Flash News

യു‌എസ്-ചൈനാ ബന്ധം വഷളാകുന്നു, ഹ്യൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ യു എസ് ആവശ്യപ്പെട്ടു

July 22, 2020 , .

വാഷിംഗ്ടണ്‍: ലോകത്തിലെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഹ്യൂസ്റ്റണിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടു. ഇതിന് പ്രതികാരമായി വുഹാനിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ബീജിംഗ് ആലോചിക്കുന്നുണ്ടെന്നും ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ചയാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടണമെന്ന് ചൈനയോട് വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടത്. ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഈ നടപടിയെ കീഴ്‌വഴക്കമില്ലാത്ത നീക്കമെന്നാണ് വിശേഷിപ്പിച്ചത്. ചൈനയ്ക്ക് 72 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് കോണ്‍സുലേറ്റ് പബ്ലിക് റിലേഷന്‍സ് വക്താവ് പറഞ്ഞു.

അമേരിക്കന്‍ ബൗദ്ധിക സ്വത്തവകാശത്തെയും അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഈ നീക്കം നടത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. അമേരിക്കയുടെ ഈ ഉത്തരവിനെ ബീജിംഗ് അപലപിക്കുകയും പ്രതികാര നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, എന്ത് നടപടികളാണ് എടുക്കുന്നതെന്ന് പറഞ്ഞിട്ടില്ല.

നവംബറിലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് ഈ നീക്കം നടത്തിയതിന് പ്രത്യേക കാരണവുമുണ്ട്. ട്രംപും അദ്ദേഹത്തിന്‍റെ ഡമോക്രാറ്റിക് എതിരാളി ജോ ബിഡനും ചൈനയെച്ചൊല്ലി വാക്‌പോരുകളും മത്സരങ്ങളും നടത്താന്‍ തുടങ്ങിയിട്ട് ഏറെയായി. ചൈനയോട് പ്രതികരിക്കാന്‍ ആര്‍ക്കാണ് കൂടുതല്‍ ധൈര്യം കാണിക്കാന്‍ കഴിയുക എന്നതിനെച്ചൊല്ലിയാണ് മത്സരം. തനിക്കാണ് അതിനു കഴിയുക എന്ന് അമേരിക്കന്‍ ജനതയെ ബോധ്യപ്പെടുത്താനാണ് ട്രം‌പ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെന്‍മാര്‍ക്ക് സന്ദര്‍ശന വേളയില്‍ സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, അമേരിക്കയുടേയും യൂറോപ്പിന്റേയും ബൗദ്ധിക സ്വത്തവകാശത്തെ ചൈനീസ് മോഷ്ടിച്ചുവെന്ന ആരോപണം ആവര്‍ത്തിച്ചു.

ഹ്യൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ കാരണമായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ പറയുന്നത്, രണ്ട് ചൈനീസ് പൗരന്മാര്‍ക്കെതിരായ യുഎസ് നീതിന്യായ വകുപ്പിന്‍റെ കുറ്റപത്രത്തെക്കുറിച്ചാണ്. ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന ചൈനയുടെ സൈബര്‍ ചാരവൃത്തി പ്രതിരോധ കരാറുകാരെയും കോവിഡ് ഗവേഷകരെയും ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഇരകളെയും ലക്ഷ്യമിട്ടാണെന്ന് യു എസ് ആരോപിക്കുന്നു.

‘പ്രസിഡന്റ് ട്രം‌പ് അതേക്കുറിച്ച് വേണ്ടത്ര പറഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. പ്രസിഡന്റ് സ്വീകരിച്ച നടപടികളാണ് ശരി. ഞങ്ങള്‍ അത് തുടരുന്നു,’ പോം‌പിയോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ ആക്ടിംഗ് ചെയര്‍മാന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഒരുപടികൂടി മുന്നോട്ടു പോയി. ഹ്യൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ഒരു വലിയ ചാരപ്രവര്‍ത്തനത്തിന്‍റെ കേന്ദ്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

യുഎസ് സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികളെ അയച്ചുകൊണ്ട് യുദ്ധോപകരണങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ കരസ്ഥമാക്കി നേട്ടങ്ങള്‍ കൊയ്യാന്‍ ചൈനീസ് സൈന്യത്തിന്‍റെ ശ്രമങ്ങളുടെ കേന്ദ്രമാണ് ഹ്യൂസ്റ്റണ്‍ കോണ്‍സുലേറ്റ് എന്നാണ് കിഴക്കന്‍ ഏഷ്യയിലെ അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്ലിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അവര്‍ അങ്ങനെ ചെയ്യുന്നത് തടയാന്‍ ഞങ്ങള്‍ ഒരു പ്രായോഗിക നടപടി സ്വീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഹ്യൂസ്റ്റണിലെ ചൈനയുടെ കോണ്‍സല്‍ ജനറലും മറ്റ് രണ്ടു നയതന്ത്ര ഉദ്യോഗസ്ഥരും ചൈനയിലേക്ക് പോകാന്‍ ഹ്യൂസ്റ്റണ്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞ് ഗേറ്റ് ഏരിയയിലേക്ക് പോകുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ പെരുമാറിയത് വിമാനത്താവള അധികൃതര്‍ക്ക് സംശയത്തിനിട നല്‍കി. എയര്‍ ചൈനയുടെ കൈവശമുള്ള പേപ്പര്‍ വര്‍ക്കുകളില്‍ നയതന്ത്രജ്ഞരുടെ ജനനത്തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരുന്നതെന്ന് പിന്നീട് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ച് വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചിട്ടില്ല.

കൊറോണ വൈറസ്, ടെലികോം ഗിയര്‍ നിര്‍മാതാക്കളായ ഹുവാവേ മുതല്‍ ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങള്‍, മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിനു മേല്‍ പുതിയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തല്‍ തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ ഈ വര്‍ഷം അമേരിക്കയും ചൈനയും തമ്മില്‍ ഉരസിയിരുന്നു.

അതിനിടെ, ഹ്യൂസ്റ്റണിലെ കോണ്‍സുലേറ്റ് കോമ്പൗണ്ടില്‍ ചൊവ്വാഴ്ച വൈകീട്ട് പുക കണ്ടതിനെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളെത്തി. കോണ്‍സുലേറ്റിലെ രഹസ്യ രേഖകള്‍ കത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോണ്‍സുലേറ്റ് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

ഹ്യൂസ്റ്റണിലെ ചൈനയുടെ കോണ്‍സുലേറ്റ് ജനറലിനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകപക്ഷീയമായി അടച്ചുപൂട്ടുന്നത് ചൈനയ്ക്കെതിരായ തെറ്റായ സമീപനമാണ്. ഈ തീരുമാനം ഉടന്‍ റദ്ദാക്കാന്‍ ഞങ്ങള്‍ യുഎസിനോട് അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ ചൈനയ്ക്കും ഉറച്ച ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് വാങ് വെന്‍ബിന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അംഗങ്ങളെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും സ്വാധീനിക്കാന്‍ ചൈന പല അവസരങ്ങളിലും ബിസിനസുകാരെ മുന്‍‌നിരയില്‍ നിര്‍ത്തി ഉപയോഗിക്കുന്നുണ്ടെന്ന് യു എസ് രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് ചൈനയുമായി ബന്ധപ്പെട്ട നിയമപാലനവും രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളും പരിചയമുള്ള ഉദ്യോഗസ്ഥന്‍ ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു. ഹ്യൂസ്റ്റണില്‍ ചൈനീസ് ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ചില കേസുകള്‍ പരസ്യമായിരുന്നു. അതുകൊണ്ടു തന്നെ ഹ്യൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഇനിയും വൈകിക്കൂടാ എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും പിന്‍വലിച്ച മധ്യ ചൈനീസ് നഗരമായ വുഹാനിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ചൈന ആലോചിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അമേരിക്കന്‍ സര്‍ക്കാര്‍ കുറച്ചുകാലമായി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെയും കോണ്‍സുലാര്‍ സ്റ്റാഫുകളെയും ഉപദ്രവിക്കുകയാണെന്നും, ചൈനീസ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്യുകയും അവരുടെ സ്വകാര്യ ഇലക്‌ട്രോണിക്/ഡിജിറ്റല്‍ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും അവരെ തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നുണ്ടെന്നും കോണ്‍സുലേറ്റ് പബ്ലിക് റിലേഷന്‍സ് വക്താവ് പറഞ്ഞു.

ചൈനയുടെ നയതന്ത്ര ദൗത്യങ്ങളില്‍ അമേരിക്ക ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ബാഗേജുകള്‍ തടസ്സപ്പെടുത്തുകയും ഔദ്യോഗിക ഉപയോഗത്തിനായി കൊണ്ടുവന്ന് ചൈനീസ് വസ്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ചൈനീസ് ആരോപണങ്ങളെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top