സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് എം. ശിവശങ്കറിനെ തിരുവനന്തപുരത്തെ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പിന്നീട് ഐടി സെക്രട്ടറിയായും മാറിയ ശിവശങ്കറിനെ നോട്ടീസ് നല്‍കിയാണ് വ്യാഴാഴ്ച എന്‍ഐഎ വിളിച്ചുവരുത്തിയത്. പേരൂര്‍ക്കടയിലുള്ള പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്തത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലൂടെ നയതന്ത്ര ചാനലുകള്‍ വഴി രാജ്യത്തേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തിയതായി സംശയിക്കുന്ന കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാനാണ് വിശദമായ ചോദ്യാവലി എന്‍ഐഎ തയ്യാറാക്കിയിട്ടുള്ളത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമപ്രകാരം നാല് പ്രതികളായ സരിത്ത് നായര്‍, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, ഫാസില്‍ ഫരീദ് എന്നിവര്‍ക്കെതിരെ എന്‍ഐഎ കേസെടുത്തിട്ടുണ്ട്.
ശിവശങ്കറിന് പ്രതികളെ അറിയാമോ, ലിങ്കുകള്‍ എന്തായിരുന്നു, അവ എങ്ങനെ സ്ഥാപിച്ചു, ചില പ്രതികളുമായി അദ്ദേഹം നടത്തിയ സംശയാസ്പദമായ കൂടിക്കാഴ്ചകള്‍, മീറ്റിംഗുകളുടെ എണ്ണം, അന്താരാഷ്ട്ര ലിങ്കുകള്‍ ഉണ്ടെങ്കില്‍ അവ, സാമ്പത്തിക അല്ലെങ്കില്‍ സ്വത്ത് ഇടപാടുകള്‍ ഉണ്ടെങ്കില്‍ എന്തൊക്കെ, സ്വര്‍ണം കടത്തിയെന്ന് എന്‍ഐഎ വിശ്വസിക്കുന്ന ഓഫ്ഷോര്‍ ലൊക്കേഷനുകളെക്കുറിച്ച് അറിയാമായിരുന്നോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് എന്‍ ഐ എ ചോദിച്ചതെന്നാണറിവ്.
ചോദ്യം ചെയ്യല്‍ അടുത്ത 2-3 ദിവസം തുടരാനാണ് സാധ്യത. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് വകുപ്പ് കഴിഞ്ഞയാഴ്ച ശിവശങ്കറിനെ ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗു വഴി വന്ന 30 കിലോഗ്രാം ഭാരവും 15 കോടി രൂപയും വിലമതിക്കുന്ന സ്വര്‍ണം ജൂലൈ 5 നാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.
വെള്ളിയാഴ്ച സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ അടക്കമുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കാനിനിരിക്കെ, സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്തത് ഏറെ നിർണ്ണായകമാണ്. ശിവശങ്കറിനല്ല വിദേശ ബന്ധങ്ങൾ, പ്രതികളോടൊപ്പം നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെദർ ഫ്ലാറ്റ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് എൻഐഎ മുഖ്യമായും ചോദിച്ചറിഞ്ഞത്. ശിവശങ്കറിനെതിരെ ഒന്നാം പ്രതി സരിത് മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നതാണ്.
അതേസമയം, സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ കത്ത് നൽകിയിരുന്നു. സെക്രട്ടേറിയറ്റിന്റെ ഹൗസ് കീപ്പിങ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി പി.ഹണിയിൽനിന്നും എൻഐഎ വിവരങ്ങൾ ആരാഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചെന്നാണ് നേരത്തെ സർക്കാർ കസ്റ്റംസിന് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നത്. എന്നാൽ സെക്രട്ടറിയേറ്റിലെ ഒരു വർഷത്തോളമുള്ള സിസി ടിവി ദൃശ്യങ്ങൾ സംഭരിച്ചു വയ്ക്കാനാകുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നതാണ്.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്, സ്വപ്ന, സന്ദീപ് എന്നിവരെ എൻഐഎ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നതിന് പിറകെ, എൻഐഎ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply