Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

കൊറോണ വൈറസ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഘട്ടവും വിയകരമായതായി ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല

July 21, 2020 , ആന്‍സി

ലണ്ടന്‍: കോവിഡ്-19 പ്രതിരോധ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണവും വിജയകരമായതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല. മനുഷ്യരില്‍ ആദ്യ ഘട്ട പരീക്ഷണം വിജയിച്ചതോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്. അതും വിജയകരമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരുന്ന് പരീക്ഷിച്ചവരില്‍ 90 ശതമാനം ആളുകളിലും ആന്റിബോഡികള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നുമാണ് പുറത്തുവരുന്ന വിവരം.

ലോകത്ത് ഏകദേശം 150 ഓളം വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ആ വാക്‌സിന്‍ പരീക്ഷണങ്ങള്‍ തന്നെ പല ഘട്ടത്തിലാണ്. അതില്‍ അവസാന ഘട്ടത്തിലേക്ക് വന്ന വാക്‌സിന്‍ പരീക്ഷണങ്ങളില്‍പ്പെട്ടതാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും ആസ്ട്രാസെനേക്കയും ചേര്‍ന്ന് നടത്തിയ പരീക്ഷണം.

വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവുമാണ് പൂര്‍ത്തിയായിരിക്കുന്നത്. സാധാരണ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കെല്ലാം നാല് ഘട്ടമുണ്ട്. ഒന്നാമത്തേത് പ്രിക്ലിനിക്കലാണ്. അതായത് മൃഗങ്ങളിലുള്ള പരീക്ഷണം. ഇതില്‍ മൃഗങ്ങളില്‍ പ്രതിരോധ ശക്തി വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ മനുഷ്യരിലെ പരീക്ഷണം തുടങ്ങും. ഒന്നാം ഘട്ടത്തില്‍ കുറച്ച് ആളുകളില്‍ മാത്രം പരീക്ഷണം നടത്തും. വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടോയെന്നും പ്രതിരോധ ശക്തി എത്ര കണ്ട് കൂടുന്നുണ്ടെന്നും ഇതിലൂടെ മനസ്സിലാക്കും.

രണ്ടാമത്തേത് എക്‌സ്റ്റന്‍ഡഡ് ഫെയ്‌സാണ്. ആയിരത്തിനടുത്ത് ആളുകളില്‍ പരീക്ഷണം നടത്തും. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നും ഏത് രീതിയില്‍ പ്രതിരോധ ശക്തി വര്‍ധിക്കുന്നുവെന്നും നിരീക്ഷിക്കും. മൂന്നാം ഘട്ടത്തില്‍ ഫിറ്റ്‌നസിയാണ് പരിശോധിക്കുന്നത്. വാക്‌സിന്റെ എത്ര കണ്ട് രോഗപ്രതിരോധത്തിന് ഗുണപ്രദമാകുന്നുണ്ടെന്ന് വിലയിരുത്തും.

ഇപ്പോള്‍ മനുഷ്യരിലുള്ള രണ്ട് ഘട്ടങ്ങളാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആയിരത്തിലധികം ആളുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഒരു വിഭാഗത്തിന് കൊവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ നല്‍കും. രണ്ടാമത്തെ വിഭാഗത്തിന് മെന്‍ജിയോകോക്കല്‍ ഡിസീസിനെതിരെയുള്ള വാക്‌സിനും കുത്തിവെയ്ച്ചു.

അതിന് ശേഷം എത്ര ദിവസം കൊണ്ട് ശരീരത്തില്‍ പ്രതിരോധ ശക്തി വര്‍ധിച്ചു, പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ചു. വളരെ ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമേ പ്രകടമായുള്ളൂ. പല വാക്‌സിന്‍ കുത്തിവെയ്പ്പിന് ശേഷവും കാണുന്നതുപോലെ ഇഞ്ചക്ഷന്‍ ചെയ്യുന്ന സ്ഥലത്തുള്ള വേദന, തലവേദന, പനി തുടങ്ങിയവ മാത്രം. അതും ഒരു പാരസെറ്റാമോള്‍ ഇതിന്റെ കൂടെ കൊടുത്ത സമയത്ത് ആ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാവുകയും ചെയ്തു.

ശേഷം പ്രതിരോധശക്തി എത്ര കണ്ട് വര്‍ധിച്ചുവെന്ന് നോക്കി. രണ്ട് രീതിയിലുള്ള പ്രതിരോധ ശക്തിയാണ് നിരീക്ഷിച്ചത്. ആന്റിബോഡി ഉല്‍പാദിപ്പിച്ച് വൈറസിനെ നശിപ്പിക്കാനുള്ള ശേഷി. ഇത് ആന്റിബോഡിയുടെ അളവ് നോക്കിയിട്ടാണ് കണ്ടെത്തിയത്. കൂടെ തന്നെ ഈ ആന്റിബോഡിയ്ക്ക് വൈറസിനെ നിര്‍വ്വീര്യമാക്കാനുള്ള ശേഷിയുണ്ടോയെന്നും പരിശോധിച്ചു. അഞ്ഞൂറിലധികം ആളുകള്‍ക്ക് കൊടുത്തിട്ട് 14 മുതല് 28 ദിവസം വരെയായപ്പോഴേയ്ക്കും ഈ രീതിയിലുള്ള പ്രതിരോധ ശക്തി വര്‍ധിപ്പിച്ച് വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്നതായും 56 ദിവസം വരെ ഈ ശക്തി നിലനില്‍ക്കുന്നതായും കണ്ടെത്തി.

എന്നാല്‍ ആന്റിബോഡിയുടെ ശക്തി തീര്‍ന്നുകഴിഞ്ഞാല്‍ വീണ്ടും രോഗം വരുമോയെന്നതടക്കമുള്ള കാര്യമാണ് ഇനി കണ്ടെത്തേണ്ടത്. കാലാകാലത്തോളം പ്രതിരോധ ശക്തി എങ്ങിനെ നിലനിര്‍ത്താമെന്നതിനെക്കുറിച്ച് മൂന്നാം ഘട്ടത്തിലേ വ്യക്തമാകൂ. അതിന് ശേഷമേ വ്യാവസായികമായി വികസിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂ. മാത്രമല്ല, ജനങ്ങളിലേക്കെത്തുന്നതിലെ തടസങ്ങളെക്കുറിച്ചും വരും ദിവസങ്ങളിലേ വ്യക്തമാകൂ. കാരണം ആസ്ട്രാസെനേക്ക എന്ന ഭീമന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ചേര്‍ന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആസ്ട്രാ സെനേക്കയുമായി പേറ്റന്റ് കരാറുണ്ടോ, കമ്പനിയ്ക്ക് പുറത്ത് ഉല്‍പാദിപ്പിക്കുന്നതിന് നിബന്ധനകളുണ്ടോ എന്നീ കാര്യങ്ങളൊക്കെ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top