Flash News

കുൽഭൂഷണ്‍ ജാദവ് കേസ്: ഓര്‍ഡിനന്‍സിനെച്ചൊല്ലി പാക്കിസ്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്ക് ഔട്ട് നടത്തി

July 23, 2020 , ആന്‍സി

ഇന്ത്യന്‍ തടവുകാരനായ കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് പാക്കിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ നിന്ന് വാക്കൗട്ട് നടത്തി.

ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് റിവ്യൂ ആന്റ് റീകണ്‍സിഡറേഷന്‍ ഓര്‍ഡിനന്‍സ് 2020 എന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഹാജരാക്കിയതോടെ ദേശീയ അസംബ്ലിയില്‍ പ്രതിഷേധം ആരംഭിച്ചു. സൈനിക കോടതിയുടെ തീരുമാനം പുനഃപ്പരിശോധിക്കണമെന്ന നിവേദനം 60 ദിവസത്തിനുള്ളില്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാം.

ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി 50 കാരനായ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ജാദവിനെ 2017 ഏപ്രിലിലാണ് പാക്കിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ജാദവിന്‍റെ വിചാരണയേയും ശിക്ഷയെയും സംബന്ധിച്ച് പാക്കിസ്താന്‍ ഫലപ്രദമായ അവലോകനവും പുനര്‍വിചിന്തനവും നടത്തണമെന്നും, കാലതാമസമില്ലാതെ ഇന്ത്യന്‍ കോണ്‍സുലര്‍ക്ക് ജാദവിനെ കാണാനുള്ള അവസരം നല്‍കണമെന്നും ഹേഗ് ആസ്ഥാനമായുള്ള ഐസിജെ 2019 ജൂലൈയില്‍ വിധിച്ചു.

മെയ് 20 ന് പാക്കിസ്താന്‍ ഓര്‍ഡിനന്‍സ് നടപ്പാക്കി

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സര്‍ക്കാര്‍ ജാദവിനെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍എന്‍) നേതാവ് ഖ്വാജ ആസിഫ് വ്യാഴാഴ്ച നടന്ന ഓര്‍ഡിനന്‍സിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് പ്രതിപക്ഷത്തിന് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താന്റെ അഭിമാനത്തെ അടിയറവ് വെച്ച് ഇന്ന് ഇന്ത്യക്കാര്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നത് ആരാണെന്നും ആസിഫ് ചോദിച്ചു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ തടവുകാരനെ സഹായിക്കാനാണ് ഓര്‍ഡിനന്‍സ് ഏര്‍പ്പെടുത്തിയതെന്ന് പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍പേഴ്സണ്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ആരോപിച്ചു. കുല്‍ഭൂഷന്‍ ജാദവിനെ സ്വതന്ത്രനാക്കാനാണ് ഓര്‍ഡിനന്‍സിന് രഹസ്യമായി അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ബിലാവല്‍ ആരോപിച്ചു. പ്രസംഗത്തിനുശേഷം അദ്ദേഹം കോറത്തിന്‍റെ അഭാവം ചൂണ്ടിക്കാണിക്കുകയും മറ്റ് പാര്‍ട്ടികള്‍ക്കൊപ്പം വാക്കൗട്ട് നടത്തുകയും ചെയ്തു. പിന്നീട്, കോറം അപൂര്‍ണ്ണമാണെന്നും സെഷന്‍ മാറ്റിവച്ചതായും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ജാദവിന് നിയമ സഹായം ലഭിക്കുവാന്‍ ഒരു പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യവുമായി പാക് സര്‍ക്കാര്‍ ബുധനാഴ്ച പാക് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഓര്‍ഡിനന്‍സിന് കീഴില്‍ നിയമ-നീതിന്യായ മന്ത്രാലയം അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി ഇന്ത്യാ ഗവണ്മെന്റ് ഉള്‍പ്പടെയുള്ള പ്രധാന കക്ഷികളെ സമീപിച്ചിരുന്നു.

ജാദവിന്‍റെ വധശിക്ഷയ്ക്കെതിരായ നിയമപരമായ പരിഹാരങ്ങള്‍ നിഷേധിച്ചുകൊണ്ട് പാക്കിസ്താന്‍ വീണ്ടും ‘പരിഹാസ്യപരമായ’ സമീപനം തുറന്നുകാട്ടിയതായി വിദേശകാര്യ മന്ത്രാലയം (എം‌ഇ‌എ) വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യാഴാഴ്ച പറഞ്ഞു. ഇത് ഐസിജെ വിധിക്ക് വിരുദ്ധമാണ്.

കേസില്‍ ഇന്ത്യയ്ക്ക് ലഭ്യമായ ഫലപ്രദമായ പരിഹാരത്തിനുള്ള എല്ലാ വഴികളും പാക്കിസ്താന്‍ തടഞ്ഞതായി ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 തവണ ജാദവിന് കോണ്‍സുലര്‍ സഹായം ലഭ്യമാക്കാന്‍ ന്യൂഡല്‍ഹി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കുശേഷവും കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാതിരിക്കുക, കോണ്‍സുലര്‍ സേവനം തടസ്സപ്പെടുത്തുക മുതലായ നീക്കങ്ങള്‍ പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.
പാക്കിസ്ഥാന്‍ ഐസിജെയുടെ വിധി ലംഘിക്കുക മാത്രമല്ല, സ്വന്തം ഓര്‍ഡിനന്‍സും ലംഘിക്കുകയാണെന്ന് എംഇഎ വക്താവ് പറഞ്ഞു.

ഐസിജെയുടെ നിര്‍ദ്ദേശപ്രകാരം പ്രതിവിധി നല്‍കുന്നതില്‍ പാകിസ്ഥാന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും, കൂടുതല്‍ പരിഹാരങ്ങള്‍ നേടാനുള്ള അവകാശം ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് നിക്ഷിപ്തമാണെും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

ഐസിജെയുടെ വിധി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പാക് വിദേശകാര്യ വക്താവ് ഐഷ ഫാറൂഖി അവകാശപ്പെട്ടു. ‘അതനുസരിച്ച്, ഐസിജെയുടെ നിര്‍ദ്ദേശം പാലിക്കുന്നതിനായി, ജാദവിന് വേണ്ടി ഒരു അഭിഭാഷകനെ നിയമിക്കണമെന്ന് ഫെഡറേഷന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്,’ ഐഷ ഫാറൂഖി പറഞ്ഞു.

കഴിഞ്ഞയാഴ്ച പാക്കിസ്താന്‍ ജാദവിന് രണ്ടാമത്തെ കോണ്‍സുലര്‍ പ്രവേശനം നല്‍കിയിരുന്നുവെങ്കിലും പ്രവേശനം അര്‍ത്ഥവത്തായതോ വിശ്വാസയോഗ്യമോ അല്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top