ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടനം (അമര്‍നാഥ് യാത്ര) റദ്ദാക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടവും ശ്രീ അമര്‍നാഥ്ജി ദേവാലയ ബോര്‍ഡും (Shri Amarnathji Shrine Board – SASB ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍, ഈ വര്‍ഷത്തെ ശ്രീ അമര്‍നാഥ്ജി യാത്ര നടത്തുന്നത് ഉചിതമല്ലെന്ന് ബോര്‍ഡ് തീരുമാനിക്കുകയും ‘യാത്ര 2020’ റദ്ദാക്കുന്നത് പ്രഖ്യാപിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ദശലക്ഷക്കണക്കിന് ഭക്തരുടെ വികാരത്തെ ബോര്‍ഡ് അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മതവികാരം സജീവമായി നിലനിര്‍ത്തുന്നതിന്, ബോര്‍ഡ് രാവിലെയും വൈകുന്നേരവും ആരതിയുടെ തത്സമയ സംപ്രേഷണം/ വെര്‍ച്വല്‍ ദര്‍ശനം തുടരും. കൂടാതെ, മുന്‍കാല സമ്പ്രദായം പരമ്പരാഗത ആചാരങ്ങള്‍ അനുസരിച്ച് നടക്കും. ഛാദി മുബാറക്കിന് സര്‍ക്കാര്‍ സൗകര്യമൊരുക്കും.
ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെയും എസ്എഎസ്ബിയുടെയും തീരുമാനം അമര്‍നാഥ് യാത്ര സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തി. കോവിഡ് 19 പകര്‍ച്ചവ്യാധി മൂലം വാര്‍ഷിക തീര്‍ത്ഥാടനം റദ്ദാക്കണമെന്ന് കേന്ദ്രം, ജെ.കെ ഭരണകൂടം, എസ്.എ.എസ്.ബി എന്നിവരോട് നിര്‍ദ്ദേശം നല്‍കണമെന്ന അപേക്ഷ കഴിഞ്ഞ മാസം ആദ്യം സുപ്രീം കോടതി തള്ളിയിരുന്നു. ‘ഞങ്ങള്‍ക്ക് എക്സിക്യൂട്ടീവ് രംഗത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ല. അധികാരങ്ങള്‍ വിഭജിക്കാനുള്ള തത്വത്തെ ഞങ്ങള്‍ മാനിക്കണം,’ ഇക്കാര്യത്തില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞിരുന്നു.
ജൂണ്‍ 23 മുതല്‍ ഓഗസ്റ്റ് 3 വരെ നടക്കാനിരിക്കുന്ന അമര്‍നാഥ് യാത്ര റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു പത്രക്കുറിപ്പ് എസ്എഎസ്ബി നേരത്തെ ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, പിന്നീട് എസ്എഎസ്ബി തീരുമാനം പിന്‍വലിക്കുകയും, കൊറോണ വൈറസ് സ്ഥിതി അവലോകനം ചെയ്ത ശേഷം തീര്‍ത്ഥാടനം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
നിലവിലെ കോവിഡ്-19 പാന്‍ഡെമിക് സാഹചര്യം അനിയന്ത്രിതമായതിനാല്‍, ഭാവിയില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് അമര്‍നാഥ് യാത്ര സംഘടിപ്പിക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് അമര്‍നാഥ് ദേവാലയ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
പഴയ പദ്ധതി പ്രകാരം യാത്ര ഒരു റൂട്ടില്‍ നിന്ന് മാത്രമേ നടക്കൂ എന്നും, എല്ലാ തീര്‍ഥാടകര്‍ക്കും കോവിഡ്-19 പരിശോധനയിലൂടെ പോകേണ്ടിവരുമെന്നും ബോര്‍ഡ് തീരുമാനിച്ചു. രാജ്യമെമ്പാടുമുള്ള ഭക്തര്‍ക്കായി ക്ഷേത്ര അധികൃതര്‍ ടെലിവിഷനില്‍ പൂജ സംപ്രേഷണം ചെയ്യും.
ഹിന്ദു വിശ്വാസത്തിലെ ഏറ്റവും പുണ്യ ആരാധനാലയങ്ങളിലൊന്നാണ് അമര്‍നാഥ് ഗുഹ. വെല്ലുവിളി നിറഞ്ഞ പര്‍വത പ്രദേശങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വാര്‍ഷിക തീര്‍ത്ഥാടനം നടത്തുന്നു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,880 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply