പാലത്തായി പീഡനക്കേസ് അന്വേഷിച്ച ഐ ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണം: വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്

ഐ ജി. ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നും പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്  വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും 100000 മെയിലുകള്‍ അയക്കുന്നു

തിരുവനന്തപുരം : പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് പത്മരാജനെതിരായ അന്വേഷണച്ചുമതലയുള്ള ക്രെെം ബ്രാഞ്ച് ഐ. ജി ശ്രീജിത്തിന്റെ ഫോണ്‍ സംഭാഷണം തികച്ചും നിയമവിരുദ്ധമാണ്. അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കണം.

കുറ്റപത്രം പൂര്‍ണമായി സമര്‍പ്പിക്കപ്പെടാത്ത കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. പ്രതിക്ക് അനുകൂലവും ഇരയുടെ ആത്മാഭിമാനം തകര്‍ക്കുന്നതുമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവ ഹത്യചെയ്ത് പ്രതിക്കെതിരെയുള്ള പുനരാന്വേഷണം തടയുന്നതും, കേസ് വീണ്ടും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയുമാണിത്. കുട്ടി മജിസ്ട്രേറ്റിന്‍റെ മുന്നില്‍ വ്യക്തമായി മൊഴി കൊടുത്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടും ഉണ്ട്.

പോക്സോ പ്രകാരമാണ് ആദ്യം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും പല തവണ വീട്ടിനകത്തും ഡി വൈ എസ് പി ഓഫീസ് അടക്കമുള്ള പോലീസ് സ്റ്റേഷനിലും പുറത്തുമൊക്കെയായി ചോദ്യം ചെയ്തതിലൂടെ ലോക്കല്‍ പോലീസ് കുട്ടിയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. അത്തരമൊരു മാനസിക സ്ഥിതിയില്‍ ചെറിയ പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് അപരിചിതനായ ഒരാള്‍ക്ക് ഫോണ്‍ സന്ദേശത്തിലൂടെ ഐ.ജി. കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി അടക്കമുള്ള കേസിന്‍റെ വിവരങ്ങള്‍ മുഴുവനും കൈമാറുന്നത് വ്യക്തമായ നിയമ ലംഘനമാണ്.

കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴി പരസ്യമാക്കിയത് കടുത്ത നിയമ ലംഘനമാണ്. നീതി നിഷേധിക്കപ്പെട്ട പീഡിതയായ പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുകയും മാനസിക പീഡനം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്. ഇരയെ വിശ്വാസത്തിലെടുക്കാതെയുള്ള നിയമ വിരുദ്ധമായ സംസാരം പ്രതിയുടെ കുറ്റവിമുക്തിക്ക് അനുകൂലമാക്കാനാണ് ഐ.ജി. ശ്രമിച്ചത്.

ഭാഗികമായി മാത്രം കുറ്റപത്രം സമര്‍പ്പിച്ച കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ ഇരയുടെ മൊഴികളും കേസിന്റെ നിലയും പരസ്യപ്പെടുത്തി നിയമലംഘനം നടത്തിയ ഐ. ജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ നീതി പ്രതീക്ഷിക്കുന്നില്ല. കുറ്റപത്രത്തില്‍ പോക്സോ ഒഴിവാക്കിയത് ബി.ജെ.പി.നേതാവായ പ്രതിയെ രക്ഷിക്കാന്‍ മാത്രമാണ്. ഈ കേസിന്‍റെ അന്വേഷണച്ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണം.

അതോടൊപ്പം ഗുരുതരമായ നിയമ ലംഘനം നടത്തിയ അദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയെടുക്കണം. ഈ കേസില്‍ ഉന്നത റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കൃത്യമായി അന്വേഷണം മുന്നോട്ടു കൊണ്ട് പോയി പ്രതിയെയും കൂട്ടുപ്രതികളെയും ശിക്ഷക്ക് വിധേയമാക്കണം. ഈ ആവശ്യങ്ങളുയര്‍ത്തി വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് ഒരു ലക്ഷം മെയിലുകള്‍ അയക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment