിത്ത് ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ കത്തും വേ ബില്ലും വ്യാജമായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് യു എ ഇ യിൽ തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ നടക്കുന്നത്.

യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം കാണുന്നത്. ദുബൈ കേന്ദ്രമായാണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കണ്ടാണ് യു.എ.ഇയുടെ നാഷനൽ സെക്യൂരിറ്റി വിഭാഗത്തിനു ഫൈസൽ ഫരീദിനെ കൈമാറിയിരുന്നത്. സ്വർണക്കടത്ത് കേസിൽ യു.എ.ഇയുടെ അന്വേഷണത്തിനും ഫൈസൽ ഫരീദിന്‍റെ മൊഴി നിർണായകമാണ്. യു.എ.ഇയുടെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമായിരിക്കും കൈമാറ്റം. ഫൈസലിന് പുറമെ കുറ്റകൃത്യത്തിൽ യു.എ.ഇയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും യു.എ.ഇയുടെ നാഷനൽ സെക്യൂരിറ്റി അന്വേഷിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top