അമേരിക്കയുടേയും ഇസ്രയേലിന്റേയു രഹസ്യാന്വേഷണ ഏജന്‍സികളായ സി ഐ എയ്ക്കും മൊസാദിനും വേണ്ടി ചാരപ്പണി നടത്തിയ ഇറാനിയന്‍ പൗരന്റെ വധശിക്ഷ തിങ്കളാഴ്ച നടപ്പിലാക്കി.
മഹ്മൗദ് മൗസവി-മജ്ദിന് മുന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഖാസെം സോലൈമാനിയെ ഒറ്റു കൊടുത്തതിനാണ് 2018-ല്‍ അറസ്റ്റിലായത്. ഖാസെം സൊലൈമാനിയുടെ നീക്കങ്ങള്‍ സി ഐ എയ്ക്കും മൊസാദിനും കൈമാറിയെന്നാണ് കുറ്റം. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഈ വര്‍ഷം ആദ്യം ഇറാഖില്‍ വെച്ച് സൊലൈമാനിയെ കൊലപ്പെടുത്തി. എന്നാല്‍, മഹ്മൗദ് മൗസവി-മജ്ദിന്റെ വധശിക്ഷ സൊലൈമാനിയെ കൊലപ്പെടുത്തിയതുമായി ബന്ധമില്ലെന്ന് ഇറാനിയന്‍ ജുഡീഷ്യറി പറയുന്നു.
2018 ല്‍ ഇറാന്-യുഎസ് ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെത്തുടര്ന്ന് ഇറാനില്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആരംഭിച്ച യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം സൊലൈമാനിയുടെ കൊലപാതകത്തിനുശേഷം
വഷളായി.
മേഖലയിലെ യുഎസ് സൈനികര്‍ക്കെതിരെ ഇറാന് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്‍ സൊലൈമാനിയാണെന്ന് വാഷിംഗ്ടണ്‍ ആരോപിച്ചിരുന്നു.
സൊലൈമാനിയെ ഒറ്റുകൊടുക്കാന്‍ സി ഐ എയില്‍ നിന്നും മൊസാദില്‍ നിന്നും മഹ്മൗദ് മൗസവി-മജ്ദ് ധാരാളം പണം കൈപ്പറ്റിയെന്ന് കോടതി കണ്ടെത്തിയിരുന്നു. 1970 കളില്‍ കുടുംബത്തോടൊപ്പം സിറിയയിലേക്ക് കുടിയേറിയ മജ്ദ് ഒരു ഇംഗ്ലീഷ് – അറബി ഭാഷാ വിവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.
അറബി ഭാഷയില്‍ അദ്ദേഹത്തിന്റെ അറിവും സിറിയയുടെ ഭൂമിശാസ്ത്രവുമായി പരിചയവും ഇറാനിയന്‍ സൈനിക ഉപദേശകരുമായി അടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ഇഡ്ലിബ് മുതല്‍ ലതാകിയ വരെ നിലയുറപ്പിച്ച ഗ്രൂപ്പുകളില്‍ അദ്ദേഹം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. ഒരു വിവര്ത്തകന് എന്ന മറവില്‍ അദ്ദേഹം നിരവധി സെന്‍സിറ്റീവ് മേഖലകളിലേക്ക് നുഴഞ്ഞുകയറി.
ഇറാന്റെ മിസൈല്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിറ്റ് സി ഐ എയ്ക്കു വേണ്ടി ചാരപ്പണി നടത്തിയതിന് ശിക്ഷിക്കപ്പെട്ട റെസ അസ്ഗരി എന്ന മറ്റൊരാളെ കഴിഞ്ഞ ആഴ്ച ഇറാന് വധിച്ചിരുന്നു. ഫെബ്രുവരിയില്‍, ഇറാന്റെ ആണവ വിവരങ്ങള്‍ അമേരിക്കയ്ക്ക് ചോര്‍ത്തി നല്കാന് ശ്രമിച്ച് പിടിയിലായ മറ്റൊരു ചാരന്, അമീര്‍ റഹിഉംപൗറും വധശിക്ഷ ഏറ്റുവാങ്ങി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply