അവിശ്വാസ പ്രമേയത്തില്‍നിന്ന് സര്‍ക്കാരിനെ രക്ഷപ്പെടുത്തിയത് കൊറോണയാണെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഐ ടി വിഭാഗം തലവനുമായിരുന്ന എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള അവിശുദ്ധ ബന്ധവും സ്വര്‍ണ്ണക്കടത്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കെ, പ്രതിപക്ഷം നല്‍കിയിരിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്ന് സര്‍ക്കാരിനെ തത്ക്കാലം രക്ഷപ്പെടുത്തിയത് കൊറോണ വൈറസാണെന്ന് പ്രതിപക്ഷം പരിഹസിച്ചു.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനം സര്‍ക്കാര്‍ മാറ്റിയതോടെയാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് സർക്കാർ വിശദീകരണമെങ്കിലും, പ്രതിപക്ഷം അത് മുഖവിലയ്ക്കെടുത്തിട്ടില്ല.

തിരുവനന്തപുരം ഉള്‍പ്പടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കോവിഡ് പടരുന്ന സാഹചര്യത്തിൽ സഭ ചേരുന്നത് ഗുണകരമാകില്ല എന്നാണ് സർക്കാർ നിലപാട്. അതേസമയം, അവിശ്വാസപ്രമേയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് സഭ ചേരുന്നത് നീട്ടിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം വെള്ളിയാഴ്ച നടക്കുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് പടർന്നു തുടങ്ങിയപ്പോൾ ബജറ്റ് സമ്മേളനം പാതിയിൽ നിർത്തി സഭ മാർച്ച് 13ന് പിരിയുകയായിരുന്നു. അന്ന് ധനബിൽ പാസാക്കാതെയായിരുന്നു സഭ പിരിയുന്നത്.

ജൂലൈ 31നു മുമ്പ് ധനബിൽ പാസാക്കുകയാണ് വേണ്ടത്. അതിനാണ് ഏകദിന സഭാസമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നത്. ധനകാര്യബിൽ പാസാക്കാനുള്ള കാലാവധി രണ്ടുമാസം നീട്ടിക്കൊണ്ടുപോകാൻ ഉള്ള ഓർഡിനൻസ് വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. പല എം.എൽ.എമാരും ഹോട്ട് സ്പോടുകളിൽ നിന്നാണ് വരേണ്ടത്. 65 വയസ് കഴിഞ്ഞവരാണ് ഏറെപ്പേർ. ഇവയാണ് സഭാസമ്മേളനം റദ്ദാക്കാൻ കാരണമായി സർക്കാർ നിരത്തുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് റദ്ദാവുകയാണ്. അവിശ്വാസപ്രമേയത്തിൽ നിന്ന് ഒളിച്ചോടാനാണ് കോവിഡിന്റെ പേരിലുള്ള ഈ തന്ത്രമെന്നാണ് പ്രതിപക്ഷ ആരോപണം. ഇക്കാര്യത്തിൽ തങ്ങൾക്കുള്ള വിയോജിപ്പ് സ്പീക്കറെ പ്രതിപക്ഷനേതാവ് അറിയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment