Flash News

ശ്വാസം നോറ്റ മൂക്ക് (കഥ)

July 21, 2020 , എച്‌മുക്കുട്ടി

മുറിക്ക് ആദ്യമാദ്യം നാലുവശങ്ങളായിരുന്നു. ഇപ്പോള്‍ എത്ര വശങ്ങളാണെന്ന് തന്നെ മനസ്സിലാവുന്നില്ല. എണ്ണവും മറന്ന പോലേ..

അല്ല, നാല് ആയിരുന്നു..

ഒരു വീതി വശത്ത് ഇരുനിലക്കട്ടില്‍.. മറ്റേ വീതീ വശത്ത് പിന്നേം ഇരുനിലക്കട്ടില്‍.. ഇരട്ടിയുള്ള നീളവശത്ത് ഈരണ്ടു ഇരുനില കട്ടില്‍…

അല്ലല്ലോ.. ആകെ തിരിഞ്ഞു പോയോ?

മുകളിലുള്ള കട്ടിലിലാണ്.. കിടന്നിരുന്നത്. അസുഖം തുടങ്ങിയപ്പോള്‍ മുകളിലെ കട്ടിലില്‍ നിന്ന് ബാക്കി എല്ലാവരും കൂടെ സഹായിച്ച് താഴത്തെ കട്ടിലിലേക്ക് കിടത്തി. താഴെ കിടന്നിരുന്ന ബീഹാറുകാരന്‍ മുകളിലെ കട്ടിലില്‍ കിടന്നു. മാറ്റിക്കിടത്താനൊ തൊടാനൊ ആര്‍ക്കും കിറ്റൊ മാസ്ക്കൊ ഒന്നും ആവശ്യമില്ലായിരുന്നു. സാധാരണപോലെ… ആര്‍ക്കും ഒരു ഭയവും ഇല്ലാത്ത മാതിരി. എട്ട് പേരും ഇടപഴകി കഴിഞ്ഞു. ഒന്നു രണ്ടുപേര്‍ക്ക് ചെറിയ പനി വന്നെങ്കിലും പെനഡോള്‍ രണ്ടു ദിവസം കഴിച്ചപ്പോള്‍ സുഖമായി.

ആ ബീഹാറുകാരന്‍ ..പേര് മറന്നു.. ഇല്ല. ഓര്‍മ്മയുണ്ട്..

ശ്വാസം മുട്ടുന്നു..

അവന്‍ തന്നെയാണല്ലോ ഇന്നലെ ബംഗ്ലാദേശികളുടെ ചന്തയില്‍ നിന്ന് കുബ്ബൂസ് മേടിച്ചു കൊണ്ട് വന്നത്.

അവന്റെ പേര് ഉള്ള ഒരു മന്ത്രി ഉണ്ടായിരുന്നു ദല്‍‌ഹീല്.. ഓര്‍മ്മ വരുന്നില്ല..എന്തോ ഒരു പസ്വാന്‍..

ആ.. പോട്ടേ…

നാലു കുബ്ബൂസ് .. അല്ല, ഒര് കുബ്ബൂസ് അതിന്റെ ഒരു നുള്ള് തണുത്ത ചായേല് മുക്കിക്കഴിച്ചതാണ് ഇത്തിരി മുമ്പേ..

ഇറങ്ങുന്നില്ല.

അയാള്‍ക്ക് തൊണ്ട പൊട്ടുന്ന പോലെ തോന്നി.

വില്ലയില്‍ വേറെ ആരും ഇല്ല..

ചുട്ടുപഴുത്ത മണലിന്റെ ആവിയിലും മന്തുരോഗിയുടെ കാലിലെ ഉണങ്ങാവ്രണം പോലെ തുടുത്തു ചുവന്ന അഡീനിയം പൂക്കളെ കാണാം.

ജീവനുണ്ടെന്ന് തോന്നുന്നത് തന്നെ ആ കാഴ്ചയിലാണ്.

രണ്ടാഴ്ച മുമ്പ് വരെ ഇതൊന്നുമായിരുന്നില്ല സ്ഥിതി. കമ്പനി വേണമെങ്കില്‍ അവധി എടുത്തോളാന്‍ പറഞ്ഞിരുന്നു. ജോലിക്ക് പോയില്ലെങ്കില്‍ ശമ്പളം തരില്ല. അതിപ്പോള്‍ ഏതു രാജാവിന്റെ തീട്ടൂരമാണെങ്കിലും ഏതു സുല്‍ത്താന്റെ കല്പനയാണെങ്കിലും എന്ത് രോഗമാണെങ്കിലും എത്ര പരക്കുന്നതാണെങ്കിലും ജോലി ചെയ്യാതെ ശമ്പളം തരുന്ന പരിപാടിയൊന്നും കമ്പനിക്കില്ല. കുറച്ച് കാലം ജോലിക്ക് പോകാതേ ജീവിക്കാന്‍ കഴിവുള്ളവര്‍ക്ക് അവധി എടുക്കാം. ആ കൂട്ടത്തില്‍ പെടാത്തവര്‍ക്ക് പോയേ പറ്റൂ.

ആ കൂട്ടത്തില്‍ അയാളെങ്ങനെ ഉള്‍പ്പെടും?

അച്ഛനും അമ്മയും കൂടി വലിയൊരു കുടുംബമുണ്ടാക്കിത്തന്നു. അഞ്ച് അനിയത്തിമാര്‍.. ഒര് അനിയന്‍.. അച്ഛന്‍ അതോടെ വീണും പോയി.

തെങ്ങില്‍ നിന്നാണ് വീണത്. പിന്നെ എണീറ്റിട്ടില്ല.

അന്ന് തുടങ്ങിയ ഭാരം വലിക്കലാണ്. അതുകൊണ്ട് കമ്പനിയില്‍ പോയി… എന്തായാലും ശമ്പളം കിട്ടിയേ തീരൂ.

എന്നും ടി വി കാണും. നാട്ടിലെ കരുതലിനെപ്പറ്റി..ചികിത്സാ രീതികളെപ്പറ്റി.. മുഖ്യമന്ത്രി വര്‍ത്തമാനം പറയുന്നത് കണ്ണിമ ചിമ്മാതെ കേട്ടിരിക്കും.

മാസ്ക്ക്, ഗ്ളൗസ്, സാനിറ്റൈസര്‍, കിറ്റ്, കൈകഴുകല്‍, ക്വാറന്റൈന്‍…..പുതിയ പുതിയ വാക്കുകള്‍ നല്ല പരിചയമായിത്തീര്‍ന്നു… ഈ മണല്‍ക്കാട്ടിലെ ഒരു മുറിയില്‍ എട്ടും പത്തും പേര്‍ താമസിക്കുന്നിടത്ത് മുഖ്യമന്ത്രി പറയുന്നതൊന്നും നടപ്പിലാവില്ലെന്നോര്‍ത്തപ്പോള്‍ ആദ്യം ചിരി വന്നു..

പിന്നെപ്പിന്നെ ആ പരിപാടിയും എന്നത്തേയും വാര്‍ത്ത കാണുന്നതു പോലെയായി.

അയാള്‍ കൈയെത്തിച്ച് ഇത്തിരി വെള്ളം എടുത്തു.. ഓരോ തുള്ളിയായിട്ടേ ഇറങ്ങുന്നുള്ളൂ. അത്ര വേദനയാണ്.

ഇപ്പോള്‍ വലിയ മോഹങ്ങളൊന്നുമില്ല.. ഇത്തിരി ശ്വാസം..മതിയാകുംവരെ മൂക്കിലൂടെ ഒന്ന് വലിക്കണം.

ശ്വാസം.. ശ്വാസമാണ് പ്രധാനം. അതു മതി..

ബംഗ്ലാദേശികളെ സമ്മതിക്കണം. എന്തു വന്നാലും പച്ചക്കറിയും മീനും അത്യാവശ്യ സാധനങ്ങളും ഉള്ള ചന്ത ഉണ്ടാകും അവരുടെ. അവര്‍ക്ക് ഒന്നിനേം ഭയമില്ല..അതോ ഗതികെട്ടിട്ടാണോ?

അതായിരിക്കും.. ഗതികേടാവും കാരണം.

നാലു അനിയത്തിമാരെ കല്യാണം കഴിപ്പിച്ച് അച്ഛനെ ചികിത്സിപ്പിച്ച് … പത്തിരുപത്തഞ്ച് കൊല്ലമായി ഈ മണല്‍ക്കാട്ടില്‍..ആകെ അഞ്ചു തവണയാണ് നാട്ടിലേക്ക് പോയത്. പോയി വരുന്ന ചെലവ് ആലോചിച്ചാല്‍ പോകണ്ട എന്നേ തോന്നിയിട്ടുള്ളൂ..

ഇനീം ഉണ്ട് അനിയനും അനിയത്തിയും അച്ഛന്റെ ചികിത്സയും വീടുണ്ടാക്കലും..

എല്ലാം ഓര്‍ത്താല്‍ എവിടെയും പോകാന്‍ തോന്നില്ല..

തലപൊളിയുന്ന വേദനയുണ്ട്.. തൊണ്ടയും പൊള്ളുന്നു. കൈ കുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ശരീരം ആകെ തളര്‍ന്നിരിക്കുന്നു. കഴുത്തൊടിഞ്ഞതുപോലെ തല കുനിഞ്ഞു കുനിഞ്ഞു പോകുന്നു. കണ്ണ് കനം വെച്ച് തുറക്കാന്‍ സാധിക്കുന്നില്ല. തളര്‍ച്ച കൊണ്ട് ബെഡ്ഡില്‍ തന്നെ കുഴഞ്ഞു കിടന്നു..

ഒരിറ്റു ശ്വാസത്തിന് അയാള്‍ വായും കൂടി തുറന്നു പിടിച്ചു.

വില്ലയില്‍ ആരെങ്കിലും വന്നാല്‍ ഇത്തിരി ചൂടുവെള്ളം ഉണ്ടാക്കിത്തരാന്‍ പറഞ്ഞുനോക്കാമായിരുന്നു.

ആദ്യമാദ്യം കുറേപ്പേരൊക്കെ അവധിയെടുത്ത് വില്ലയിലിരുന്നു. ദിവസം ചെല്ലുന്തോറും ആ അവധിക്കാരൊക്കെ ജോലിക്കാരായി തന്നെ മാറി. നാട്ടില്‍ നിന്ന് ഓരോരോ ആവശ്യങ്ങള്‍ക്കായി കണ്ണീരും ഗദ്ഗദവും ഒച്ച മുറിയലും വേറെ ആരാ ഉള്ളതെന്ന വിങ്ങലും കേള്‍ക്കുമ്പോള്‍ ജോലിക്ക് പോവാതെയും ശമ്പളം വാങ്ങാതെയും വിശ്രമിക്കാന്‍ ആര്‍ക്കാണ് പറ്റുന്നത്?

കുറച്ചു ദിവസം സാനിറ്റൈസറും മാസ്കും ഒക്കെ വെച്ചിരുന്നു. പിന്നെ അതും കുറേശ്ശേയായി കുറഞ്ഞു.

പത്തു മുറികളുള്ള അടുത്ത വില്ലയില്‍ രണ്ടു പേര്‍ക്ക് അസുഖം വന്നെന്ന് അറിഞ്ഞപ്പോഴാണ് എല്ലാവരും പിന്നേയും മാസ്ക്കും സാനിറ്റൈസറും ഷെല്‍‌ഫില്‍ നിന്ന് എടുത്തത്.. ഒരു മുറിയില്‍ എട്ടും പത്തും പേര്‍ പാര്‍ക്കുമ്പോള്‍ ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്ന് ബോധ്യമില്ലാതെയല്ല. ഒരു ചടങ്ങായിട്ട് മൂന്നാലു ദിവസം ചെയ്തു. ചടങ്ങാവുമ്പോള്‍ തന്നെ അത് വൈകാതേ അവസാനിക്കും എന്നുറപ്പല്ലേ…

ഒരടുക്കളയും രണ്ടു മൂന്നു കക്കൂസും കുളിമുറിയും ഉപയോഗിച്ച് എണ്‍പതും നൂറും പേര്‍ ജീവിക്കുന്ന വില്ലയില്‍ ഇതൊക്കെ ആരെക്കൊണ്ട് സാധിക്കും..

അസുഖവും അത് വന്ന ആ പാവം ബംഗാളിയുടെ മരണവും കണ്ണിന്റെ മുമ്പില്‍ തെളിഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാതെ നെഞ്ച് വിങ്ങി.

ശ്വാസം മുട്ടിപ്പിടഞ്ഞ് അയാള്‍ പിന്നേയും മേല്പുര അടരും പോലെ വായ പൊളിച്ചു. എത്ര എളുപ്പത്തില്‍ ചെയ്തു പോന്നിരുന്ന ഒരു കാര്യമായിരുന്നു … ഇപ്പോള്‍ ..സഹിക്കാന്‍ പറ്റാത്തവിധമായി..

കട്ടിലില്‍ൽ പാമ്പ് ഉണ്ടോ.. അയാള്‍ക്ക് പേടിയായി.. ഉറക്കെ കരയണമെന്ന് തോന്നി..എന്താണാവോ ഓരോരോ ഭയങ്ങള്‍ അരിച്ച് കയറുന്നത്. മരിക്കേണ്ട നേരമായോ? നാശം. പാമ്പ് വന്നാല്‍ എഴുന്നേറ്റു ഓടാന്‍ പറ്റില്ല..അയ്യോ.. വില്ലയിലേക്ക് ആരും വരുന്നില്ലല്ലോ..

മയ്യത്ത് കട്ടിലില്‍ കിടക്കുമ്പോളെവിടെന്നിന്നാണ് സമയമാം രഥത്തിലെന്ന് കേള്‍ക്കുന്നത്.. അയ്യോ …..ചിത കത്തിക്കാന്‍ പോകുന്നു..

ബോധം പോവുകയാണോ..

മജീദാണ് പറഞ്ഞത് കമ്പനി എല്ലാവരുടേയും കോണ്‍ട്രാക്ട് അവസാനിപ്പിച്ചു. ഇപ്പോള്‍ എല്ലാവരും നിത്യക്കൂലിക്കാര്‍ മാത്രമാണെന്ന്.. എന്നു വെച്ചാ വിമാനക്കൂലിയും കമ്പനി തരില്ല..മെഡിക്കല്‍ ചെലവും തരില്ല..വില്ലയിലെ താമസവും വേണമെങ്കില്‍ കമ്പനിക്ക് നിറുത്താം..

ആരാണ് ? ആരുടേ നിഴലാണ്? മനസ്സിലായില്ല..

മജീദായിരുന്നോ.. ഒരു മലയാളീം കൂടെ ഉണ്ടല്ലോ ഈ മുറിയില്‍.. ആരാണത്? ഏത് നാട്ടുകാരനായിരുന്നു.. ഭാര്യയും മക്കളും ഉള്ള ഒരാള്‍.. ഇനി അയാളാണോ പറഞ്ഞത്..

അസുഖമുണ്ടെന്ന് പറഞ്ഞപ്പോള്‍ ക്വാറൻറൈനില്‍ പോവാന്‍ നിര്‍ദ്ദേശിച്ചു കമ്പനി മാനേജര്‍. വൈകാതെ ആശുപത്രിയില്‍ പോകാനും കല്പിച്ചു. ഒറ്റയ്ക്ക് ഒരു മുറി വില്ലയില്‍ താമസിക്കുന്ന ആര്‍ക്ക് കിട്ടും? എവിടെ കിട്ടും? ഫാമിലിയായി പാര്‍ക്കുന്നതു പോലെ അല്ലല്ലോ അത്.. കമ്പനി മാനേജര്‍ക്ക് അതറിയേണ്ട.

ഡോക്ടര്‍മാരുടെ കൊച്ചു ക്ളിനിക്കുകളാണ് ചികിത്സക്കുള്ളത്. ആരും ശ്രദ്ധിക്കുക പോലും ഇല്ല. അവര്‍ക്കൊക്കെ ആള്‍ക്കാരെ ഒറ്റനോട്ടത്തില്‍ അറിയാം. കൈയില്‍ പണമുള്ളവനാണോ അല്ലാത്തവനാണോ …പണമുള്ളവന് എവിടെയും ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. അവിടെ ഉള്ളത് ശരിക്കും ഡോക്ടര്‍മാരാണോ എന്ന് പോലും അയാള്‍ക്ക് സംശയമുണ്ട്. മജീദും സംശയിച്ചിട്ടുണ്ട്. പറഞ്ഞിട്ടുമുണ്ട്. പെനഡോളിനും കഫ്സിറപ്പിനും അപ്പുറം ഒരു മരുന്നും അവര്‍ എഴുതിയിട്ടുമില്ല..തന്നിട്ടുമില്ല.

കുറേ ദൂരം ബുദ്ധിമുട്ടി യാത്രയും ചെയ്തു വലിയ ആസ്പത്രിയില്‍ പോയിരുന്നു, മരിച്ചു പോയ ആ ബംഗാളിയുടെ ഒപ്പം.. ആരാണ് പോയത്?

ശ്വാസം …ശ്വാസമാണ്… വേണ്ടത്..വായ മുഴുവനും തുറന്നിട്ടും അതു കിട്ടുന്നില്ലല്ലോ..കൈ വീശി ശ്വാസം പിടിച്ച് എടുക്കുമ്പോള്‍ എന്തോ ഉരുണ്ട്‌ വീണു..

എവിടെയാണ്… മുഖ്യമന്ത്രി സംസാരിക്കുന്നുണ്ടോ.. വിമാനത്തെപ്പറ്റി എന്തോ പറഞ്ഞുവോ?

ഓര്‍മ്മ കിട്ടുന്നില്ല. ഒന്നും മനസ്സിലാവുന്നില്ല.

ആശുപത്രിയില്‍ നിന്ന് പട്ടിയേപ്പോലെ ഓടിച്ചത് ..ബംഗാളിയുടെ ഒപ്പം പോയപ്പോഴാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത അയാള്‍ മൂന്നാലു ദിവസം കഴിഞ്ഞ് മരിച്ചുവെന്ന് പറഞ്ഞത്….

ആ.. അതേ.. ചായ ഉണ്ടാക്കിത്തന്ന സദൂ..സദൂ..സദാനന്ദന്‍.

അപ്പോഴാണ് ആ വില്ല അടച്ചത്. പത്തടിപ്പൊക്കത്തില്‍ മതില് കെട്ടിയ വില്ല.. പോലീസ് വന്ന് പൂട്ടി. എല്ലാവര്‍ക്കും ക്വാറന്റൈന്‍.. അത് കഴിഞ്ഞിറങ്ങുമ്പോള്‍ ആരൊക്കെയുണ്ടാവും അസുഖമില്ലാതെ.. ആരുടെയൊക്കെ ജോലി ബാക്കിയുണ്ടാകും..ആര്‍ക്കും ഒന്നും അറിയില്ല.

അതാണ് അയാള്‍ക്ക് പനിച്ചിട്ടും തലവേദനിച്ചിട്ടും തൊണ്ട വേദനിച്ചിട്ടും ശ്വാസം മുട്ടിയിട്ടും പെനഡോളിനും കഫ്സിറപ്പിനും അപ്പുറം ഒരു ചികിത്സക്കും പോവാത്തത്..

കുറയും..അസുഖം കുറയും.. ബംഗ്ലാദേശികളെപ്പോലെ ധൈര്യമായിരിക്കുക തന്നെ.

എത്ര ജോലിയുണ്ട് നാട്ടില്‍ ഇനിയും പൂര്‍ത്തിയാക്കാന്‍..അനിയന്‍, അനിയത്തി, അച്ഛന്റെ ചികിത്സ, വീട് ഉണ്ടാക്കല്‍…

ഈ മണല്‍ക്കാട്ടില്‍ നിന്ന് അങ്ങനെ പോവാനൊന്നും പറ്റില്ല..

ശ്വാസം.. ഇത്തിരി ശ്വാസം..അതുമതി..അതു മാത്രം മതി..അതില്ലാതെ..

ഇപ്പോള്‍ അതില്ലാതായാലും ഈ മണല്‍ത്തരികളില്‍ തന്നെ നീറിത്തീരും. പിന്നെപ്പിന്നെ എങ്ങോട്ടും പോവേണ്ടി വരില്ല…


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top