Flash News

സൂഫിസം (ഭാഗം 6 & 7)

July 22, 2020 , ബിന്ദു ചാന്ദിനി

ചിഷ്തി ഖാന്‍ക്വയിലെ ജീവിതം

‘ ഖാൻക്വ ‘കള്‍ സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്രങ്ങളായിരുന്നു. അക്കാലത്തെ ഡല്‍ഹി നഗരത്തിന്റെ പ്രാന്തപ്രദേശമായ ഗിയാസ്പൂരില്‍, യമുനാ നദിയുടെ തീരത്തുള്ള ഷെയ്ക്ക് നിസാമുദ്ദീന്റെ ‘ഖാന്‍ക്വ’ യെക്കുറിച്ച് (പതിനാലാം നൂറ്റാണ്ട്) നമുക്ക് അറിയാം. അന്തേവാസികളും സന്ദര്‍ശകരും താമസിക്കാനും പ്രാര്‍ത്ഥിക്കാനും ഉപയോഗിക്കുന്ന ഒരു വലിയ ഹാളും നിരവധി മുറികളുമുള്ള ഒന്നായിരുന്നു അത്. ഷെയ്ക്കിന്റെ കുടുംബാംഗങ്ങളും, അനുചരരും, ശിഷ്യന്മാരും അടങ്ങുന്നവരായിരുന്നു അന്തേവാസികള്‍. ഹാളിന്റെ മേല്‍ക്കൂരയിലുള്ള ഒരു ചെറിയ മുറിയിലായിരുന്നു ഷെയ്ക്കിന്റെ താമസം. അവിടെ വച്ചായിരുന്നു സന്ദര്‍ശകരെ രാവിലെയും വൈകുന്നേരവും അദ്ദേഹം കാണുകയും ചെയ്തിരുന്നത്. കെട്ടിടത്തിന്റെ മുറ്റത്തിനു ചുറ്റും ഒരു വരാന്തയുണ്ടായിരുന്നു. ചുറ്റുമതിലിനുള്ളിലായിരുന്നു കെട്ടിടം. ഒരു മംഗോളിയന്‍ ആക്രമണ കാലത്ത് സമീപപ്രദേശത്തു നിന്നും നിരവധി ആളുകള്‍ ഈ ‘ഖാന്‍ക്വ’യില്‍ അഭയം തേടുകയുണ്ടായി.

എല്ലാവര്‍ക്കും ആഹാരം നല്‍കാന്‍ പാകത്തില്‍ ഫുത്തുഹ് (ആവശ്യപ്പെടാതെ ലഭിച്ച ധര്‍മ്മം) കൊണ്ട് പ്രവര്‍ത്തിക്കുന്ന തുറന്ന ഒരു അടുക്കള (ലങ്കാര്‍) ഖാന്‍ക്വായില്‍ ഉണ്ടായിരുന്നു. പ്രഭാതം മുതല്‍ അര്‍ദ്ധരാത്രിവരെ സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരും – പട്ടാളക്കാര്‍, അടിമകള്‍, ഗായകര്‍, വ്യാപാരികള്‍, കവികള്‍, സഞ്ചാരികള്‍, ധനികര്‍, ദരിദ്രര്‍, ഹിന്ദു യോഗികള്‍, ക്വാലന്‍ഡാര്‍സ് ഖാന്‍ക്വയില്‍ വന്നിരുന്നു. ഇവരില്‍ ചിലര്‍ ഷെയ്ക്കിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിനും മറ്റു ചിലര്‍ രോഗശാന്തിക്കുള്ള രക്ഷയോ ‘ഏലസ്സോ’ കിട്ടുന്നതിനും വേണ്ടി വന്നവരായിരുന്നു. കൂടാതെ അമീര്‍ ഹസ്സന്‍ സിജ്സി, അമീര്‍ ഖുസ്രു എന്നീ കവികളും സിയാവുദ്ദീന്‍ ബാറണിയെ പോലുള്ള ചരിത്രകാരന്മാരും ഷെയ്ക്കിനെ സന്ദര്‍ശിച്ചിരുന്നു. ഇവരെല്ലാം ഷെയ്ക്കിനെ കുറിച്ച് ധാരാളം എഴുതിയിട്ടുള്ളവരാണ്. ഷെയ്ക്കിന് മുന്നില്‍ തലവണങ്ങള്‍, സന്ദര്‍ശകര്‍ക്ക് വെള്ളം കൊടുക്കുക, യോഗാഭ്യാസം ചെയ്യുക എന്നിവയെല്ലാം ആചാരാനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പ്രാദേശിക പാരമ്പര്യങ്ങളെ ഉള്‍ക്കൊള്ളുക എന്നതായിരുന്നു ലക്ഷ്യം.

ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും ‘ഖാന്‍ക്വ’ കള്‍ സ്ഥാപിക്കാന്‍ തന്റെ ആത്മീയ പിന്‍ഗാമികളായി പലരേയും ഷെയ്ക്ക് നിസാമുദീര്‍ നിയമിച്ചിരുന്നു. തല്‍ഫലമായി ഷെയ്ക്കിന്റെ സന്ദേശങ്ങളും ആചാരനിഷ്ഠകളും, ചിഷ്തികളുടെ സംഘടനയും, ഷെയ്ക്കിന്റെ പ്രശസ്തിയും ദേശവ്യാപകമായി പ്രചരിച്ചു. പ്രശസ്തി വര്‍ദ്ധിക്കുന്നതോടെപ്പം ഷെയ്ക്കിനടുത്തേക്കു തീര്‍ത്ഥാടകരും പ്രവഹിച്ചു തുടങ്ങി.

ചിഷ്തി ഭക്ത്യാരാധന
സിയാറത്ത്

സൂഫിവര്യന്മാരുടെ ആത്മീയാനുഗ്രഹം ലഭിക്കുന്നതിനായി അവരുടെ ശവകുടീരങ്ങളിലേക്കുള്ള സിയാറത്ത് (തീര്‍ത്ഥാടനം) ഇസ്ലാമിക ലോകത്തില്‍ സര്‍വ്വസാധാരണമാണ്. ഈ ആചാരം സൂഫിയുടെ അനുഗ്രഹം (ബര്‍ക്കത്ത് ) തേടാനുള്ള ഒരു അവസരമാണ്. ഏഴു നൂറ്റാണ്ടുകളില്‍ അധികമായി വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നുള്ളവരും, വ്യത്യസ്ത മതക്കാരും, വ്യത്യസ്ത വര്‍ഗങ്ങളില്‍ പെടുന്നവരും പ്രധാനപ്പെട്ട അഞ്ചു സൂഫിവര്യന്മാരുടെ (ഖ്വാജാ മുയിനുദ്ദീന്‍ ചിഷ്തി, കുത്തബ്ദീന്‍ ഭക്തിയാര്‍ക്കാക്കി, ഷെയ്ക്ക് ഫരീരുദീന്‍ ഗാഞ്ചിഷക്കാര്‍, ഷെയ്ക്ക് നിസാമുദ്ദീന്‍ ഔലിയ, ഷെയ്ക്ക് നസിറുദ്ദീന്‍ ചിരാഗി ഡല്‍ഹി) ദര്‍ഗകള്‍ക്കു മുമ്പില്‍ ഭക്തി പ്രകാശിപ്പിച്ചു പോരുന്നുണ്ട്. ഇവരില്‍ ഏററവും കൂടുതല്‍ ആദരിക്കപ്പെടുന്ന ദിവ്യ സമാധിസ്ഥാനം ‘ഗരീബ് നവാസ് ‘ (ദരിദ്രര്‍ക്കാശ്വാസം പകരുന്നവന്‍) എന്നറിയപ്പെടുന്ന ഖ്വാജാ മുയിനുദ്ദീന്‍ ചിഷ്തിയുടെതാണ്.

പതിനാലാം നൂറ്റാണ്ടിലാണ് ഖ്വാജാ മുയിനുദീന്‍ ചിഷ്തിയുടെ ദര്‍ഗയെ പറ്റിയുള്ള പരാമര്‍ശം ഗ്രന്ഥങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആ ദര്‍ഗ അത്രമാത്രം ജനസമ്മതിയുളളതാവാന്‍ കാരണം, അത് പ്രതിനിധാനം ചെയ്യുന്ന സൂഫിവര്യന്‍ (ഖ്വാജാ മുയിനുദ്ദീന്‍ ചിഷ്തി) അത്രമാത്രം ദൈവഭക്തനും, സുഖഭോഗ വിരക്തിയുള്ള ആളുമായതുകൊണ്ടാണ്. രാജകീയ സന്ദര്‍ശകരുടെ രക്ഷാകര്‍തൃത്വവും അതിന്റെ ജനസമ്മതി വര്‍ദ്ധിക്കാന്‍ സഹായകമായിട്ടുണ്ട്. ഇവിടം സന്ദര്‍ശിച്ച ആദ്യ ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക് (ഭരണ കാലം 1324 – 1351 ) ആയിരുന്നു. ഈ ശവകുടീരത്തിന്റെ നിര്‍മാണച്ചെലവ് വഹിച്ചത് സുല്‍ത്താന്‍ ഗിയാസുദ്ദീന്‍ ഖല്‍ജിയായിരുന്നു. ഈ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നത് ഡല്‍ഹിക്കും ഗുജറാത്തിനും ഇടയ്ക്കുള്ള വ്യാപാര പാതയിലാകയാല്‍ നിരവധി യാത്രക്കാരെ അതാകര്‍ഷിച്ചു.

അക്ബര്‍ ചക്രവര്‍ത്തിയുടെ സിയാറത്ത്

പതിനാറാം നൂറ്റാണ്ടോടുകൂടി ഖ്വാജാ മുയിനുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗ (അജ്മീര്‍) വളരെയധികം പ്രസിദ്ധമായിത്തീര്‍ന്നു. അജ്മീറിലേക്ക് പോകുന്ന തീര്‍ത്ഥാടകരുടെ ആവേശത്തോടെയുള്ള ഗാനാലാപനമാണ് യഥാര്‍ത്ഥത്തില്‍ ശവകുടീരം സന്ദര്‍ശിക്കാന്‍ അക്ബറിന് പ്രചോദനമായത്. അദ്ദേഹം പതിനാലു തവണ അവിടം സന്ദര്‍ശിച്ചു. ചിലപ്പോള്‍ പുതിയ ആക്രമണങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ തേടുന്നതിനായും നേര്‍ച്ചകള്‍ നിറവേറ്റുന്നതിനായും മക്കളുടെ ജന്മദിനത്തോടനുബന്ധിച്ചും ഒക്കെ ആയിരുന്നു അവിടം സന്ദര്‍ശിച്ചത്. ഈ ഓരോ സന്ദര്‍ശനവും ഉദാരമായ സംഭാവന കൊണ്ട് ആഘോഷമാക്കുകയും അവയെല്ലാം സാമ്രാജ്യ ഭരണ പ്രമാണങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉദാഹരണമായി 1588 ല്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള ഒരു കൂറ്റന്‍ കുട്ടകം (Cauldron വലിയ ചെമ്പു പാത്രം) അദ്ദേഹം നല്‍കി. ദര്‍ഗയുടെ വളപ്പിനുള്ളില്‍ ഒരു പള്ളിയും അദ്ദേഹം പണി കഴിപ്പിച്ചു. അക്ബര്‍ പണികഴിപ്പിച്ച ഫത്തേപൂര്‍ സിക്രി എന്ന ഒരു പുതിയ തലസ്ഥാനം അജ്മീറിലേക്കുള്ള പാതയുടെ വക്കത്താണ് സ്ഥിതി ചെയ്യുന്നത്. സിക്രിയിലെ പ്രസിദ്ധമായ ‘വെള്ളിയാഴ്ചപ്പള്ളി ‘ (Friday Mosque ) ക്കു സമീപം ഷെയ്ക്ക് സലീം ചിഷ്തിയുടെ തൂവെള്ള മാര്‍ബിളിലുള്ള ശവകുടീരം അക്ബര്‍ പണികഴിപ്പിച്ചതാണ്.

ജഹനാരയുടെ സിയാറത്ത്

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാൻ്റെയും മുംതാസിൻ്റെയും മൂത്ത പുത്രിയായ ജഹനാര ബീഗം സാഹിബ 1643 ലാണ് പിതാവിനോടൊപ്പം അജ്മീറിലേക്ക് തീര്‍ത്ഥയാത്ര നടത്തിയത്. “മുനീസ് അല്‍ അര്‍വ” (ആത്മാക്കളുടെ വിശ്വസ്തന്‍ ) എന്ന ശീര്‍ഷകത്തില്‍ ജഹനാര രചിച്ച ഖ്വാജാ മുയിനുദ്ദീന്‍ ചിഷ്തിയുടെ ജീവചരിത്രത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് താഴെ നല്‍കിയിരിക്കുന്നത്:

“സര്‍വേശ്വരനായ ആ ഒറ്റ ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ പാവം ഫക്കീറ ജഹനാര …. തലസ്ഥാനമായ ആഗ്രയില്‍ നിന്നും എന്റെ മഹാനായ പിതാവിന്റെ (ഷാജഹാന്‍ ചക്രവര്‍ത്തി) കൂടെ പവിത്രമായ അജ്മീര്‍ ദര്‍ഗയിലേക്ക് പുറപ്പെട്ടു .  എല്ലാ ദിവസവും എല്ലാ സ്റ്റേഷനിലും, രണ്ടാവര്‍ത്തി പ്രാര്‍ത്ഥന നടത്തുമെന്നു ഞാന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഒരുപാടു ദിവസത്തേക്ക് ഞാന്‍ പുലിത്തോലില്‍ ഉറങ്ങിയില്ല. ആരാധ്യനായ സംരക്ഷകന്റെ അനുഗ്രഹീതമായ പവിത്ര സ്ഥാനത്തിന്റെ ദിശയിലേക്ക് ഒരിക്കലും ഞാന്‍ കാല്‍ നീട്ടിവച്ചില്ല. അതിനു നേരെ ഒരിക്കലും ഞാന്‍ പുറംതിരിഞ്ഞു നിന്നിരുന്നില്ല. വൃക്ഷച്ചുവട്ടില്‍ ഞാന്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടി.

പുണ്യമാസമായ റംസാന്റെ നാലാം ദിനത്തില്‍ ഒരു വ്യാഴാഴ്ച. ദീപാലംകൃതവും സുഗന്ധപൂരിതവുമായ ആ പവിത്ര സമാധിസ്ഥാനം ഞാന്‍ കണ്ടാസ്വദിച്ചു. അസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഞാന്‍ ആ പവിത്ര സ്ഥാനത്തേക്കു ചെന്നു. എന്റെ വിളറിയ മുഖം ഞാന്‍ പ്രവേശന കവാടത്തിലെ പവിത്രമായ മണ്ണിലുരസി. അവിടെ നിന്നും ഞാന്‍ നഗ്നപാദയായി ആ ശവകുടീരത്തിനടുത്തേക്ക് നീങ്ങി. ഞാന്‍ ഏഴു തവണ ആ സമാധിസ്ഥാനത്തെ പ്രദക്ഷിണം വച്ചു. അവസാനം എന്റെ സ്വന്തം കൈകൊണ്ട്, ഏററവും മികച്ച അത്തര്‍ ആ പുണ്യത്മാവിന്റെ സുഗന്ധപൂരിതമായ കുടീരത്തില്‍ ഞാന്‍ വച്ചു. എന്റെ തലയിലുണ്ടായിരുന്ന റോസ് നിറത്തിലുള്ള ഷാള്‍ ഞാന്‍ ആ കുടീരത്തില്‍ ചാര്‍ത്തി….. ”

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top